Monday, October 6, 2014

ദാസേട്ടനും ജീൻസും




പണ്ടൊരു നമ്പൂതിരി സ്വന്തം വേളിയോടു വഴക്കിട്ട്  ഹിമാലയത്തിൽ പോയത്രേ .. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവിടെ മുടിഞ്ഞ തണുപ്പ് .. ഒരു കമ്പിളി കിട്ടിയാൽ തരക്കേടില്ല എന്ന് തോന്നി .. ചില്ലി കാശ് ആണെങ്കിൽ കയ്യിൽ  ഇല്ല ..ഒന്ന് കയ്യും കാലും കഴുകാം എന്ന് വച്ച് നദിയിൽ ഇറങ്ങിയപ്പോൾ ആണ് ദൂരെ നിന്ന് ഒരു കമ്പിളി ഒഴുകി വരുന്നത് കണ്ടത് .. ഉടനെ ചാടി നമ്പൂതിരി കമ്പിളിയിൽ പിടിച്ചതും അയാൾ മുങ്ങി താഴാൻ തുടങ്ങി .. കമ്പിളിയുടെ ഭാരം കൊണ്ടാണ് നമ്പൂരി മുങ്ങുന്നത് എന്ന് കരുതിയ നാട്ടുകാർ കമ്പിളി വിട്ടിട്ട് കരയ്ക്ക് നീന്താൻ പറഞ്ഞു ... അപ്പോൾ നമ്പൂരി വിളിച്ചു പറഞ്ഞത്രേ

" ഞാൻ എപ്പോഴേ വിട്ടു കമ്പിളി ആണ് എന്നെ വിടാത്തത്‌ " എന്ന് .


. കാരണം കമ്പിളി വെറും കമ്പിളി ആയിരുന്നില്ല ഒരു കരടി ആയിരുന്നു ..

ഞാൻ ഇപ്പൊ എന്തിനാ ഇത്രയും പറഞ്ഞത് എന്ന് വച്ചാൽ ഈ കമ്പിളി പോലെ വേറെ ഒരു ഐറ്റം ആണ് " പെണ്‍ വിഷയം "  വേണ്ട്ര വേണ്ട്രാ എന്ന് എത്ര കണ്ട്രോൾ ചെയ്താലും   കയറി ഇടപെടാൻ തോന്നും .. ഒരു വട്ടം ഇടപെട്ടു പോയാൽ പിന്നെ " അള്ളാനെ  ഇതെല്ലം കൂടി  ഇപ്പൊ ഞമ്മടെ കുറ്റായോ " എന്ന് പപ്പു ചേട്ടൻ ചോദിക്കുന്നത് പോലെ ചോദിക്കേണ്ടി വരും അതല്ലെങ്കിൽ നമ്മുടെ സ്വന്തം ദാസേട്ടന് നവരാത്രി കാലത്ത് നാവിൽ വികട  സരസ്വതി കളിയാടുമോ . അതും ഒരു പെണ്‍ വസ്ത്ര വിഷയത്തിൽ ..

ഞാൻ പലതും അറിഞ്ഞു.. കാലം എന്നെ കണ്ട്രോൾ ഉള്ളവനാക്കി .. പലതിലും. ഒരു പറങ്കി അണ്ടി പരിപ്പ് തരാം എന്ന് പറഞ്ഞാൽ വീടിന്റെ ആധാരം വരെ കൂട്ടുകാർക്ക് കൊടുക്കുമായിരുന്ന ഞാൻ..  കഴിഞ്ഞ ആഴ്ച വാൾമാർട്ടിൽ നിന്ന് മേടിച്ച  ഒരു ടിൻ വറുത്ത അണ്ടി പരിപ്പ് ഓഫീസിൽ കൊണ്ട് " help yourself " എന്ന് പറഞ്ഞു വെറുതെ കൊടുത്തു .. മതിയായി ..ഇതൊക്കെയാണെങ്കിലും " സ്ത്രീയെ " വ്യക്തമായി  മനസ്സിലാക്കാൻ ഇന്നും എനിക്ക് കഴിഞ്ഞിട്ടില്ല . അത് കൊണ്ട് തന്നെ ആദിമ മനുഷ്യന് ഇടി മിന്നലിനോടു തോന്നിയ പോലെ ഒരു പേടി എനിക്ക് സ്ത്രീകളുമായി ഇടപെടുമ്പോൾ തോന്നാറുണ്ട് അപ്പോൾ പിന്നെ ഒരു സ്ത്രീ സമൂഹം തന്നെ കടിച്ചു കീറാൻ നിൽക്കുന്ന ഗാന ഗന്ധർവന്റെ അവസ്ഥ വ്യക്തമായി ഞാൻ  മനസ്സിലാക്കുന്നു

പേർസണൽ ആയിട്ട് പറഞ്ഞാൽ " ഉപദേശിക്കുക " എന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഹോബി ആണ് , വിവിധ സംഭാഷണങ്ങളിൽ
 " ഇനിയെങ്കിലും നന്നായി കൂടെ"  എന്ന മട്ടിലുള്ള ചേതമില്ലാത്ത ഉപദേശങ്ങൾ  സ്ഥാനത്തും അസ്ഥാനത്തും പ്രായ വർണ്ണ ബെധമെന്യെ കൊടുക്കുക എന്നത് എൻറെ കൊച്ചിലെ ഉള്ള ദുർബലത ആണ് . പക്ഷെ ഇനി എന്നെ ജയലളിതയുടെ ദത്തു പുത്രൻ ആക്കാം എന്ന് പറഞ്ഞാലും ചെയ്യാത്ത ഒരു സംഗതി ആണ് പെണ്ണുങ്ങളെ അവരുടെ വസ്ത്രത്തെ പറ്റി  ഉപദേശിക്കുക എന്നത്. കാരണം

സ്ത്രീ എന്നത് ഭൂമി ദേവിയെ പോലെ ആണ് .. അതിനു ഞാൻ ആലോചിച്ചപ്പോൾ തോന്നിയ ചില ഉദാഹരണങ്ങൾ

സ്ത്രീ അവൾ എന്തും സഹിക്കും .. പക്ഷെ ഉള്ളിൽ  അഗ്നി പർവതം എപ്പോഴും  സൂക്ഷിക്കും

ദൂരെ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എന്ത് സുന്ദരി.. അടുക്കുമ്പോൾ അറിയാം .. .. അടുക്കുമ്പോഴും സുന്ദരി .. ( എന്റെ ഭാര്യ)

സൂര്യന് ചുറ്റും തിരിയും .. സൂര്യന്റെ വെളിച്ചം ആവശ്യമാണ്‌ .. പക്ഷെ  വേറെ ആരെക്കൊണ്ടും സൂര്യനെ നോക്കിക്കില്ല .. നോക്കിയാൽ അവന്റെ കണ്ണ്‍ അടിച്ച് പോകും ( സൂര്യൻ ആരാ എന്ന് പറയേണ്ടതില്ലല്ലോ )

ഉണ്ടായ കാലം മുതൽ സൂര്യനെ പഠിക്കാൻ ശ്രമം നടത്തുന്നു .. ഇത് വരെ നടന്നിട്ടില്ല .. ( അല്ലാ പിന്നെ )

 മാത്രമല്ല  ഭൂമി ഉണ്ടായ കാലം മുതൽ നാം  മഴയും .. ചൂടിനേയും തണുപ്പിനെയും കുറ്റം പറയുന്നു .. എന്തിന് അമേരിക്കയിൽ പൂക്കാലത്തിന് പോലും കുറ്റം ആണ് .. ഇവിടുള്ള മിക്ക മക്കൾക്കും ആ സീസണിൽ പൂ അലെർജി ആണ് .. ഇതിനൊക്കെ ഭൂമിയെ ഉപദേശിച്ചിട്ട് കാര്യം ഉണ്ടോ .. ഉപദേശിച്ചാൽ ഒരു എക്സ്ട്രാ സ്നോ കൂടെ പെയ്യും എന്നല്ലാതെ സീസണൽ ആയ യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ട .. അഥവാ മാറ്റം വേണ്ടവന് കുറച്ച് കാലം കാത്തിരിക്കേണ്ടി വരും ..  അത് പോലെ ദാസേട്ടന് പെണ്‍കുട്ടികൾ ജീൻസ് ഇടുന്നത് ഇഷ്ടം അല്ലെങ്കിൽ ഒരു അഞ്ചു വർഷം കാത്തിരിക്കൂ .. അവർ വേറെ ഫാഷൻ ഇറക്കും ..


ഇത് വായിക്കുന്ന സ്ത്രീകളോട് ഒരു അപേക്ഷ .. എനിക്ക് നിങ്ങളോട് എന്നും ബഹുമാനം ആണ് .. ഇത് നിങ്ങളെപ്പറ്റി അല്ല ... ഞാൻ പൊതുവിൽ പറഞ്ഞതാ ..







No comments:

Post a Comment