Sunday, November 2, 2014

വൈകിയ അരിവാള്‍ - The Late Arrival





ഉല്ലാസത്തിനായി മാത്രം ഒരു ഫാമിലി  ഒരു വര്ഷം കളയുന്ന പൈസ എത്രയാണെന്ന് വല്ല നിശ്ചയം ഉണ്ടോ ? നാല്‍പതിനായിരം ഡോളര്‍ അതായത്  25  ലക്ഷം രൂപ .. വിഡ്ഢികള്‍ .. പ്രത്യേകിച്ച് യാതൊരു പൈസ ചെലവും ഇല്ലാതെ മണിക്കൂര്‍ കണക്കിന് സമയം പോവാന്‍ എത്ര വഴികള്‍ ആണ്  ഈ ലോകത്ത് ഉള്ളത് ?.. അതില്‍ ഞാന്‍ ഗഹനമായി ചിന്തിച്ച് സ്വന്തമായി  കണ്ടെത്തിയ ഒരു വഴിയാണ് ഇപ്പൊ പറയുന്നത്

 അടുത്തുള്ള  എയര്‍പോര്‍ട്ടില്‍ പോയി ഇന്റര്‍നാഷണല്‍ അറൈവല്‍ സ്ഥലത്ത് പോയി ഒരു കാപ്പിയും കുടിച്ച് .. വരുന്നവരെ നോക്കി ഇങ്ങനെ ഇരിക്കുക ..


പുറം രാജ്യത്ത് നിന്ന്   വരുന്ന പെണ്ണുങ്ങളുടെ കണ്ണുകള്‍ ....വല്ലാത്ത ഒരു ആകര്‍ഷണീയത ആണ് അതിന് ..

ബാഗ്ഗേജ് എടുത്ത്  പുറത്ത് ഇറങ്ങി വരുമ്പോള്‍  നടന്നു കൊണ്ട് അവര്‍ തിരയുകയയിരിക്കും   .. അതിപ്പോള്‍ കാമുകന്‍ ആവാം .. അച്ഛന്‍ ആവാം .. .. സുഹൃത്ത് ആവാം .. ബന്ധു ആവാം .. ഓരോന്നും വേറെ വേറെ കണ്ണുകള്‍ ആണ്

ഓണ്‍ ദി അദര്‍ ഹാന്‍ഡ്‌

പുറം രാജ്യത്ത് നിന്ന് വരുന്ന ആണുങ്ങളെ  വരവേല്‍ക്കാന്‍  നില്‍ക്കുന്ന പെണ്ണുങ്ങള്‍ക്ക് ഒരു വാത്സല്യ ഭാവമുള്ള കണ്ണ്  ആണ് .. അതും വാതിലില്‍ തന്നെ നോക്കി  തിരഞ്ഞു കൊണ്ടങ്ങനെ നില്‍ക്കും ... ഈ തിരച്ചിലിനിടയില്‍ അവര്‍ പ്രതീക്ഷിക്കുന്ന ആള്‍ വന്നാല്‍ മുഖത്ത് വിടരുന്ന  പ്രകാശം ..പൂരത്തിന്  അമിട്ട് കാണുന്നത് പോലെ ഭംഗി ഉള്ളതാണ്.

അത് മാത്രമല്ല യുദ്ധത്തിനു പോയി വരുന്ന പട്ടാളക്കാരുടെ വിമാനം വന്നാല്‍ പിന്നെ അവിടെ മാമാങ്കം ആണ് . അവര്‍ ഭാര്യ ഭര്‍ത്താക്കന്മാരുടെ സ്നേഹപ്രകടനങ്ങള്‍  നോക്കി നിന്നാല്‍ ആരുടേയും കണ്ണ് നനയും ..

ഇത്രയും സാങ്കേതികമായ വശം ഇതിനുണ്ട് എന്നറിയാത്ത എന്റെ ഭാര്യയുടെ അഭിപ്രായത്തില്‍ ഈ പ്രവൃത്തി വെറും  " വായിന്നോട്ടം " ആണത്രേ .. പെണ്‍ബുദ്ധി .. ഹെയർ പിൻ ബുദ്ധി

വല്ലപ്പോഴും മാത്രം ഒത്തു വരുന്ന ഈ വിനോദത്തിനു അടുത്ത കാലത്ത് ചാന്‍സ് കിട്ടിയത് എന്റെ സ്വന്തം അമ്മായിഅമ്മ കേരളത്തില്‍ നിന്ന് വിസ്റിംഗ് വിസയില്‍ ഒബാമയുമായുള്ള കൂടികാഴ്ച്ച ക്ക്  വന്നപ്പോള്‍ ആണ് ..

ആ ദിവസം ഉച്ചക്ക് തന്നെ  കൃത്യമായി എയര്‍ കണ്ടീഷന്‍ നന്നാക്കാന്‍ ആളെ വിളിച്ചതിനാല്‍  അമ്മയെ എയര്‍ പോര്‍ട്ടില്‍ കൂട്ടാന്‍ ആരൊക്കെ പോകണം എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായില്ല ..

ഈ കൊടും തണുപ്പത്ത്  നിനക്ക് വീട്ടില്‍ ചൂട് വേണോ ,, അമ്മയെ കൂട്ടാന്‍ വരണോ .. ഞാന്‍ ഭാര്യയോടു തിരക്കി ..

 ഉത്തരം പകല്‍ പോലെ എനിക്ക് സ്പഷ്ടമായിരുന്നു  . (കട :  രാധതന്‍ പ്രേമത്തോടാണോ )

അമ്മ ഇങ്ങോട്ട് തന്നെ അല്ലെ വരുന്നത് .. ഇനിയിപ്പോ കൊച്ചുങ്ങളെയും കൂട്ടി ഈ തണുപ്പത്ത് ഒരു മണിക്കൂര്‍ ... നിങ്ങള്‍ തന്നെ പോയി കൂട്ടിക്കൊണ്ടു വന്നാല്‍ മതി ..

സങ്കടത്തോടെ ആണെങ്കിലും ഞാന്‍ എന്റെ ഭാര്യയെയും കുട്ടികളെയും കുറച്ച് നേരത്തേക്ക്  തനിച്ചാക്കി  എയര്‍ പോര്‍ട്ടിലേക്ക് യാത്രയായി

അവിടെ എത്തിയ ഉടനെ കാര്‍ പാര്‍ക്ക് ചെയ്ത് . അറൈവല്‍ ടെര്‍മിനലി നു അടുത്തുള്ള സ്റാര്‍ ബക്സില്‍ നിന്ന് ഒരു കാപ്പിയും മേടിച്ച് വാതിലില്‍ നോക്കി ഇരിപ്പുറപ്പിച്ചു ..

പ്ലൈൻ ലാൻഡ് ചെയ്തിട്ടേ ഉള്ളൂ ഇനിയും എത്ര സമയം കിടക്കുന്നു.. ..ഞാൻ ചുറ്റും ഒന്ന് നോക്കി

എന്റെ അടുത്ത് ഒരു ഫാമിലി .. ഒരു കഷണ്ടി കയറി തുടങ്ങിയ ഒരു തെന്നിന്ത്യക്കാരന്‍ .. അയാളുടെ ഭാര്യ .. ഒരു പത്ത് വയസ്സ് തോന്നിക്കുന്ന കണ്ണട വച്ച ഒരു  മകന്‍

മകൻ ഒരു ഐപാഡിൽ ഏതോ അന്യ ഗ്രഹ ജീവികളുടെ ഭൂമി ആക്രമണത്തെ ചെറുക്കുകയാണ്

 ഞാന്‍ സാധാരണ ഒരാളെ കണ്ടാല്‍ തന്നെ അയാൾ പേര് പറഞ്ഞില്ലെങ്കിലും  എന്റെ വക ഒരു പേര് അയാള്‍ക്ക് ഇടും..  .. ഇവിടെ  ഞാൻ അയാൾക്ക്  ഇട്ട പേര് മധു റെഡ്ഡി എന്നാണ്

മധു  ഒരു ആന്ധ്രാക്കാരന്‍ ആയിരിക്കണം

എന്നാൽ പിന്നെ അത് സ്ഥിതീകരിച്ചിട്ട് തന്നെ ബാക്കി കാര്യം ..വേറെ പണി ഒന്നും ഇല്ല  സമയം പോവെണ്ടേ ..

അയാൾ  ഭാര്യയോടു എന്തോ പറഞ്ഞപ്പോൾ ഞാൻ കാതോർത്തു

 ഒരു പത്ത് വട്ടം  " ണ്ടി " എന്ന അക്ഷരം ഞാൻ എണ്ണി .. അതെ ആന്ധ്ര തന്നെ .. ഞാൻ ഉറപ്പിച്ചു

ഇനി തിലങ്കാന ആണോ സീമാന്ധ്ര ആണോ എന്ന ഡൌട്ട് മാത്രമേ ഉള്ളൂ .

മീശ ഇല്ലാത്തത് കൊണ്ട് ഏതെങ്കിലും ഒരു കോണ്ട്രാക്ടർ ആയിരിക്കണം  .. ഗ്രീൻ കാർഡ്‌ പ്രോസിസ്സിംഗ് നടന്നു കൊണ്ടിരിക്കുന്നതെ ഉള്ളൂ .. ഒന്നും അങ്ങോട്ട്‌ സെറ്റിൽ ആയിട്ടില്ലാത്ത ഫാമിലി ആണ് ..  ഞാൻ ഉള്ളിൽ ചിന്തിച്ചു

മധു ഒരു ഫോണും പിടിച്ച്  എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് .. ചിലരെ ഫോണിൽ വിളിക്കുന്നുണ്ട്

മധുവിന്റെ ഭാര്യ .. ചുരിദാർ ആണ് വേഷം .. അമ്പലത്തിൽ നിന്ന് വന്നത് പോലെ പൊട്ട് ഒക്കെ വച്ചിരിക്കുന്നു  പക്ഷെ മധുവിനുള്ള ആകാംഷ .. ഭാര്യക്ക് കാണാനില്ല അവർ ഒരു സ്ഥലത്ത് ഒതുങ്ങി ഇരിക്കുകയാണ്

മധുവിന്റെ അച്ഛനോ അമ്മയോ .. രണ്ടുമോ ആണ് വരുന്നത് .. അതാണ്‌ മധുവിന്റെ ടെൻഷൻ .. ഭാര്യയുടെ  താൽപര്യക്കുറവ് .. ഇന്ത്യൻ രീതിയിലുള്ള ഒരുക്കം ഇവ സൂചിപ്പിക്കുന്നത്.ഞാൻ ചിന്തിച്ചു

മധുവിനെ കൊണ്ട് അധികം ടെൻഷൻ അടിപ്പിക്കാതെ വാതിലിൽ അച്ചനും അമ്മയും വീൽ ചെയറിൽ പ്രത്യക്ഷരായി ..പിടഞ്ഞ് എഴുന്നേറ്റ് മധുവും ഭാര്യയും പോയി അവരെ സ്വീകരിച്ചു .. എല്ലാവർക്കും സന്തോഷം ..

അവരുടെ മകൻ അപ്പോഴും എന്റെ അടുത്തു തന്നെ ഇരുന്ന് കളിച്ച് കൊണ്ടിരിക്കുകയാണ്  ..

മധു അമ്മയോട് എന്തോ ചോദിച്ചു

മധുവിന്റെ അമ്മയ്ക്ക് വല്ലാത്ത ദുഃഖം .. അവർ സംസാരിക്കുന്നതിന്റെ കൂടെ  ചിലതൊക്കെ "എടുത്ത് എറിയുന്ന"  ആക്ഷൻ കാണിച്ചപ്പോൾ എനിക്ക് കാര്യം മനസ്സിലായി

പുള്ളിക്കാരി മാസങ്ങളായി മകന്  വേണ്ടി  പ്രത്യേകം പറഞ്ഞു ചെയ്തതും ചെയ്യിപ്പിച്ചതും  പല സ്ഥലങ്ങളിൽ ഒളിപ്പിച്ചതും ആയ .അച്ചാർ .. ഗൊംഗുര ..കറിവേപ്പില .. തുളസി ചെടി എന്ന് വേണ്ട . ഒട്ടുമിക്ക ആഹാരങ്ങളും നിഷ്കരുണം കസ്റ്റംസ് നശിപ്പിച്ചിരിക്കുന്നു

പാവം..  അവരുടെ കണ്ണു നിറഞ്ഞു എന്ന് തോന്നി  .. കസ്റ്റംസ് കളഞ്ഞത് വെറും ഭക്ഷ്യ വസ്തുക്കൾ മാത്രമല്ലല്ലോ .. അവരുടെ സ്നേഹം തന്നെ ആയിരുന്നില്ലേ ..

ഇന്ത്യാക്കാർ മാത്രമാണ്  അച്ഛനും അമ്മയും അമേരിക്കയിൽ വരുമ്പോൾ  "യാത്ര എങ്ങനെ ഇരുന്നു"  എന്ന് പോലും ചോദിക്കുന്നതിനു മുന്പായി " എല്ലാം കിട്ടിയോ "  ചോദിക്കുന്നത് എന്ന് തോന്നുന്നു

അമ്മയെയും അച്ഛനെയും വീൽ ചെയറിൽ ഉന്തി കൊണ്ട് വന്ന രണ്ടു പേർ ഇതെല്ലാം കണ്ടു കൊണ്ട് നിൽക്കുന്നുണ്ട് ..

മധു ഉടനെ തന്നെ അവർക്ക് എത്രയോ ഡോളർ ടിപ്പ് ആയി  കൊടുക്കുന്നത് കണ്ടു

ഇത് കണ്ടപ്പോൾ ആണ് അത് വരെ ഈ നടക്കുന്ന സീൻ എല്ലാം ഒരു സിനിമ എന്ന പോലെ കണ്ടു കൊണ്ടിരുന്ന ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്

ഞാൻ ഉടനെ പേഴ്സ് എടുക്കാനായി ആസനം പരതി  ... കൃത്യമായി ഞാൻ വരുന്ന തിരക്കിൽ പേഴ്സ് മറന്നു

അയ്യോ ..ഇനി അമ്മായി അമ്മയും ഇപ്പോൾ ഇങ്ങു വരും .. അവരെ ഉന്തുന്നവർക്കും ഞാൻ ഇത് പോലെ പൈസ കൊടുക്കേണ്ടേ ..

ഇത്രയും ഉത്തര വാദിത്വം ഇല്ലാത്തവനാണ്   എന്റെ മോളെ ഞാൻ കെട്ടിച്ച്  കൊടുത്തത് എന്ന് വിചാരിച്ചാൽ....

സ്ഥിരമായി പേഴ്സ് മറക്കുന്നത് കൊണ്ട് സെൽ ഫോണ്‍ കവറിനു ഉള്ളിൽ ഒരു കാർഡ്‌ സൂക്ഷിക്കാറുണ്ട് .. ഭാഗ്യത്തിന് ഞാൻ സെൽ ഫോണ്‍ എടുക്കാൻ മറന്നില്ല

ചില സമയങ്ങളിൽ ലോകം പഴഞ്ചൻ ആണ് .. ഉദാഹരണത്തിന് ..

 എനിക്ക്  വഴിയിൽ കണ്ട ഒരാൾക്ക് കുറച്ച്  കാശ് കൊടുക്കണം

എങ്കിൽ ഇപ്പോഴും പതിനാറാം നൂറ്റാണ്ടിലെ " നോട്ടിനെ " ആശ്രയിക്കണം

കഴിഞ്ഞ ദിവസം കുളിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു ഐഡിയ തോന്നിയിരുന്നു .. ഞാൻ ഒരാൾക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്ത് അഞ്ചു ഡോളർ എന്ന് പറഞ്ഞാൽ .. എന്റെ ശബ്ദം മനസ്സിലാക്കി മോതിരം വഴി അവന്റെ ബാങ്കിൽ 5 ഡോളർ എത്തണം .. ഇതാണ് പുതിയ ടെക്നോളജി .. ഇത് എന്നെ കോടീശ്വരൻ ആക്കും എന്ന് എനിക്ക് ഉറപ്പാണ് .. പക്ഷെ ഞാൻ ഇത് ചെയ്തു പിടിച്ചു വരുമ്പോഴേക്കും ഇത് അപ്പിൾ അല്ലെങ്കിൽ ഗൂഗിൾ  ഇറക്കും .. അതല്ലേ പ്രശ്നം

നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിയില്ല ..അത്ഭുതം എന്ന് പറയട്ടെ  ഐ ഫോണിന്റെ കാര്യത്തിലും.. യൂ റ്റ്യുബിന്റെ കാര്യത്തിലും  ഇത് തന്നെ സംഭവിച്ചിരുന്നു ..

ദിവാ സ്വപ്നത്തിൽ മുഴുകിയിട്ട് കാര്യം ഇല്ല .. ഇപ്പൊ എനിക്ക് കുറച്ച്  ഡോളർ കിട്ടിയേ പറ്റൂ

നോക്കുമ്പോൾ അടുത്തു തന്നെ ഒരു എ ടി എം ഉണ്ട് .. ബാങ്ക് ഏതെന്ന് നോക്കിയപ്പോൾ  " ക്യാപ്പിറ്റൽ വണ്‍ " എൻറെ കയ്യിൽ ഉള്ള കാർഡ് ആണെകിൽ "ബാങ്ക് ഓഫ് അമേരിക്ക "

മിക്കവാറും വേറെ വേറെ ബാങ്ക് ആണെകിൽ പണം എടുക്കുന്നതിന് ഒരു ഫീസ്‌ ഉണ്ടാകും

എന്തായാലും നോക്കാം പോയി കാർഡ് ഇട്ടു ..20 ഡോളർ ആണ് മിനിമം ,, സ്ഥിരം പല്ലവികൾ എല്ലാം കഴിഞ്ഞു വന്നപ്പോൾ ദേ വരുന്നു ഒരു പാരഗ്രാഫ്

ചുരുക്കി പറഞ്ഞാൽ ഇപ്പോൾ പണം എടുക്കണമെങ്കിൽ  5 ഡോളർ ഫീസ്‌ ഞാൻ അങ്ങോട്ട്‌ കൊടുക്കണം


കാര്യം അമേരിക്കയിൽ വന്നിട്ട് കുറെ വർഷങ്ങൾ ആയെങ്കിലും ചില കാര്യങ്ങൾക്ക് ഞാൻ ഇപ്പോഴും ഡോളർ രൂപ ആക്കി നോക്കാറുണ്ട്

..പ്രത്യേകിച്ചും കാശ് വെറുതെ ഫീസ്‌ ഇനത്തിൽ കയ്യിൽ നിന്ന് പോകുമ്പോൾ ..

അഞ്ചു ഡോളർ .. ഇപ്പോളത്തെ കണക്കിന് 300 രൂപ ..നാട്ടിൽ  പത്ത് ലിറ്റർ പാലിന്റെ പൈസ

വെറുതെ കൊടുക്കുക എന്ന് വച്ചാൽ .. ഞാൻ ഒന്ന് ഇരുത്തി ചിന്തിച്ചു

പ്രോത്സാഹനം എന്ന് വച്ചാൽ എൻറെ മനസ്സിന്റെ പ്രോത്സാഹനം ആണ് എന്റെ അമ്മയൊന്നും അതിന്റെ ഏഴയലത്ത് വരില്ല

ഒന്നിലും എളുപ്പ വഴി നോക്കരുത് .. അവസാനം വരെ പൊരുതാതെ ഒന്നിലും കീഴടങ്ങരുത് എന്നെന്തെക്കെയോ മനസ്സ് വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു  .. ഞാൻ അത്ര ശ്രദ്ധിക്കാൻ പോയില്ലെങ്കിലും


ശല്യം സഹിക്ക വയ്യ എന്നായപ്പോൾ ഞാൻ അവിടെ തന്നെ ബാങ്ക് ഓഫ് അമേരിക്കയുടെ  ഒരു എ ടി എം തിരയാം എന്ന് തീർമാനിച്ചു

മനസ്സിന് അവിടെ ഇരുന്നു പറഞ്ഞാൽ മതി .. ഈ തിരയുക എന്നത് നല്ല ക്ഷമ വേണ്ട കാര്യമാണ് ..  . ഇനി ഇപ്പൊ മാപ്പ് വായിച്ച് പഠിക്കാൻ ഒന്നും വയ്യ .. ആരോടെങ്കിലും ചോദിക്കാം ..പെട്ടിക്കടകൾ ഉള്ളിടത്തോളം മലയാളിക്ക് എന്തിനു ജി പി എസ് .

ചോദിച്ചാൽ പറയും എന്ന് എനിക്ക് തോന്നിയ അഞ്ചാറ് പേരെ തിരഞ്ഞു അതിൽ നിന്ന് ഒരാളെ ഷോര്ട്ട് ലിസ്റ്റ് ചെയ്തു

അത് അവിടെ നിലം   തുടച്ച് കൊണ്ടിരുന്ന കണ്ണിന്റെ സ്ഥാനത്ത് രണ്ടു വരകൾ മാത്രം ഉള്ള ഒരു ചൈനീസ് ചേച്ചി ആയിരുന്നു

ഇവിടെ ബാങ്ക് ഓഫ് അമേരിക്ക യുടെ എ ടി എം ഉണ്ടോ .. എന്ന് ഞാൻ ചൈനീസിൽ  ചൊദിച്ചു   ( നിങ്ങള്ക്ക് മനസ്സിലാവാനായി ഞാൻ ഇവിടെ മലയാളത്തിൽ എഴുതുന്നതാ .. )

ചേച്ചി കൈ ചുണ്ടിൽ തട്ടി  കുറച്ച് നേരം ആലോചിച്ചു

ഞാൻ അവരുടെ മൈഡ് ഇൻ ചൈന  വായിൽ നിന്നും സ്വരങ്ങൾ  പൊഴിയാൻ ആയി കാത്തിരുന്നു .. സമയം പോകുന്നു  ചേച്ചിയാണെങ്കിൽ അവാർഡ് സിനിമ പോലെ ആലോചിക്കുന്നു

ചേച്ചി തലയൊക്കെ ആട്ടി പറഞ്ഞു  ടെർമിനൽ 26 ൽ ഒരു എ ടി എം ഉണ്ട് .. ബാങ്ക് .. ബാങ്ക്

അല്ല അത് ബാങ്ക് ഓഫ് അമേരിക്ക ആണോ ..

ചേച്ചിയോട് ഒന്ന് കൂടി കണ്‍ഫേം ചെയ്തു

യാ അമേരിക്ക .. അമേരിക്ക ..

എന്തിനീ അമ്മയുടെ പ്രായമുള്ള സ്ത്രീ എന്നെ പറ്റിക്കണം ?

ഞാൻ ഇപ്പോൾ നില്ക്കുന്നത് ഏത് ടെർമിനൽ ആണ് എന്നറിയാൻ ഒന്ന് ചുറ്റും നോക്കി .. ഇപ്പോൾ ഉള്ളത് ടെർമിനൽ 6 ൽ ആണ്

എവിടെയാപ്പാ ഈ ടെർമിനൽ 26 .. ഞാൻ ചേച്ചിയോട് തന്നെ തിരക്കി

ഹിസ്‌ ഹൈ നസ് അബ്ദുള്ള യിൽ ഗൌതമി മോഹൻലാലിനോട് വഴി പറയുന്നത് പോലെ ചേച്ചി വിസ്തരിച്ച് പറഞ്ഞു .. പകുതിയേ മനസ്സിലായുള്ളൂ


ചുരുക്കി പറഞ്ഞാൽ രണ്ടാം നിലയിൽ ആണ് .. ഇപ്പൊ അത് മാത്രം മതി .. ഇനി അവിടെ പോയി വേറെ ആരോടെങ്കിലും ചോദിക്കാം


അപ്പോൾ ഒരേ ഒരു ലക്‌ഷ്യം രണ്ടാം നിലയിൽ ഉള്ള ബാങ്ക് ഓഫ് അമേരിക്ക എ ടി എം

കാടും മേടും താണ്ടി .. കരിമല കയറി .. ഓരോ ടെർമിനൽ ആയി എണ്ണി അവസാനം ഞാൻ  26 ആം ടെർമിനലിൽ  സന്നിധാനത്ത് എത്തി ചേർന്നു

വഴി പറഞ്ഞു തന്ന ചേച്ചിയുടെ ആത്മവിശ്വാസം അനുസരിച്ച് അവിടെ തന്നെ ഒരു എ ടി എം മെഷീൻ എന്നെ  പ്രതീക്ഷിച്ച് നിൽക്കേണ്ടതാണ്

പക്ഷെ എത്ര പരതിയിട്ടും ബാങ്ക് ഓഫ് അമേരിക്കയുടെ ചുവപ്പ് നിറം  മാത്രം കാണുന്നില്ല ..

നോക്കുമ്പോൾ അതാ അവിടെ ഒരു എ ടി എം .. അതും കാപിറ്റൽ വണ്‍ .. കറങ്ങി തിരിഞ്ഞ് ഞാൻ പഴയ സ്ഥലത്ത് തന്നെ വന്നോ എന്ന സംശയം വരെ എനിക്ക് തോന്നി

പക്ഷെ ഇത് ടെർമിനൽ 26 തന്നെ ..

എന്റെ ക്ഷമ നശിച്ചു ..ഞാൻ പഴയ പടി അപ്പൊ മുന്നിൽ കണ്ട സായിപ്പിനോട്‌ ഒരു മടിയും കൂടാതെ  ഇവിടെ ബാങ്ക് ഓഫ് അമേരിക്കയുടെ എ ടി എം ഉണ്ടോ എന്ന് തിരക്കി .. സായിപ്പ് എന്റെ അളിയൻ ഒന്നും അല്ലല്ലോ ..

സായിപ്പ് ഒരു ചിരിയോടെ തലങ്ങും വിലങ്ങും നോക്കുന്നു ..

പിന്നീടുള്ള സംസാരത്തിൽ എനിക്ക് ചില കാര്യങ്ങൾ വ്യക്തമായി

സായിപ്പ് ഇപ്പോൾ ഫ്രാൻ‌സിൽ നിന്ന് വന്നു ഇറങ്ങിയിട്ടെ ഉള്ളു .. പുള്ളിക്ക് ബാങ്ക് പോയിട്ട് ഇംഗ്ലീഷ് പോലും ശരിക്ക് അറിയില്ല

തിരഞ്ഞു പോകാൻ തുടങ്ങിയ  എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഫ്രാൻസ് കാരാൻ ഒരു സ്ഥലത്തേക്ക് വിരൽ ചൂണ്ടി

നോക്കുമ്പോൾ അവിടെ " എയർപോർട്ട് ഇൻഫർമേഷൻ " എന്ന ബോർഡ്‌ .. ഒരു അപ്പൂപ്പൻ വെറുതെ ചുമരും നോക്കി ഇരിക്കുന്നു..

ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ നോക്കിയാൽ ഒരു കാലത്തും കാണാറില്ല .. ഇനി ഒട്ടു കാണുകയും ഇല്ല .

സായിപ്പിനോട്‌ താങ്ക്സ് പറഞ്ഞു ..  ഉടനെ പോയി അപ്പൂപ്പനോടു വിശദമായി തന്നെ തിരക്കി ..

അല്ലാ ഇവിടെ ഇങ്ങനെ ഒരു ബാങ്ക് ഉണ്ടോ ..

അപ്പൂപ്പൻ ഒരു പുസ്തകം ഒക്കെ എടുത്ത് നോക്കി പറഞ്ഞപ്പോൾ ആണ് ഇത്ര നേരം ഡൌട്ട് ഉണ്ടായിരുന്ന ഒരു കാര്യം സത്യമാണ് എന്ന് മനസ്സിലായത്

ആ എയർപോർട്ടിൽ ബാങ്ക് ഓഫ് അമേരിക്ക എ ടി എം ഇല്ല . അത് മുഴുവനായി കാപിറ്റൽ വണ്‍ കോണ്ട്രാക്റ്റ് എടുത്തിരിക്കുകയാണ് ..

കഥാപ്രസംഗത്തിലെന്ന പോലെ .ഈ ഡയലോഗ് ഒരു സിമ്പലോട് കൂടെ ആണ് ഞാൻ കേട്ടത്

എൻറെ പോന്നു ചൈനാ ചേച്ചി .. കുറച്ച് കഷ്ടമായി പോയി .. ഇന്ത്യക്ക് ലഡാക്കിൽ പണി തരുന്നത് പോരെ .. ഈ അന്യ നാട്ടിൽ എന്നോട് ഇത് വേണമായിരുന്നോ

എന്തായാലും ഇനി സമയം ഇല്ല  ഇവിടുത്തെ കാപിട്ടൽ വണ്‍ എ ടി എം ൽ നിന്ന് തന്നെ  പണം എടുക്കാം

നോക്കുമ്പോൾ അത് വരെ ഇല്ലാതിരുന്ന ഒരു നീണ്ട വരി .. എ ടി എമ്മിന് മുൻപിൽ

അതെപ്പോഴും അങ്ങനെ ആണ് .. ഞാൻ എവിടെ  ഒരു കാര്യത്തിന് പോകുന്നോ അവിടെ ഒക്കെ മുടിഞ്ഞ വരികൾ .. ഞാൻ നിന്ന് കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യൻ പോലും എന്റെ പിന്നിൽ വരുകയും ഇല്ല

എന്റെ മുന്നില് മൂന്ന് പേർ..എന്റെ തൊട്ടു മുന്നിൽ ഒരു തൊപ്പി ഒക്കെ വച്ച ഒരു  പാകിസ്ഥാനി കാക്ക  ആണ്

ആദ്യത്തെ രണ്ടു പേർ വേഗം തന്നെ പണം എടുത്ത് പോയി

മൂന്നാമത്തെ പാകിസ്ഥാനി കുറെ പണം എടുക്കുന്നുണ്ട് ..

എന്നാലും അവൻ എത്ര എടുത്തു എന്നറിയാൻ ഞാൻ ഒന്ന് എത്തി നോക്കി

അവന് എവിടുന്നാ ഈശ്വരാ ഇത്രയും പൈസ ?

മെഷീൻ  കഴിഞ്ഞ അഞ്ചു മിനിട്ട് ആയി നിരത്താതെ  കൌണ്ട് ചെയ്ത് കൊണ്ടിരിക്കുകയാണ് ..

ഈശ്വരാ .. ഇതെന്ത് പണം എടുപ്പാണ് .. പൈസ മുഴുവനും  പാകിസ്ഥാനി  കാക്ക എടുത്തിട്ടു പോകുമോ ?

കുറച്ച് കഴിഞ്ഞപ്പോൾ കാക്കയുടെ  കയ്യിലേക്ക് ഒരു കെട്ട് നോട്ടു വന്നു ...

പണം എടുത്ത് .. കാർഡ്‌ എടുത്ത് കാക്ക പോകും എന്ന് കരുതിയ എനിക്ക് തെറ്റി .. അവിടെ ഇരുന്ന് പുള്ളി പണം എണ്ണുകയാണ് ..

" ഡാ മഹാപാപി .. എന്റെ അമ്മായിഅമ്മ ഇപ്പൊ വരും .. ഇത് നെടുങ്ങാടി ബാങ്ക് അല്ല .. എ ടി എമ്മിന് മുൻപിൽ ഇത് പോലെ  എണ്ണാൻ .. ഞാൻ മനസ്സിൽ വിചാരിച്ചു

അവൻ എണ്ണുന്നതിനു കൂടെ ഞാനും എണ്ണി ..

 എണ്ണുന്നതിനിടയിൽ സംശയത്തോടെ കാക്ക എന്നെ ഒന്ന് നോക്കി .. ഞാൻ എണ്ണുന്നത് പുള്ളി  കണ്ടു


ഇരുപതിൻറെ അമ്പതു നോട്ട് ഉണ്ട് .. ആയിരം ഡോളർ .. എവിടെ കൊണ്ട് പോകുകയാണോ എന്തോ

പാകിസ്ഥാനി തൊപ്പി ഒക്കെ ശരിയാക്കി  ഡോളറുമായി എൻറെ അരികിൽ കൂടെ പോയി ..

ഞാൻ അവൻ  കേൾക്കാൻ വേണ്ടി  എന്നോട് തന്നെ ഉറക്കെ പറഞ്ഞു ..

ഫോർട്ടി ഐറ്റ്‌ .. ഫോർട്ടി ഐറ്റ്‌ ..

പുള്ളി  അത് കേട്ടു എന്ന് ഉറപ്പു വരുത്തി ..

എന്നെ വെയിറ്റ് ചെയ്യിച്ച്  കാക്ക അങ്ങനെ ആയിരം ഡോളർ കൊണ്ട് സുഖിക്കേണ്ട ..

അടുത്ത ഊഴം എന്റെ ആണ് .. ഞാൻ എൻറെ കാർഡ് ഇടുന്നതിനു മുൻപ് കാക്കയെ ഒന്ന്  തിരിഞ്ഞു നോക്കി ..

ഞാൻ പറയുന്നത് കേട്ട്  പാവം അവിടെ ഇരുന്നു വീണ്ടും എണ്ണുകയാണ് ..

പാകിസ്ഥാനിയുടെ പൈസ എടുപ്പ് കൊണ്ട് ക്ഷീണിച്ച   എ ടി എം മെഷീൻ .. എന്റെ ലോലമായ എ ടി എം കാർഡ് വച്ച ഉടനെ  അപ്പാടെ വിഴുങ്ങി.. മകൾ കല്യാണം കഴിച്ചു പോകുന്ന അച്ഛനെ പോലെ ആ പോക്ക് ഞാൻ നോക്കി നിന്നു

ഞാൻ പിൻ കൊടുക്കണം ..

കൊടുത്തു

ഒന്നൂടെ ചോദിച്ചു

ഒന്നൂടെ കൊടുത്തു

എന്റെ പിൻ ശരിയല്ല പോലും

ഇതെന്ത് മറിമായം .. ഞാൻ ഇരുത്തി ചിന്തിച്ച് എന്റെ പിൻ  ഓരോ സംഖ്യയായി കൊടുത്തു

അതും തെറ്റ് ..

ഒരു ചുവന്ന സ്ക്രീൻ വന്നു ..

എന്റെ അക്കൌണ്ട് ബാങ്ക് ലോക്ക് ചെയ്തിരിക്കുന്നു ..

ഉള്ളിൽ പോയ കാർഡ് .. തിരിച്ചു വന്നില്ല ..

സംഭവം ക്ലീൻ .. ഇന്നത്തെ ദിവസം ഗംഭീര മായി .. ഇനി ഇപ്പൊ അമ്മായി അമ്മയെ ഉന്തിക്കൊണ്ടു വരുന്നവന് എന്ത് കൊടുക്കും  ... പാർക്ക് ചെയ്ത കാറിനു എങ്ങനെ പൈസ കൊടുക്കും .. ഇതൊക്കെ ഓർത്തപ്പോൾ  വയറിളക്കവും ചുമയും ഒരിമിച്ച് വന്ന അവസ്ഥയിൽ ആയി

പിന്നെയാണ് എനിക്ക് മനസ്സിലായത് എ ടി എം പിൻ എന്ന് കരുതി ഞാൻ കൊടുത്തത്

ലാസ്റ്റ് ഫോർ ഡിജിറ്റ്സ്  ഓഫ് സോഷ്യൽ .. ആയിരുന്നു .. ശ്രദ്ധക്കുറവ് ..ജന്മനാ ഉള്ളത് കൊണ്ട് ഞാൻ പിന്നെ മനസ്സിനെ ചീത്ത വിളിക്കാൻ നിന്നില്ല

ഉണ്ടായിരുന്ന കാർഡും പോയി .. തിരഞ്ഞു നടക്കുമ്പോൾ അവിടെ ഇരുന്നു നൊട്ട് എണ്ണി കഴിഞ്ഞ പാക്കിസ്ഥാനിയെ  കണ്ടു

ഒന്ന് ചിരിച്ചു..പുള്ളിയും ഒന്ന് തലയാട്ടി ..

ഉള്ള കാര്യം പറഞ്ഞു .. ഒരു ഇരുപത് ഡോളർ വേണം അഡ്രസ്‌ പറഞ്ഞാൽ ഞാൻ അയച്ചു തരാം

ഇൻഷാ  അള്ളാ .. അയാൾ സന്തോഷമായി ഒരു 20 ഡോളർ എടുത്ത് നീട്ടി

അല്ലെങ്കിലും ഈ പാക്കിസ്ഥാനികൾ സ്നേഹമുള്ളവരാണ് ..

തിരിച്ചു പോയി ടെർമിനൽ 6 ൽ പോയി  .. അവിടെ പഴയ ബഹളം ഒന്നും ഇല്ല ..

ആരെയും കാണാനില്ല ..ആ പ്ലൈനിൽ വന്നവർ   എല്ലാവരും പോയി  എന്ന് മനസ്സിലായി

ഈശ്വരാ .. കസ്റ്റംസ് കാർ അമ്മായി അമ്മയെ എങ്ങാനും പിടിച്ച് വച്ചോ .. എന്നാൽ എന്റെ മീൻ അച്ചാർ .അതിനു വേണ്ടി എത്ര കാലമായി കാത്തിരുന്നതാ . അതിലാതെ ഞാൻ എങ്ങനെ ഇനി ചോറ് കഴിക്കും .. ഞാൻ ആകെ ടെൻഷൻ അടിച്ചു

 നോക്കുമ്പോൾ അമ്മായി അമ്മ സ്റ്റാർ ബക്സ്‌   ലാർജ്  കാപ്പി കുടിച്ചു കൊണ്ട് അവിടെ ഒരു മൂലയ്ക്ക് ഇരിക്കുന്നു

കാര്യങ്ങൾ തിരക്കിയപ്പോൾ ആണ് .. ഞാൻ ശരിക്കും ഞെട്ടിയത്


അമ്മ കയ്യിൽ കിട്ടിയ ഒരു പത്ത് ഇന്ത്യൻ  രൂപ എടുത്ത് കൊടുത്തു .. ഉന്തി വന്നവൻ കമാ എന്നൊരക്ഷരം മിണ്ടാതെ മേടിച്ചോണ്ട് പോയത്രേ.. അമ്മയ്ക്ക് ഒരു കാപ്പി കൂടെ വാങ്ങിക്കൊടുത്തിട്ടാണ് ആശാൻ പോയത് ..

ഒരു മണിക്കൂർ ആയി കാത്തിരിക്കുന്നു .. അമ്മയെ സ്വന്തം അമ്മയെ പോലെ ആണ് ഉന്തിക്കൊണ്ടു വന്നവൻ നോക്കിയത് .. ..എന്നൊക്കെ അമ്മ പരിഭവം  പറയുന്നുണ്ടായിരുന്നു .. ഞാൻ അത്ര ശ്രദ്ദിക്കാൻ പോയില്ല ..

അമ്മയെയും കൊണ്ട് തിരിച്ച് നടക്കുമ്പോൾ മുൻപ് കണ്ട ചൈന ചേച്ചി അവിടെ തന്നെ നില്പ്പുണ്ടായിരുന്നു

ഞാൻ അവരോടു പോയി

നിങ്ങളല്ലേ ഇവിടെ ബാങ്ക് ഓഫ് അമേരിക്കാ ഉണ്ടെന്ന് പറഞ്ഞത് .. അവിടെ പോയപ്പോൾ കാപിറ്റൽ വണ്‍ ആണ് എന്നൊക്കെ പറഞ്ഞു .. നമ്മൾ വിട്ടു കൊടുക്കാൻ പാടില്ലല്ലോ

കുറച്ചു നേരം അത്ഭുതത്തോടെ നിന്ന അവർ ചിരിച്ച് കൊണ്ട് പറയുകയാ

ഓ ഐ അം സോറി ..സോറി. ഐ മീൻ കാപിറ്റൽ വണ്‍ ..ബാങ്ക് . ബാങ്ക് ..അമേരിക്കൻ ബാങ്ക്

ബാങ്ക് ഓഫ് അമേരിക്കയും .. അമേരിക്കയിലെ ബാങ്കും ചേച്ചിക്ക് കണ്‍ഫ്യൂഷൻ ആയതാണത്രെ ..
എന്റെ കണി ദോഷം അതല്ലേ പറയേണ്ടൂ

ചേച്ചിയെ ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല ...ഇനിയും അവിടെ നിന്നാൽ പാര്ക്കിംഗ് ചാർജ് ഇരുപത് ഡോളറിൽ കൂടും..

മീൻ അച്ചാറ് കിട്ടിയോ അമ്മെ .. എന്നൊന്നും ചോദിക്കാൻ പോയില്ല .. വീട്ടിലെത്തിയിട്ട് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ .. മാത്രമല്ല ചോദിക്കാൻ പറ്റിയ മൂഡും അല്ല

പാര്ക്കിംഗ് ലോട്ടിലെക്ക് നടക്കുമ്പോൾ ജീവിതത്തിൽ  കുറെ കാര്യങ്ങൾ പഠിച്ചു

കണ്ണിൽ കണ്ടവരോട് വഴി ചോദിക്കാതെ .എവിടെയും ക്ഷമയോടെ വായിച്ചും  നോക്കിയും  പോവുക

സമയ ലാഭം ... ധന ലാഭം ..









Tuesday, October 7, 2014

കുളിരാർന്ന രാവുകൾ


അങ്ങനെ വിന്റെർ അതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു .. സ്വതവേ സ്ത്രീകളുടെ വസ്ത്ര ധാരണം ഉൾപടെ പലതിലും  ചേഞ്ച്‌  അംഗീകരിക്കുന്ന ഒരു വിശാലമായ മനസ്സിന്റെ ഉടമ ആണ് ഞാൻ.. പക്ഷെ ഈ ചൂട് കാലം തണുപ്പ് ആവുന്നതിനോട് ഞാൻ എന്നും എന്റെ പ്രതിഷേധം പ്രകൃതിയോട് വാക്കാൽ രേഖപ്പെടുത്തിയിട്ടുണ്ട് ..

എന്റെ ശബ്ദത്തിന് കനം കുറഞ്ഞത് കൊണ്ടാണോ അതോ .. " പോടാ ചെക്കാ നിന്നെ പോലെ എത്ര തലമുറ കണ്ടതാ " എന്ന ഭാവത്തിലാണോ എന്നറിയില്ല പ്രകൃതി എന്നും കൃത്യം ഒക്ടോബർ ആവുമ്പോൾ കൂളിംഗ്‌  ഫാൻ ഓണ്‍ ചെയ്യും .. പലരുടെയും കരളിൽ കോള നിറയ്ക്കുന്ന വിന്റെരിനോട് എനിക്ക് വിരോധം തോന്നിയത് യാദൃശ്ചികം അല്ല .. അതിന് ഒരു ചരിത്രം ഉണ്ട് 


അമേരിക്കയിൽ വന്ന കാലം ..  ഒരു ഡിസംബർ മാസം ശനിയാഴ്ച  രാത്രി  . അന്ന് കല്യാണം കഴിച്ചിട്ടില്ല .. തനിച്ചാണ് താമസം ... കടാപ്പുരത്തെ ചാകര മീനുകളെ പോലെ പോലെ സമയം ഇങ്ങനെ മുൻപിൽ തുള്ളി കളിക്കുകയാണ് ..ചെയ്യാനാണെങ്കിൽ കാര്യമായിട്ടൊന്നും ഇല്ല .. 

എന്നാ പിന്നെ പുറത്തു പോയി  മെയിൽ ഒക്കെ ഒന്ന് എടുത്തിട്ടു വരാം എന്ന് എപ്പോഴോ തോന്നി 

 പുറത്തു പോവാനായി കതവു തുറന്നപ്പോൾ ഉരുണ്ടു കൂടി " ശോല്ലാത ഇടം കൂടെ "  കുളിരുന്ന തണുപ്പ് ( കടപ്പാട് : വൈരമുത്തു ). ഇനിയിപ്പൊ  കഥകളിക്ക് ഒരുങ്ങുന്നത് പോലെ ഒരുങ്ങണം .. അതും 5 മിനിട്ടിനു വേണ്ടി .. ഇനി ഇപ്പൊ പോവേണ്ട നാളെ എങ്ങാനും പോവാം .. പാവം മനസ്സ് പറഞ്ഞു 

അടുത്ത സെക്കണ്ടിൽ  മനസ്സ് ആസ്ഥാനത്ത് ഒരു ഡയലൊഗ് കാച്ചി .. ഇതല്ലേ പ്രശ്നം 

" ഹേ യുവാവേ .. പ്രതിബന്ധങ്ങളിൽ തളരരുത് .. നീ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ .. ഈ തണുപ്പിലും ചൂടിലും ഒന്നും  നീ പതറില്ല  എന്ന് ലോകത്തിനു തെളിയിക്കാൻ സമയമായി മോനേ .. ഉണരൂ .. പുതു യുഗം രചിക്കൂ 

ആ ഉജ്വലതയിൽ ഞാൻ വീണു പോയി  അവിടെയാണ് എനിക്ക് ആദ്യം പിഴച്ചത് 

അങ്ങനെ പൂജ്യം ഡിഗ്രി തണുപ്പിൽ കിറ്റെക്സ്  കള്ളി ലുങ്കി ഉടുത്ത് കുന്നത്ത് ബനിയൻ ധരിച്ച്  .. നാട്ടിൽ പാലക്കാട് കോട്ട മൈതാനത്ത് നിന്ന് വാങ്ങിച്ച പാരഗണ്‍ ചപ്പലും ഇട്ട് അപാർട്ട്മെന്റിൽ മെയിൽ ചെക്ക് ചെയ്യാൻ ഞാൻ ഓടി  . ആരും കാണല്ലേ എന്ന് ഉള്ളിൽ വിചാരിച്ച് ഓടുമ്പോൾ  ഒരു എണ്‍പത് വയസ്സ് തോന്നിക്കുന്ന അപ്പൂപ്പന്റെ മുന്നിൽ ചെന്ന് പെട്ടു .. ഞാൻ വിഗഗ്ദമായി മാറി ഓടി .. തിരിഞ്ഞു നോക്കിയപ്പോൾ അങ്ങേർ ഞാൻ വന്ന വഴിയും എന്നെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു .. എന്തോ ആവട്ടെ.. ഞാൻ എങ്ങു നിന്നോ വന്നവൻ  .. ഒരു മലയാളിയുടെ മുന്നിൽ പെടാതിരുന്നാൽ ബാക്കി എല്ലാം ഭദ്രം 

. എന്റെ പേര്  വൃത്തിയായി എഴുതിയ ഒരേ ഒരു മെയിലും  .. ബാക്കി  എല്ലാ പരസ്യ ചവറും എടുത്ത് ഒന്ന് പോലും കളയാതെ ഞാൻ തിരിച്ചു വന്നു  

തിരിച്ചു ഓടുമ്പോഴും  അപ്പൂപ്പൻ അവിടെ ഉണ്ടായിരുന്നു .. ഞാൻ  പുള്ളിയെ നോക്കി ചുണ്ട് രണ്ടും കൂട്ടി .. തല താഴൊട്ടും മേലോട്ടും ആട്ടി     ( അമേരിക്കയിൽ അങ്ങനെ ഒരു ഹായ് പറയൽ ഉണ്ട് ) .. അയാൾ എന്നെ ഒന്ന് തുറിച്ച് നോക്കി 

വാതിൽ തുറക്കാൻ താക്കോൽ തപ്പുമ്പോൾ  ആണ് ആ നഗ്ന സത്യം മനസ്സിലാക്കുന്നത് . " മെയിൽ ബോക്സിൽ നിന്ന് താക്കോൽ എടുക്കാൻ മറന്നു " വീടിന്റെ താക്കോലും മൈൽബൊക്സും എല്ലാം കൂടെ ഒരു ചൈനിൽ ആയിരുന്നു 

.. ഈശ്വരാ ..

 തിരിച്ച് വന്നതിലും സ്പീഡിൽ ലുങ്കിയും മടക്കി കുത്തി താക്കോൽ എടുക്കാൻ ഓടി .. ദേ അപ്പൂപ്പൻ വീണ്ടും വഴിയിൽ .. ഞാൻ ടെൻഷൻ മുഖത്ത് കാണിക്കാതെ അലസമായി  ജോഗ് ചെയ്യുന്നത് പോലെ ഓടി .. ഞാൻ എക്സെർ സെസ് ചെയ്യുന്നതായി അപ്പൂപ്പൻ കരുതിക്കോട്ടെ .. 

മെയിൽബോക്സിനു മുൻപിൽ എത്തിയപ്പോൾ ആണ്  ഭൂമി പിളർന്ന് ഞാനും മെയിലുകളും ഉൾപടെ  താഴൊട്ട് പോവുന്ന പോലെ ഒരു ദൃശ്യം കണ്ടത് 

അവിടെ താക്കോൽ ഇല്ല .. മെയിൽ ബോക്സ്‌ ആരോ പൂട്ടിയിട്ടുണ്ട് ..എന്റെ പടച്ചോനേ .. കർത്താവേ .. ഗുരുവായൂരപ്പാ .. ഗുരു നാനാക്കേ 


അന്ന് അങ്ങനെ ആദ്യമായി ഞാൻ പൂജ്യം ഡിഗ്രിയിൽ നിന്ന് വിയർത്തു .. കുറച്ചു കഴിഞ്ഞപ്പോൾ ആകെ ഒരു പുക പടലം .. എന്റെ ദേഹത്തെ ചൂട് കൊണ്ട് ചുറ്റും നീരാവി പുകയായി പടര്ന്നു .. 

 "ഞാൻ ഗന്ധർവനിലെ"  ഗന്ധർവനെ പോലെ മാനത്തു നിന്ന് പൊട്ടി വീണതാണോ എന്ന് സംശയിക്കാവുന്ന രീതിയിൽ .പുക പടലങ്ങലോടെ   .. ഇതാ ഒരാൾ  രാത്രി പത്ത് മണിക്ക്  തനി കേരള വേഷത്തിൽ  അതും കൊടും തണുപ്പിൽ  


കൂട്ടിൽ നിന്ന് തുറന്നു വിട്ട കീരിയെ പോലെ ..ദൈവങ്ങളെ വിളിച്ച് കൊണ്ട്  ഞാൻ അപര്ട്ട്മെന്റ്റ് ഓഫീസിലേക്ക്  ഓടി  നോക്കുമ്പോൾ അപർറ്റ്മെന്റ് ഓഫീസ് ശീവേലി കഴിഞ്ഞ് .. നട അടച്ചു .. 

കയ്യിൽ ഫോണ്‍ ഇല്ല .. കാശ് ഇല്ല ..വാഹനം ഇല്ല ..  വീട് തട്ടി വിളിച്ചാൽ  ആരും കയറ്റി പോവുന്ന  ഒരു വേഷ വിദാനം ഇല്ല .. അവിടെ എങ്ങും ഒരു മനുഷ്യനെ പോലും കാണാനും ഇല്ല 


സ്വതവേ നല്ല രീതിയിൽ രക്ത ചങ്ക്രമണം നടത്തിയിരുന്ന തലച്ചോറിൽ നാട്ടിലെ പൈപ്പ് തുറന്ന പോലെ ഒരു ഫോഴ്സ് കുറവ് അനുഭവപ്പെട്ടു .. ഞാൻ എന്റെ മനസ്സിനെ എല്ലാവരും കേൾക്കെ തന്നെ  നിഷ്കരുണം തെറി വിളിച്ചു ..

ഇനി ഇപ്പൊ എന്ത് ചെയ്യണം .. കൂടെ വർക്ക്‌ ചെയ്യുന്ന കൂട്ടുകാരൻ ആന്ധ്രാ കാരനായ  മധു വംശിധരനെ  വിളിക്കാം .. അതിന് ഫോണ്‍ വീട്ടിലാണ് ..

അപാർട്ട്മെന്റ്  ഓഫീസിനു വെളിയിൽ ഒന്ന് പരതി നോക്കിയപ്പോൾ ഒരു കോയിൻ ഇട്ട് വിളിക്കാവുന്ന ഫോണ്‍ ശ്രദ്ധയിൽ പെട്ടു പക്ഷെ കോയിൻ വേണ്ടേ ..ഓരോ വട്ടം വാൾമാർട്ട് പോവുമ്പോഴും  എത്രയോ കോയിൻ പാവ ലഭിക്കാനായി ഭാഗ്യ പരീക്ഷണം നടത്തിയിരിക്കുന്നു .. ഇല്ലാത്ത സമയത്ത് ആ ലോഹക്കട്ടിയുടെ ഒരു വില ..

അപ്പോഴാണ്‌ അത് വഴി ലോണ്ട്രി കഴിഞ്ഞു ഒരു പെട്ടി നിറച്ച് വസ്ത്രങ്ങളുമായി ഒരു അമേരിക്കൻ യുവതി വന്നത്

നല്ല ചുരുണ്ട മുടി .. വിടർന്ന കണ്ണുകൾ ..

തണുപ്പ് കൊണ്ട് ചാവാൻ പോവുകയാണെങ്കിലും ഞാൻ നോട്ട് ചെയ്തു

ഒരാളെ വിളിക്കുമ്പോൾ തുടങ്ങേണ്ട എക്സ്ക്യൂസ് മീ ഒന്നും ഇല്ലാതെ തന്നെ പെട്ടെന്ന് അവളുടെ മുൻപിൽ ചാടി വീണ് ഞാൻ ഉള്ള ഇംഗ്ലീഷ് വച്ച്  .. വിറയലോടെ

ഐ ലോക്ക് ഡൌണ്‍ .. ലോസ്റ്റ്‌ കെയ്സ്

ഇരുട്ടിൽ നിന്ന് പെട്ടെന്ന്  എന്നെ കണ്ട അവൾ   ഒന്ന് പിന്നോട്ട് മാറി

യുവതി : വാട്ട്‌ ?

ഇനി രക്ഷയില്ല ..ഇനി ഇവളെ പറഞ്ഞു മനസ്സിലാക്കുന്നതിനു  മുൻപ് നേരെ കാര്യത്തിലേക്ക് കടക്കാം ഞാൻ ചിന്തിച്ചു

ഒരു നാണവും കൂടാതെ .. കുളിച്ചിട്ടു വർഷങ്ങൾ ആയ   ഒന്നൊന്നൊര കാർമുകിൽ വർണ്ണന്മാർ ..മെട്രോ സ്റ്റേഷൻ പരിസരത്ത് വച്ചു പറയുന്നത് പോലെ

ഡൂ യൂ ഹാവ് എ ഡോളർ ..

അവൾ തിരിച്ച് എന്തൊക്കെയോ പറഞ്ഞു ..നല്ല മൊഞ്ചത്തി പെണ്ണ് ആണ് ..  നല്ല മുല്ല മൊട്ടിനെ  ഉജാല മുക്കിയ പോലത്തെ  പല്ലുകൾ   .. ..ഞാൻ പകുതിയേ കേട്ടുള്ളു ...മനസ്സിലാക്കിയടത്തോളം അവളുടെ വീട് അടുത്താണ് .. ഇപ്പൊ പോയി  പൈസ എടുത്തോണ്ട് വരാം ..

 അവൾ എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവണം എന്നെ സഹായിക്കാൻ  വേഗം നടന്നു പോയി .. ഓടുന്നത് പോലെ എനിക്ക് തോന്നി എങ്കിലും

നല്ല അടക്കവും ഒതുക്കവും ഇല്ല അനുസരണ ഉള്ള കുട്ടി .. നാളെ തന്നെ അവളുടെ പൈസ കൊണ്ട് തിരിച്ചു കൊടുക്കണം ..  ഞാൻ മനസ്സിൽ വിചാരിച്ചു ..

നേരം 10 മിനിട്ട് കഴിഞ്ഞു ... അര മണിക്കൂർ കടന്നു പോയി .. അവൾ മാത്രം വന്നില്ല .. ചിരിമണി ചിലമ്പൊലി കേട്ടില്ല ( കട : ഗിരീഷ്‌ പുത്തഞ്ചേരി )

മാനസ മൈനെ വരൂ എന്ന പാട്ട് പാടണം എന്ന് തോന്നി .. ശ്രുതി ബോക്സ്‌ വീട്ടിൽ ആണ് ..അത് കൊണ്ട് അതിനു മുതിർന്നില്ല

ഇനി അവളെ കാത്ത് ഇരിക്കേണ്ട എന്ന് എനിക്ക്  മനസ്സിലായി ..

ആരുടെ എങ്കിലും വീട്ടിൽ പോയി മുട്ടണം എന്നുണ്ട് .. പക്ഷെ മിക്കവന്റെ കയ്യിലും തോക്ക് ഉണ്ട്.. അസമയത്ത് വീട്ടിൽ പോയി തട്ടിയാൽ . നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും അവന് ഒന്ന് ഉന്നം പരീക്ഷിക്കാൻ തോന്നിയാൽ .. ഈശ്വരാ ..

ഇനി ഇങ്ങനെ നിന്നാൽ പറ്റുകയില്ല എന്ന് ഹൈക്കമാണ്ട് ഉത്തരവ് തന്നു .. നേരെ സ്വന്തം അപാർട്ട് മേന്ടിലെക്ക് ഓടി .. എങ്ങനെ എങ്കിലും വീട്ടിൽ കയറണം .. നോക്കുമ്പോൾ അവിടെ ഉള്ള ഒരു എ സി യുണിറ്റിൽ ചവിട്ടിയാൽ അത്യാവശ്യം എന്റെ ബാൽക്കണിയിൽ പിടിച്ച് തൂങ്ങാം .. പിന്നെ എവിടെ എങ്കിലും ചവിട്ടി ബാൽക്കണിയിൽ കയറിപ്പറ്റിയാൽ പിന്നെ വീട്ടിൽ കയറാം .. വരുന്നത് വരട്ടെ

അങ്ങനെ ഒരു മരത്തിൽ പോലും കയറിയിട്ടില്ലാത്ത ഞാൻ ആദ്യമായി പാതിരാക്ക്  വേറെ ഒരു ദേശത്ത് ഒരു കള്ളനെ പോലെ

പാരഗണ്‍ ചാപ്പൽ അഴിച്ച് വച്ച് .. മുണ്ട് മടക്കി കുത്തി ..തടിയിൽ തൊട്ട് തലയിൽ വച്ച് .. ഒരു കാൽ എ സി യിൽ .. മറു കാൽ എവിടെയോ .. അടുത്തകാൽ എവിടെയോ .. അടുത്തത് ബാൽക്കണി യുടെ തുഞ്ചത്ത് .. അവിടുന്ന് കാലു ഉയരത്തി . ഒറ്റ ചാട്ടം .. ദാറ്റ്‌സ് ആൾ

ഞാൻ ഇതാ എന്റെ സ്വന്തം ബാൽക്കണിയിൽ .. കൈ മുട്ടും .. തുടയും ഒന്ന് നന്നായി പോറി യതൊഴിച്ചാൽ .. മിഷൻ സക്സസ്

സാധാരണ ഒരു സിനിമയിലും ഈ സീനില്‍ ബാല്‍ക്കണി തുറക്കാറില്ല ..ക്രൂരന്മാരായ തിരക്കഥ ക്കാര്‍ .. പക്ഷെ ഈ ജീവിത സിനിമയില്‍ ദൈവം തിരക്കഥ ഒന്ന്‍ മാറ്റി പരീക്ഷിച്ചു എന്ന് ആഹ്ലാദത്തോടെയും ആവേശത്തോടെയും മനസ്സിലാക്കി.. ബാല്‍ക്കണി കതവ് പൂട്ടിയിരുന്നില്ല..   .. എനിക്ക് വേണ്ടി  ഇത്രേം നല്ല തിരക്കഥ രചിക്കാന്‍ എന്റെ സ്വന്തം ദൈവം ആയ ഗുരുവയൂരപ്പനല്ലാതെ വേറെ ആര്‍ക്കാ കഴിയുക .. അത് വരെ സര്‍വ്വ മത പ്രാര്‍ത്ഥന നടത്തിയ ഞാന്‍ കാര്യം കഴിഞ്ഞപ്പോള്‍ ഒരു തനി  മലയാളി  ആയി .. അതിനിടയില്‍ തന്നെ ഞാന്‍ നേര്‍ന്ന എള്ള് കൊണ്ടുള്ള തുലാഭാരം .. ഇളനീര്‍ കൊണ്ട് ആക്കി മാറ്റിയിരുന്നു ..

കയ്യിലും കാലിലും സൂചി കുത്തുന്ന വേദന ..ഹീറ്റ് 90 ല്‍ ഇട്ടു  അടുക്കളയില്‍ പോയി ഗ്യാസ് കത്തിച്ച് .. കൈ മുകളില്‍ പിടിച്ച് നില്‍ക്കുമ്പോള്‍ ആണ് .. എന്റെ ജനലില്‍,  പബ്ബുകളില്‍ ഡിസ്ക്കോ ലൈറ്റ് പോലെ ഒരു ലൈറ്റ് എഫെക്റ്റ് .. രാത്രി ഇതാരപ്പാ ഇങ്ങനെ കത്തിക്കുന്നത് എന്ന് നോക്കിയപ്പോള്‍ ആണ് .. കതവില്‍ ..അപര്ട്ട്മെന്‍റ് മുഴുവന്‍ ദിഗംബരം കൊള്ളിക്കുന്ന രീതിയില്‍ തട്ടുന്നു ..എന്തായാലും  ആരോ അത്യാവശ്യക്കാരന്‍ ആണ്

കതവ് തുറന്നപ്പോള്‍... കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി  .. നിസ്സാരം .. ഒരു പത്ത് പതിനഞ്ചു പോലിസ് ..

രണ്ടു പേര്‍ വാതിലിന്റെ സൈഡില്‍ മറഞ്ഞു നിന്ന് തോക്കും പിടിച്ച് കാഞ്ചി വലിക്കാന്‍  വയ്ക്കാന്‍ റെഡി ആയി നില്‍ക്കുന്നു

ഒരു പോലീസ് :   ആര്‍ യു ദി രേന്റെര്‍ ഓഫ് ദിസ്‌ അപ്പാര്ട്ട്മെന്റ്

ഞാന്‍ .. എസ്

പോലീസ്:  യു ഹാവ് യുവര്‍ ഐഡി

എന്റെ വിറ വാര്‍ന്ന  കയ്യില്‍ നിന്ന് ഐഡി വാങ്ങി ... അഞ്ചു മിനിട്ട് കഴിഞ്ഞ്‌ ..അവര്‍ വീട് മുഴുവന്‍ കയറി നോക്കി

അതിനു ശേഷം  അവര്‍ പറഞ്ഞു ഈ വീട്ടില്‍ ഒരു മോഷണ ശ്രമം ഉണ്ടായി .. ആരോ അതിക്രമിച്ചു കയറുന്നത് കണ്ട ഒരു അയല്‍വാസി ( ഉറക്കം ഇല്ലാത്ത ഒരു  ദരിദ്രവാസി )  .. പോലീസിനെ വിളിച്ചതാണ് എന്ന്

ഞാന്‍ അപ്പോള്‍ തന്നെ ഈ വീട്ടില്‍ നിന്ന് ഇറങ്ങണം അവര്‍ക്ക് ഒന്ന് വിശദമായി പരിശോദിക്കണം

 ഞാന്‍ അപ്പോള്‍ തന്നെ തത്ത പറയുന്നത് പോലെ  ഉള്ളതെല്ലാം അറിയാവുന്ന രീതിയില്‍ പോലീസിനോട് പറഞ്ഞു ..

പോലീസ്കാര്‍ പരസ്പരം നോക്കി  എല്ലാവരും തോക്ക് ഒക്കെ യഥാസ്ഥാനത്ത് തന്നെ വച്ചു

നിങ്ങളുടെ അപാര്‍ട്ട് മെന്റ് ആണെങ്കിലും നിങ്ങള്‍ അതില്‍  അതിക്രമിച്ചു കയറിയാല്‍ അത് ആ കൌണ്ടി പ്രകാരം കുറ്റം ആണത്രേ .. (എവാനാനാവോ ഈ നിയമങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത് )

പക്ഷെ സത്യം പറഞ്ഞത് കൊണ്ട് അവര്‍ കേസ് ആക്കുന്നില്ല എന്നൊക്കെ പറഞ്ഞു .. ഹൃദയ മിടിപ്പിന്റെ സൌണ്ട് കൊണ്ട് പലതും കേള്‍ക്കാന്‍ കഴിഞ്ഞില്ല

എന്തൊക്കെയോ എവിടെയോ  എഴുതി അര മണിക്കൂര്‍ കഴിഞ്ഞ്‌ പോലീസും പട്ടാളവും സ്ഥലം വിട്ടു ...

ഹീറ്റ് 90 ല്‍ ഇട്ടിട്ടും  വല്ലാത്ത കുളിര് ..

അന്ന് രാത്രി മുഴുവന്‍ ഞാന്‍ വിവിധ ജയിലുകളില്‍ ആയിരുന്നു .. കോടതി .. ജയില്‍ ..പന്ത്രണ്ടു വര്ഷം ജയില്‍ വാസം ഞാന്‍ ഒരു രാത്രി സ്വപ്നം കൊണ്ട് അനുഭവിച്ചു

രാവിലെ എഴുന്നേറ്റപ്പോള്‍ പൊള്ളുന്ന പനി ... ഓഫീസില്‍ സിക്ക് ലീവ് കൊടുത്ത് . ഒരു ചുക്ക് കാപ്പി ഉണ്ടാക്കുമ്പോള്‍ . കതവില്‍ വീണ്ടും ഒരു തട്ടല്‍

ഇത്തവണ തട്ട് ലോലമായിരുന്നു .. അതില്‍ ഒരു കുപ്പിവള ശബ്ദം കേള്‍ക്കുന്നുണ്ടോ ..

ഞാന്‍ വെപ്രാളം പിടിച്ച് ഒന്ന് തല ചീകി .. ആക്സ്  സ്പ്രേ അടിച്ചു .. ( പരസ്യത്തില്‍ കണ്ടിട്ടുണ്ട് )
 പല്ല് തേച്ചിട്ടില്ലാത്തത് കൊണ്ട്   .. ഹാന്‍ഡ്‌ സോപ്പ് ഇട്ട് വായ കഴുകി ..

കമ്മീഷണര്‍ സിനിമയിലെ ചിത്ര ചേച്ചിയെ പോലെ  ഓടി കതവ് തുറന്നപ്പോള്‍ പുറത്ത് കണ്ട കാഴ്ച .

ദേ  തലേന്ന് ഞാന്‍ കണ്ട അപ്പൂപ്പന്‍ ...കയ്യില്‍ എന്റെ സ്വന്തം കീ കൂട്ടങ്ങള്‍ .. ( അതായിരുന്നു കുപ്പിവള ശബ്ദം .. ഞാന്‍ തെറ്റിദ്ധരിച്ചു ) പിടിച്ചു കൊണ്ട് .. ചിരിച്ചു കൊണ്ട് നില്‍ക്കുന്നു

അപ്പൂപ്പന്‍ കൈ ഒക്കെ കാട്ടി വിവരണം തുടങ്ങി

ഇന്നലെ ഞാന്‍ മെയില്‍ ചെക്ക് ചെയ്തതിനു ശേഷം .. അപ്പൂപ്പന്‍ മെയില്‍ ചെക്ക് ചെയ്തു അപ്പോള്‍ എന്റെ മെയില്‍ ബോക്സ്‌ അടച്ചിട്ടില്ലെന്നു കണ്ടു പുള്ളി അടച്ച് താക്കോല്‍ എടുക്കുകയായിരുന്നു . ബോക്സില്‍ നിന്ന് ഹൌസ് നമ്പര്‍ നോട്ട് ചെയ്ത് .. തിരിച്ച് എന്നെ ഏല്‍പ്പിക്കാന്‍ വന്നപ്പോള്‍  . ഇന്നലെ പുള്ളി കുറെ suspicious activities കണ്ടത്രെ ..( എന്റെ ഓട്ടവും .. ബാല്‍ക്കണി കയറലും ഒക്കെ ആയിരിക്കും )  അപ്പോള്‍ തന്നെ പേടിച്ച്  വീട്ടില്‍ പോയത്രേ.


ഓ അപ്പൊ ഇങ്ങേരാ പോലീസിനെ വിളിച്ചത് ..അപ്പൂപ്പാ .. വല്ലാത്ത ഒരു ഉപകാരം ചെയ്യല്‍ ആയിപ്പോയി ...നിങ്ങളെ നമിച്ചു .. ഞാന്‍ ചിന്തിച്ചു

മെയില്‍ ബോക്സ്‌ തുറന്നിടരുത് .. സെക്യുര്‍ മെയിലുകള്‍ ആരെങ്കിലും എടുത്താല്‍ ഐടെന്‍ടിറ്റി ഹാക്ക് ചെയ്യപ്പെടും എന്നൊക്കെ പറഞ്ഞു ഒരു പതിനഞ്ചു മിനിട്ട് കെളവന്‍ ഉപദേശം കൊണ്ട്  നിര്‍ത്തി പൊരിച്ചു ..

താങ്ക്സ് പറഞ്ഞ് താക്കോല്‍ വാങ്ങി ..

 അത് ഞാന്‍ തന്നെയാ ഓടിയത് .. ചാടിയത് എന്നൊന്നും വിശദീകരിക്കാന്‍ പോയില്ല .. ഇനി അത് പറഞ്ഞിട്ട് വേണം അപ്പൂപ്പന്‍ ഇവിടുന്നു തന്നെ പിന്നേം പോലീസിനെ വിളിക്കാന്‍

പിന്നെ അമേരിക്കയിലെ പല കുളിരുള്ള രാവുകളിലും സ്വപ്നത്തില്‍ അപ്പൂപ്പനും പോലീസും എന്നെ വിടാതെ പിന്തുടര്‍ന്നു ... യുവതി മാത്രം അവളുടെ തീരാക്കടമായ ഒരു ഡോളറുമായി എങ്ങോ കാണാ മറയത്ത് ഒളിഞ്ഞു നിന്നു ..

















Monday, October 6, 2014

ദാസേട്ടനും ജീൻസും




പണ്ടൊരു നമ്പൂതിരി സ്വന്തം വേളിയോടു വഴക്കിട്ട്  ഹിമാലയത്തിൽ പോയത്രേ .. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവിടെ മുടിഞ്ഞ തണുപ്പ് .. ഒരു കമ്പിളി കിട്ടിയാൽ തരക്കേടില്ല എന്ന് തോന്നി .. ചില്ലി കാശ് ആണെങ്കിൽ കയ്യിൽ  ഇല്ല ..ഒന്ന് കയ്യും കാലും കഴുകാം എന്ന് വച്ച് നദിയിൽ ഇറങ്ങിയപ്പോൾ ആണ് ദൂരെ നിന്ന് ഒരു കമ്പിളി ഒഴുകി വരുന്നത് കണ്ടത് .. ഉടനെ ചാടി നമ്പൂതിരി കമ്പിളിയിൽ പിടിച്ചതും അയാൾ മുങ്ങി താഴാൻ തുടങ്ങി .. കമ്പിളിയുടെ ഭാരം കൊണ്ടാണ് നമ്പൂരി മുങ്ങുന്നത് എന്ന് കരുതിയ നാട്ടുകാർ കമ്പിളി വിട്ടിട്ട് കരയ്ക്ക് നീന്താൻ പറഞ്ഞു ... അപ്പോൾ നമ്പൂരി വിളിച്ചു പറഞ്ഞത്രേ

" ഞാൻ എപ്പോഴേ വിട്ടു കമ്പിളി ആണ് എന്നെ വിടാത്തത്‌ " എന്ന് .


. കാരണം കമ്പിളി വെറും കമ്പിളി ആയിരുന്നില്ല ഒരു കരടി ആയിരുന്നു ..

ഞാൻ ഇപ്പൊ എന്തിനാ ഇത്രയും പറഞ്ഞത് എന്ന് വച്ചാൽ ഈ കമ്പിളി പോലെ വേറെ ഒരു ഐറ്റം ആണ് " പെണ്‍ വിഷയം "  വേണ്ട്ര വേണ്ട്രാ എന്ന് എത്ര കണ്ട്രോൾ ചെയ്താലും   കയറി ഇടപെടാൻ തോന്നും .. ഒരു വട്ടം ഇടപെട്ടു പോയാൽ പിന്നെ " അള്ളാനെ  ഇതെല്ലം കൂടി  ഇപ്പൊ ഞമ്മടെ കുറ്റായോ " എന്ന് പപ്പു ചേട്ടൻ ചോദിക്കുന്നത് പോലെ ചോദിക്കേണ്ടി വരും അതല്ലെങ്കിൽ നമ്മുടെ സ്വന്തം ദാസേട്ടന് നവരാത്രി കാലത്ത് നാവിൽ വികട  സരസ്വതി കളിയാടുമോ . അതും ഒരു പെണ്‍ വസ്ത്ര വിഷയത്തിൽ ..

ഞാൻ പലതും അറിഞ്ഞു.. കാലം എന്നെ കണ്ട്രോൾ ഉള്ളവനാക്കി .. പലതിലും. ഒരു പറങ്കി അണ്ടി പരിപ്പ് തരാം എന്ന് പറഞ്ഞാൽ വീടിന്റെ ആധാരം വരെ കൂട്ടുകാർക്ക് കൊടുക്കുമായിരുന്ന ഞാൻ..  കഴിഞ്ഞ ആഴ്ച വാൾമാർട്ടിൽ നിന്ന് മേടിച്ച  ഒരു ടിൻ വറുത്ത അണ്ടി പരിപ്പ് ഓഫീസിൽ കൊണ്ട് " help yourself " എന്ന് പറഞ്ഞു വെറുതെ കൊടുത്തു .. മതിയായി ..ഇതൊക്കെയാണെങ്കിലും " സ്ത്രീയെ " വ്യക്തമായി  മനസ്സിലാക്കാൻ ഇന്നും എനിക്ക് കഴിഞ്ഞിട്ടില്ല . അത് കൊണ്ട് തന്നെ ആദിമ മനുഷ്യന് ഇടി മിന്നലിനോടു തോന്നിയ പോലെ ഒരു പേടി എനിക്ക് സ്ത്രീകളുമായി ഇടപെടുമ്പോൾ തോന്നാറുണ്ട് അപ്പോൾ പിന്നെ ഒരു സ്ത്രീ സമൂഹം തന്നെ കടിച്ചു കീറാൻ നിൽക്കുന്ന ഗാന ഗന്ധർവന്റെ അവസ്ഥ വ്യക്തമായി ഞാൻ  മനസ്സിലാക്കുന്നു

പേർസണൽ ആയിട്ട് പറഞ്ഞാൽ " ഉപദേശിക്കുക " എന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഹോബി ആണ് , വിവിധ സംഭാഷണങ്ങളിൽ
 " ഇനിയെങ്കിലും നന്നായി കൂടെ"  എന്ന മട്ടിലുള്ള ചേതമില്ലാത്ത ഉപദേശങ്ങൾ  സ്ഥാനത്തും അസ്ഥാനത്തും പ്രായ വർണ്ണ ബെധമെന്യെ കൊടുക്കുക എന്നത് എൻറെ കൊച്ചിലെ ഉള്ള ദുർബലത ആണ് . പക്ഷെ ഇനി എന്നെ ജയലളിതയുടെ ദത്തു പുത്രൻ ആക്കാം എന്ന് പറഞ്ഞാലും ചെയ്യാത്ത ഒരു സംഗതി ആണ് പെണ്ണുങ്ങളെ അവരുടെ വസ്ത്രത്തെ പറ്റി  ഉപദേശിക്കുക എന്നത്. കാരണം

സ്ത്രീ എന്നത് ഭൂമി ദേവിയെ പോലെ ആണ് .. അതിനു ഞാൻ ആലോചിച്ചപ്പോൾ തോന്നിയ ചില ഉദാഹരണങ്ങൾ

സ്ത്രീ അവൾ എന്തും സഹിക്കും .. പക്ഷെ ഉള്ളിൽ  അഗ്നി പർവതം എപ്പോഴും  സൂക്ഷിക്കും

ദൂരെ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എന്ത് സുന്ദരി.. അടുക്കുമ്പോൾ അറിയാം .. .. അടുക്കുമ്പോഴും സുന്ദരി .. ( എന്റെ ഭാര്യ)

സൂര്യന് ചുറ്റും തിരിയും .. സൂര്യന്റെ വെളിച്ചം ആവശ്യമാണ്‌ .. പക്ഷെ  വേറെ ആരെക്കൊണ്ടും സൂര്യനെ നോക്കിക്കില്ല .. നോക്കിയാൽ അവന്റെ കണ്ണ്‍ അടിച്ച് പോകും ( സൂര്യൻ ആരാ എന്ന് പറയേണ്ടതില്ലല്ലോ )

ഉണ്ടായ കാലം മുതൽ സൂര്യനെ പഠിക്കാൻ ശ്രമം നടത്തുന്നു .. ഇത് വരെ നടന്നിട്ടില്ല .. ( അല്ലാ പിന്നെ )

 മാത്രമല്ല  ഭൂമി ഉണ്ടായ കാലം മുതൽ നാം  മഴയും .. ചൂടിനേയും തണുപ്പിനെയും കുറ്റം പറയുന്നു .. എന്തിന് അമേരിക്കയിൽ പൂക്കാലത്തിന് പോലും കുറ്റം ആണ് .. ഇവിടുള്ള മിക്ക മക്കൾക്കും ആ സീസണിൽ പൂ അലെർജി ആണ് .. ഇതിനൊക്കെ ഭൂമിയെ ഉപദേശിച്ചിട്ട് കാര്യം ഉണ്ടോ .. ഉപദേശിച്ചാൽ ഒരു എക്സ്ട്രാ സ്നോ കൂടെ പെയ്യും എന്നല്ലാതെ സീസണൽ ആയ യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ട .. അഥവാ മാറ്റം വേണ്ടവന് കുറച്ച് കാലം കാത്തിരിക്കേണ്ടി വരും ..  അത് പോലെ ദാസേട്ടന് പെണ്‍കുട്ടികൾ ജീൻസ് ഇടുന്നത് ഇഷ്ടം അല്ലെങ്കിൽ ഒരു അഞ്ചു വർഷം കാത്തിരിക്കൂ .. അവർ വേറെ ഫാഷൻ ഇറക്കും ..


ഇത് വായിക്കുന്ന സ്ത്രീകളോട് ഒരു അപേക്ഷ .. എനിക്ക് നിങ്ങളോട് എന്നും ബഹുമാനം ആണ് .. ഇത് നിങ്ങളെപ്പറ്റി അല്ല ... ഞാൻ പൊതുവിൽ പറഞ്ഞതാ ..







Sunday, June 8, 2014

ആറന്മുളയിലെ മഴത്തുള്ളികൾ

മോഹങ്ങളോരോന്നായ് മാറോടു ചേർത്ത് ഞാൻ
പെയ്തിറങ്ങി കുഞ്ഞു നീർ മണി ത്തുള്ളിയായ് 
പാവാടത്തുമ്പിലെ സ്വപ്‌നങ്ങൾ മൂകമായ് 
പ്രാണനാഥൻ തന്നിൽ   അലിയിച്ചു വിങ്ങുവാൻ 
കന്നു കലപ്പയാൽ കീറിയ   പുഞ്ചിരി
മാരിവിൽ സഖിമാരെ പുളകിത യാക്കവേ 
നാണിച്ചു  ഞാനിന്നീ  പുലരിതൻ തണലിലും 
പൊള്ളുന്ന ഉള്ളമൊരു  ഒരു മിന്നലാകുമ്പോഴും
എന്നിലെ എന്നെക്കാൾ പഴകിയ ഓർമ്മകൾ 
പരിഭവ താക്കോലിൽ പൂട്ടിയ മൌനങ്ങൾ 
നാറുന്ന റണ്‍വേ യിൽ  തൂവാനം സാക്ഷിയായ് 
തേങ്ങുന്ന തുള്ളിയായ് പൊട്ടിച്ചിതറവെ 
ചെറു മഞ്ഞു തുള്ളിയാം ഈ കൊച്ചു ജലകണം 
 ചെളിവെള്ളമായി പതഞ്ഞോരീ  പമ്പയിൽ 
നദിയുടെ മാറിൽ ഞാൻ മൌനമായ് കേഴവേ 
നിറ മിഴിത്തുള്ളി ഈ കരയെ വിഴുങ്ങവേ 
ചെറു പുഞ്ചിരിയോടെന്നെ മാറോടു ചെർത്തൊരീ
 തിരയില്ലാ "ജന"സാഗരം എന്നുമേ ശാന്തം .. സ്വാർത്ഥം 

                                                                 

25 പൈസയും ആത്മാർത്ഥതയും



കാര്യം  ധനലക്ഷ്മി കൂൾ ബാറും രണ്ടു മൂന്ന് മെഡിക്കൽ കടകളും .. മിനി ഏജൻസിസ് .. ഫൈവ് സ്റ്റാർ ബേക്കറി ഇത്യാദി വൻകിട  റീറ്റയിൽ സംരംഭങ്ങളും ഒക്കെ ഉണ്ടെങ്കിലും .. നെന്മാറക്ക് .. ലഡ്ഡു വിൽ ഉണക്ക മുന്തിരി ഇല്ലാത്ത  പോലെ ഒരു കുറവ് പഞ്ചായത്ത് പ്രസിഡന്റ്‌ ദിവാകരേട്ടൻ കണ്ടെത്തി .


  ഒരു ബസ് സ്റ്റാന്റ്

 പൊള്ളാച്ചിയിലെ ക്കും ..പലക്കാട്ടെക്കും . പഴനിയിലെക്കും മിനിട്ടിനു 10  വണ്ടി വച്ച്  ( പൂജ്യത്തിനു വില ഇല്ലല്ലോ  )  നെന്മാറ വഴി പോകുന്നുണ്ടെങ്കിലും .. ഇവയെ ഒന്ന് ചങ്ങല ഇട്ട് .. പട്ടയും വെള്ളവും കൊടുക്കാൻ ഒന്നല്ല മിനിമം പത്ത് ബസ് സ്റ്റാന്റ് എങ്കിലും വേണമായിരുന്നു എന്നതായിരുന്നു നാട്ടുകാരുടെ പക്ഷം.  അങ്ങനെ പച്ചിലയും റെഡി .. കത്രികയും റെഡി .. ഇനി മുറിച്ചാൽ മതി എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങൾ

ഒരു കലിപ്പും കൂടാതെ പുത്തൻ തറയിലെ നടു സെൻററിൽ സൂര്യകാന്തി ചെണ്ടിലെ വണ്ട്‌  പോലെ ഇരിക്കുന്ന  പത്ത് പറകണ്ടം ... നിസ്സാര വിലയ്ക്ക് . ഉടമ ഈരാളി കൃഷ്ണേട്ടൻ , പഞ്ചായത്തിന് കൊടുത്തു .. നാടിന് വേണ്ടി അല്ലെ .. ( അത് ഒരു കാലം !! .. )

ഏഷ്യാനെറ്റ്‌.. നികേഷ് കുമാർ  എന്നീ പ്രസ്ഥാനങ്ങൾ  നിലവിൽ ഇല്ലാത്ത കാലം ആയിരുന്നത് കൊണ്ട് ..ആറന്മുള പോലെ ഒരു വിവാദവും ഇല്ലാതെ  നാട്ടുകാർ തന്നെ ഉത്സാഹിച്ച് രണ്ട് രാത്രി കൊണ്ട്  പാടം  ബോയ്സ് സ്കൂൾ ഗ്രൌണ്ട് പോലെ ആക്കി .. ബസ്സിൽ വരുന്നവർക്ക്  കണക്ടിംഗ് ബസ് .. ഡിലെ ആയാൽ വിശ്രമിക്കാനും .. ഒന്ന് ഷോപ്പ് ചെയ്യാനും  " സുരേഷ് ലേഡിസ് കോർണർ " , " വാവ ബസാർ " . " ഗണേഷ് കൂൾ ഹൌസ് " എന്നിവ എടുപിടീന്ന് ഉയര്ന്നു വന്നു . സംഗതി ഉഷാർ ആയി .. എങ്കിലും പരമ പ്രധാനമായ ഒരു സ്ഥാപനം പിന്നെയും മിസ്സിംഗ്‌ ആയിരുന്നു "ഒരു മൂത്രപ്പുര"

അത്  വരാൻ കാരണം  നെമ്മാറ ടൌണിലെ തെരുവിന്റെ പുത്രനും .. ചെയുന്ന ജോലിയോട് 916 ആത്മാർത്ഥത ഉണ്ടായിട്ടും ഒരു പണിയിലും അഞ്ചു മാസത്തിൽ കൂടുതൽ നിലക്കാത്ത ട്രാക്ക് റെക്കോർഡ്‌ ഉള്ള  .. ബിജുരാജ് ആയിരുന്നു  .

തൊഴിൽ അവസരങ്ങൾക്ക് യാതൊരു കുറവും ഇല്ലാത്ത .. അമേരിക്ക കഴിഞ്ഞാൽ പിന്നെ land of opportunities എന്ന് പേര് ഉള്ള നെമ്മാറ, ബിജുരാജിനെ പോലെ ഉള്ള ഒരു തൊഴിൽ അന്വേഷകനെ അങ്ങനെ  അങ്ങ്  നിരാശൻ ആക്കിയില്ല. ബിജുവിന്റെ കാരിയറിലെ ആദ്യ പ്ലയിസ്മെന്റ് കമല വിലാസം  ഹോട്ടലിൽ ആയിരുന്നു. " dish washing supervisor trainee " ആയിട്ട് . അവിടുത്തെ കമല ചേച്ചിയുടെ അമ്മായിടെ മകൻ ദുബായിൽ നിന്ന് കൊണ്ട് വന്ന നോണ്‍ സ്റ്റിക്ക് പാൻ .. " ഇന്നിതിന്റെ കരി ശരിയാക്കിയിട്ടേ ഉള്ളൂ " എന്ന് പറഞ്ഞു രണ്ടു മണിക്കൂർ എടുത്ത് നോണ്‍ സ്റ്റിക്ക് കോട്ടിംഗ് മുഴുവൻ ഇളക്കി കളഞ്ഞ ബിജുവിനെ അന്ന് തന്നെ ഫയർ ചെയ്യാൻ കമല ചേച്ചിക്ക് HR manager ആയ ഭർത്താവിനെ കാത്തു നിൽക്കേണ്ടി വന്നില്ല

അങ്ങനെ ഒരു വർഷം  കൊണ്ട്  പതിനാറു  വിവിധ സംരംഭങ്ങളിൽ സ്വന്തം " ബിജുരാജ് ടച്ച്‌ " വ്യക്തമാക്കി കൊണ്ട് ജോലി ചെയ്ത ബിജുവിന് അവസാനമായി ലഭിച്ചത് പുതിയ ബസ്സ്‌ സ്റ്റാന്റ് ടാറിംഗ് ജോലി ആയിരുന്നു . ജോലി കാണാൻ വന്ന പഞ്ചായത്ത് പ്രസിഡണ്ട്‌ ദിവാകരെട്ടൻ ദൂരെ മാറിയിരുന്ന് കുത്തിയിരുന്ന് മൂത്രം ഒഴിക്കുന്ന ബിജുരാജിനെ ശ്രദ്ധിച്ചതോടെ അവിടെ പ്രധാനമായി വേണ്ട ഒരു മൂത്രപ്പുരയുടെ ആവശ്യം ഉള്ളിൽ ഉദിക്കുകയും .. താമസിയാതെ അവിടെ ഒരു ഒന്നൊന്നര മൂത്രപ്പുര ഉയരുകയും ചെയ്തു .

ഇനി ഇതില്‍ അത്യാവശ്യത്തിനു വരുന്നവരോട് പൈസ പിരിക്കാന്‍ ഒരാളെ വേണം . രാവിലെ തൊട്ടു വൈകുന്നേരം വരെ മൂക്ക് അടിച്ചു പോകുന്ന  ജോലിയുടെ കാഠിന്യം അറിയാവുന്നത് കൊണ്ടോ , പഞ്ചായത്തില്‍ നിന്ന് കിട്ടുന്ന ആറക്ക ശമ്പളം വേണ്ടെന്നു വച്ചിട്ടോ എന്നറിയില്ല .. അപ്പണിക്ക്  ഒരു നെമ്മാറ ക്കാരനെയും പഞ്ചായത്തിന് കിട്ടിയില്ല  .. അവസാനം പറഞ്ഞു കേട്ടു വന്നു നമ്മുടെ സ്വന്തം ബിജുരാജിനെ ഈ പണിക്ക് നിയമിക്കുകയും ചെയ്തു

അങ്ങനെയിരിക്കെ സ്ഥലത്തെ പ്രമാണിയും മൂക്കത്ത്  ഈച്ച വന്നിരുന്നാല്‍ ആസിഡ്  ഒഴിച്ച് കൊല്ലുന്ന  ശാന്ത സ്വരൂപനും ആയിരുന്ന  ഉല്പലാക്ഷൻ നായർക്ക്   ..കൊഴിഞ്ഞാമ്പാറ യിൽ ഉള്ള ഒരു സ്വന്തക്കാരൻറെ    മകളുടെ കല്യാണം ..ഓട്ടോ ടാക്സി പണിമുടക്ക്‌ ആയതിനാൽ ബസ്സിൽ തന്നെ പോകാം എന്ന് വച്ചു  നായരും .. ഭാര്യ സരള ചേച്ചിയും രാവിലെ തന്നെ നെമ്മാറ ബസ്‌ സ്റ്റാന്റ് ൽ  വന്നെത്തി .

താൻ കല്യാണം കഴിച്ചത് തന്റെ അമ്മയുടെ ഒരേ ഒരു  ആവശ്യപ്രകാരം ആണെന്നും ..മൂന്ന് നേരവും വച്ചു വിളമ്പി തരാനും .. അടിച്ചു വാരാനും മാത്രമുള്ള ഒരു ആജീവനാന്ത കാല വേലക്കാരി ആണ് തന്റെ ഭാര്യ എന്ന് വിശ്വസിച്ചു പോന്ന നായർ രാവിലെ പത്രം വരാൻ വൈകിയാൽ മുതൽ രാത്രി അടുത്ത വീട്ടിലെ പട്ടി കുരച്ചാൽ പോലും സരള ചേച്ചിയെ ശാസിക്കുമായിരുന്നു .പണ്ട് ഒരു നാള്‍ ഉല്പലാക്ഷൻ നായര്  വീട്ടിൽ ഒരു ഓട്ടോയിൽ വന്നിറങ്ങി .. സമയം ഏറെ കഴിഞ്ഞിട്ടും ഓട്ടോ തിരിച്ച് പോകാതെ ഇരിക്കുന്നത് കണ്ടപ്പോൾ ആണത്രേ സരള ചേച്ചി സ്വന്തം ഭർത്താവ് ഒരു ഓട്ടോ വാങ്ങി എന്ന് അറിയുന്നത്.

സരള ചേച്ചിക്ക് ചീത്ത കേള്‍ക്കുന്ന ആയിരക്കണക്കിന് കാരണങ്ങളില്‍ ഒന്ന് അവരുടെ യാത്രക്കിടയിലെ ശര്‍ദ്ദിയും ... മൂത്രമൊഴി ശങ്കയും ആണ് . " അവോമിന്‍ " എന്ന അത്ഭുത മരുന്ന് ഹോള്‍ സയില്‍ ആയി വാങ്ങി ശര്‍ദ്ദി അടക്കി നിർത്താമെങ്കിലും ..മൂത്രമൊഴി ശങ്ക ഓരോ യാത്രയിലും സരള ചേച്ചിക്ക്  തൃഫലാദി കഴിച്ച പോത്തിന്റെ സൌണ്ടിൽ സ്ഥിരമായി ചീത്ത കേൾപ്പിച്ചിരുന്നു

അങ്ങനെ കല്യാണത്തിനു പോവുന്ന വഴി  നെമ്മാറ ബസ്‌ സ്റ്റാന്റിൽ വച്ചും സരള ചേച്ചിക്ക് പതിവ് ശങ്ക ഫീൽ ചെയ്തു .. വലുതായിട്ടൊന്നും ഇല്ലെങ്കിലും .. ഒരു അശ്ക്യത .. കല്യാണത്തിനു മുഹൂര്ത്തം ആയോ എന്ന് വാച്ചിനെയും .. അകലെ ചായകുടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവറെ യും മാറി മാറി  നോക്കി കൊണ്ടിരിക്കുന്ന സ്വന്തം ഭർത്താവിനോട് ഈ വിഷയം എങ്ങനെ പറയും എന്നോര്ത്ത് സരള ചേച്ചി ഒന്നു് നിശ്വസിച്ച്  പുറത്തേക്ക് നോക്കി ... ആലോചിക്കും തോറും കാര്യം വഷൾ ആവുന്ന ചില കാര്യങ്ങളിൽ ഒന്നായത് കൊണ്ട് .. രണ്ടും കല്പിച്ച് സരള ചേച്ചി തന്റെ പ്രിയതമനോട്‌  തന്റെ ആവശ്യം അറിയിച്ചു .

" ഇവിടെ എങ്ങാനും ഒരു മൂത്രപ്പെര  ഇണ്ടോ  എന്തോ "

പഞ്ചാഗ്നി പെട്രോൾ ഒഴിച്ച് കണ്ണിൽ ചാലിച്ചു എന്നൊക്കെ ചിന്തിക്കാം .. പക്ഷെ ആ കണ്ണുകളിൽ സരള ചേച്ചി അതാണ്‌ കണ്ടത് ..

 " നിന്നോട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആയിരം പ്രാവശ്യം ചോദിച്ചതല്ലേ " .. " ഇപ്പോൾ ഡ്രൈവർ വന്നാൽ വണ്ടി വിട്ടു പോകും " " മുഹൂർത്തം കഴിഞ്ഞ് ഉണ്ണാൻ എന്റെ പട്ടി പോകും " .. ഇങ്ങനെ പല പല തീപ്പൊരി ഡയലോഗുകൾ ആ നോട്ടത്തിൽ നിന്ന് സരള ചേച്ചി വായിച്ചെടുത്തു ..

ആദ്യത്തെ ദേഷ്യം  ഒന്നടങ്ങിയതിനു ശേഷം നായർ പറഞ്ഞു " ദാ അവിടെ മൂത്രപ്പുര ഉണ്ട് .. നാല് മിനിട്ട് ഉണ്ട് വണ്ടി എടുക്കാൻ .. നീ വന്നാൽ വന്നു .. അല്ലെങ്കിൽ ഞാൻ പോയി കല്യാണം കൂടി വരും .. നീ വീട്ടിലേയ്ക്ക് നടന്നു പൊയ്ക്കോ "

കേട്ട പാതി സാരി ഒതുക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഡ്രൈവർ സോഡ പാതി കുടിച്ച് ബാക്കി കൊണ്ട് മുഖം കഴുകി പെട്ടിക്കടയിൽ പൈസ കൊടുക്കുന്നത് സരള ചേച്ചി കണ്ടത് . പല കാര്യങ്ങൾ ഒരുമിച്ചു സംഭവിച്ചാൽ മാത്രമേ ഇന്ന് രാത്രി ചെവിതല കേട്ട് കിടന്നുറങ്ങാൻ കഴിയൂ എന്ന് ചേച്ചിക്ക് മനസ്സിലായി സാരി തലപ്പ്‌ മുകളിലേയ്ക്ക് പിടിച്ച് ചേച്ചി ഓടി നമ്മുടെ ബിജുരാജിന്റെ പഞ്ചായത്ത് മൂത്രപ്പുരയിലെയ്ക്ക് കയറി


വീട്ടിൽ പിരിവു ചോദിക്കാൻ വന്നവരുടെ മുഖ ഭാവത്തോടെ ചേച്ചി മുൻപിൽ ഞെളിഞ്ഞ് ഇരിക്കുന്ന ബിജുരാജിനെ നോക്കി

യൂറിൻ .. എവിടെയാ ..

( അല്ലേലും ഇങ്ങനെയുള്ള അത്യാവശ്യ  കാര്യങ്ങൾ മലയാളി ഇപ്പോഴും ഇംഗ്ലീഷിൽ ചോദിക്കും മലയാളത്തിൽ പറഞ്ഞാൽ വൃത്തികേടാണ് )

ബിജുരാജ് ആഗ്യം കാണിച്ചു .. കയറി പോവാൻ തുടങ്ങുന്ന ചേച്ചിയെ തടഞ്ഞ്  ബിജു തന്റെ നയം വ്യക്തമാക്കി

അതേയ് 25 പൈസ

അതൊരു ഇടിത്തീ പോലെ ആണ് സരള ചേച്ചിക്ക് തോന്നിയത്

ഒരു നിമിഷം തിരികെ പോയി ഭർത്താവിനോട് 25 പൈസ ചോദിക്കുന്നത് മനസ്സിൽ വിചാരിച്ചു .. അപ്പോൾ ആ ബസ്സ്‌ , ഷാജി കൈലാസ് സിനിമയിൽ കാണുന്നത് പോലെ പൊട്ടിത്തെറിക്കുന്നത് പോലെ തൊന്നി

കാര്യം സ്ഥിരം  പിച്ചക്കാർക്ക് കൊടുക്കുന്ന പൈസ .. പക്ഷെ കാര്യത്തിന് പൈസ തന്നെ വേണ്ടേ ..

മൂത്രം തുമ്പിൽ നില്ക്കുന്നു .. ഡ്രൈവർ ഇപ്പോൾ കയറും ..വണ്ടി പോയാൽ പിന്നെ 2 കിലോമീറ്റർ പൊരി വെയിലത്ത് നടന്നു വീട്ടില് പോണം ..ഓട്ടോ ടാക്സി ഇല്ല ..എല്ലാം സഹിക്കാം  കുറഞ്ഞത് ഒരാഴ്ച നായരുടെ ചീത്ത കേൾക്കണം

ഒരു 25 പൈസയുടെ വില

സരള ചേച്ചി അടവ് നയം പുറത്ത് എടുത്തു ..

പു (ന്നാര) മോനെ  ഇപ്പൊ ചേഞ്ച്‌ ഇല്യ   ഞാൻ  പിന്നെ വരുമ്പോൾ തരാം .. നിനക്ക് താഴെക്കാട്ട് വീട് അറിയില്ല്യെ  .. ഞാൻ അവിടുത്തെയാ ..ഹസ്ബന്റ് കാത്തിരിക്കുന്നു ..ഇപ്പൊ ബസ്‌ വിടും

എന്തും ബിജുരാജ് ഉപേക്ഷിക്കും പക്ഷെ ജോലിയോട്  ആത്മാർത്ഥത .. ഒരിക്കലും വയ്യ

ബിജുരാജ് : അയ്യോ .. അതെങ്ങനെയാ ശരിയാവുക .. ബുക്കിൽ കൌണ്ട് എഴുതി  എനിക്ക് കണക്ക് കൊടുക്കണം ..ചേച്ചി പോയി കാശ് വാങ്ങിക്കൊണ്ടു വാ

അത് ശ്രദ്ദിക്കാതെ "അത്യാവശ്യം ആണേ "  എന്ന് പറഞ്ഞ് കയറി പോവാൻ തുടങ്ങിയ ചേച്ചിയെ ബിജുരാജ് കൈ കാട്ടി തടഞ്ഞു

സരള ചേച്ചി .. നമ്മുടെ താഴെക്കാട്ടിലെ . അവിടം തൊട്ട് . തനി തറയായി മാറി

ഫാ ... നായിന്റെ മോനെ കൈ എടുക്കെടാ .. അവന്റെ ഒരു 25 പൈസ ..കൊലക്കുറ്റം ഒന്നും അല്ലല്ലോ .. വയസ്സായ തള്ളയ്ക്ക് ഒന്ന് മൂത്രം ഒഴിക്കാൻ അവന്റെ ഒരു കണക്ക് ബുക്ക്‌ ..

ഇത് പറഞ്ഞ് കൈ തട്ടി മാറ്റി മൂത്രപ്പുരയിൽ കയറി കതക് അടച്ചു

മൂത്രപ്പുരയുടെ ഉള്ളിൽ നിന്നും ചേച്ചി പുലമ്പി കൊണ്ടിരുന്നു ..

" അവന്റെ ഒരു 25 പൈസ "

ആ ദാരുണ സംഭവത്തിനു ശേഷം ബിജുരാജ് വരുന്നവരോട് ഇങ്ങനെ പറഞ്ഞു തുടങ്ങി

" ഉണ്ടെങ്കിൽ ഒരു 25 പൈസ ..."












ശ്രീഹരി നെമ്മാറ