എന്റെ ശബ്ദത്തിന് കനം കുറഞ്ഞത് കൊണ്ടാണോ അതോ .. " പോടാ ചെക്കാ നിന്നെ പോലെ എത്ര തലമുറ കണ്ടതാ " എന്ന ഭാവത്തിലാണോ എന്നറിയില്ല പ്രകൃതി എന്നും കൃത്യം ഒക്ടോബർ ആവുമ്പോൾ കൂളിംഗ് ഫാൻ ഓണ്‍ ചെയ്യും .. പലരുടെയും കരളിൽ കോള നിറയ്ക്കുന്ന വിന്റെരിനോട് എനിക്ക് വിരോധം തോന്നിയത് യാദൃശ്ചികം അല്ല .. അതിന് ഒരു ചരിത്രം ഉണ്ട്
അമേരിക്കയിൽ വന്ന കാലം .. ഒരു ഡിസംബർ മാസം ശനിയാഴ്ച രാത്രി . അന്ന് കല്യാണം കഴിച്ചിട്ടില്ല .. തനിച്ചാണ് താമസം ... കടാപ്പുരത്തെ ചാകര മീനുകളെ പോലെ പോലെ സമയം ഇങ്ങനെ മുൻപിൽ തുള്ളി കളിക്കുകയാണ് ..ചെയ്യാനാണെങ്കിൽ കാര്യമായിട്ടൊന്നും ഇല്ല ..
എന്നാ പിന്നെ പുറത്തു പോയി മെയിൽ ഒക്കെ ഒന്ന് എടുത്തിട്ടു വരാം എന്ന് എപ്പോഴോ തോന്നി
പുറത്തു പോവാനായി കതവു തുറന്നപ്പോൾ ഉരുണ്ടു കൂടി " ശോല്ലാത ഇടം കൂടെ " കുളിരുന്ന തണുപ്പ് ( കടപ്പാട് : വൈരമുത്തു ). ഇനിയിപ്പൊ കഥകളിക്ക് ഒരുങ്ങുന്നത് പോലെ ഒരുങ്ങണം .. അതും 5 മിനിട്ടിനു വേണ്ടി .. ഇനി ഇപ്പൊ പോവേണ്ട നാളെ എങ്ങാനും പോവാം .. പാവം മനസ്സ് പറഞ്ഞു
അടുത്ത സെക്കണ്ടിൽ മനസ്സ് ആസ്ഥാനത്ത് ഒരു ഡയലൊഗ് കാച്ചി .. ഇതല്ലേ പ്രശ്നം
" ഹേ യുവാവേ .. പ്രതിബന്ധങ്ങളിൽ തളരരുത് .. നീ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ .. ഈ തണുപ്പിലും ചൂടിലും ഒന്നും നീ പതറില്ല എന്ന് ലോകത്തിനു തെളിയിക്കാൻ സമയമായി മോനേ .. ഉണരൂ .. പുതു യുഗം രചിക്കൂ
ആ ഉജ്വലതയിൽ ഞാൻ വീണു പോയി അവിടെയാണ് എനിക്ക് ആദ്യം പിഴച്ചത്
അങ്ങനെ പൂജ്യം ഡിഗ്രി തണുപ്പിൽ കിറ്റെക്സ് കള്ളി ലുങ്കി ഉടുത്ത് കുന്നത്ത് ബനിയൻ ധരിച്ച് .. നാട്ടിൽ പാലക്കാട് കോട്ട മൈതാനത്ത് നിന്ന് വാങ്ങിച്ച പാരഗണ്‍ ചപ്പലും ഇട്ട് അപാർട്ട്മെന്റിൽ മെയിൽ ചെക്ക് ചെയ്യാൻ ഞാൻ ഓടി . ആരും കാണല്ലേ എന്ന് ഉള്ളിൽ വിചാരിച്ച് ഓടുമ്പോൾ ഒരു എണ്‍പത് വയസ്സ് തോന്നിക്കുന്ന അപ്പൂപ്പന്റെ മുന്നിൽ ചെന്ന് പെട്ടു .. ഞാൻ വിഗഗ്ദമായി മാറി ഓടി .. തിരിഞ്ഞു നോക്കിയപ്പോൾ അങ്ങേർ ഞാൻ വന്ന വഴിയും എന്നെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു .. എന്തോ ആവട്ടെ.. ഞാൻ എങ്ങു നിന്നോ വന്നവൻ .. ഒരു മലയാളിയുടെ മുന്നിൽ പെടാതിരുന്നാൽ ബാക്കി എല്ലാം ഭദ്രം
. എന്റെ പേര് വൃത്തിയായി എഴുതിയ ഒരേ ഒരു മെയിലും .. ബാക്കി എല്ലാ പരസ്യ ചവറും എടുത്ത് ഒന്ന് പോലും കളയാതെ ഞാൻ തിരിച്ചു വന്നു
തിരിച്ചു ഓടുമ്പോഴും അപ്പൂപ്പൻ അവിടെ ഉണ്ടായിരുന്നു .. ഞാൻ പുള്ളിയെ നോക്കി ചുണ്ട് രണ്ടും കൂട്ടി .. തല താഴൊട്ടും മേലോട്ടും ആട്ടി ( അമേരിക്കയിൽ അങ്ങനെ ഒരു ഹായ് പറയൽ ഉണ്ട് ) .. അയാൾ എന്നെ ഒന്ന് തുറിച്ച് നോക്കി
വാതിൽ തുറക്കാൻ താക്കോൽ തപ്പുമ്പോൾ ആണ് ആ നഗ്ന സത്യം മനസ്സിലാക്കുന്നത് . " മെയിൽ ബോക്സിൽ നിന്ന് താക്കോൽ എടുക്കാൻ മറന്നു " വീടിന്റെ താക്കോലും മൈൽബൊക്സും എല്ലാം കൂടെ ഒരു ചൈനിൽ ആയിരുന്നു
.. ഈശ്വരാ ..
തിരിച്ച് വന്നതിലും സ്പീഡിൽ ലുങ്കിയും മടക്കി കുത്തി താക്കോൽ എടുക്കാൻ ഓടി .. ദേ അപ്പൂപ്പൻ വീണ്ടും വഴിയിൽ .. ഞാൻ ടെൻഷൻ മുഖത്ത് കാണിക്കാതെ അലസമായി ജോഗ് ചെയ്യുന്നത് പോലെ ഓടി .. ഞാൻ എക്സെർ സെസ് ചെയ്യുന്നതായി അപ്പൂപ്പൻ കരുതിക്കോട്ടെ ..
മെയിൽബോക്സിനു മുൻപിൽ എത്തിയപ്പോൾ ആണ് ഭൂമി പിളർന്ന് ഞാനും മെയിലുകളും ഉൾപടെ താഴൊട്ട് പോവുന്ന പോലെ ഒരു ദൃശ്യം കണ്ടത്
അവിടെ താക്കോൽ ഇല്ല .. മെയിൽ ബോക്സ് ആരോ പൂട്ടിയിട്ടുണ്ട് ..എന്റെ പടച്ചോനേ .. കർത്താവേ .. ഗുരുവായൂരപ്പാ .. ഗുരു നാനാക്കേ
അന്ന് അങ്ങനെ ആദ്യമായി ഞാൻ പൂജ്യം ഡിഗ്രിയിൽ നിന്ന് വിയർത്തു .. കുറച്ചു കഴിഞ്ഞപ്പോൾ ആകെ ഒരു പുക പടലം .. എന്റെ ദേഹത്തെ ചൂട് കൊണ്ട് ചുറ്റും നീരാവി പുകയായി പടര്ന്നു ..
"ഞാൻ ഗന്ധർവനിലെ" ഗന്ധർവനെ പോലെ മാനത്തു നിന്ന് പൊട്ടി വീണതാണോ എന്ന് സംശയിക്കാവുന്ന രീതിയിൽ .പുക പടലങ്ങലോടെ .. ഇതാ ഒരാൾ രാത്രി പത്ത് മണിക്ക് തനി കേരള വേഷത്തിൽ അതും കൊടും തണുപ്പിൽ
കൂട്ടിൽ നിന്ന് തുറന്നു വിട്ട കീരിയെ പോലെ ..ദൈവങ്ങളെ വിളിച്ച് കൊണ്ട് ഞാൻ അപര്ട്ട്മെന്റ്റ് ഓഫീസിലേക്ക് ഓടി നോക്കുമ്പോൾ അപർറ്റ്മെന്റ് ഓഫീസ് ശീവേലി കഴിഞ്ഞ് .. നട അടച്ചു ..
കയ്യിൽ ഫോണ്‍ ഇല്ല .. കാശ് ഇല്ല ..വാഹനം ഇല്ല .. വീട് തട്ടി വിളിച്ചാൽ ആരും കയറ്റി പോവുന്ന ഒരു വേഷ വിദാനം ഇല്ല .. അവിടെ എങ്ങും ഒരു മനുഷ്യനെ പോലും കാണാനും ഇല്ല
സ്വതവേ നല്ല രീതിയിൽ രക്ത ചങ്ക്രമണം നടത്തിയിരുന്ന തലച്ചോറിൽ നാട്ടിലെ പൈപ്പ് തുറന്ന പോലെ ഒരു ഫോഴ്സ് കുറവ് അനുഭവപ്പെട്ടു .. ഞാൻ എന്റെ മനസ്സിനെ എല്ലാവരും കേൾക്കെ തന്നെ നിഷ്കരുണം തെറി വിളിച്ചു ..
ഇനി ഇപ്പൊ എന്ത് ചെയ്യണം .. കൂടെ വർക്ക് ചെയ്യുന്ന കൂട്ടുകാരൻ ആന്ധ്രാ കാരനായ മധു വംശിധരനെ വിളിക്കാം .. അതിന് ഫോണ്‍ വീട്ടിലാണ് ..
അപാർട്ട്മെന്റ് ഓഫീസിനു വെളിയിൽ ഒന്ന് പരതി നോക്കിയപ്പോൾ ഒരു കോയിൻ ഇട്ട് വിളിക്കാവുന്ന ഫോണ്‍ ശ്രദ്ധയിൽ പെട്ടു പക്ഷെ കോയിൻ വേണ്ടേ ..ഓരോ വട്ടം വാൾമാർട്ട് പോവുമ്പോഴും എത്രയോ കോയിൻ പാവ ലഭിക്കാനായി ഭാഗ്യ പരീക്ഷണം നടത്തിയിരിക്കുന്നു .. ഇല്ലാത്ത സമയത്ത് ആ ലോഹക്കട്ടിയുടെ ഒരു വില ..
അപ്പോഴാണ് അത് വഴി ലോണ്ട്രി കഴിഞ്ഞു ഒരു പെട്ടി നിറച്ച് വസ്ത്രങ്ങളുമായി ഒരു അമേരിക്കൻ യുവതി വന്നത്
നല്ല ചുരുണ്ട മുടി .. വിടർന്ന കണ്ണുകൾ ..
തണുപ്പ് കൊണ്ട് ചാവാൻ പോവുകയാണെങ്കിലും ഞാൻ നോട്ട് ചെയ്തു
ഒരാളെ വിളിക്കുമ്പോൾ തുടങ്ങേണ്ട എക്സ്ക്യൂസ് മീ ഒന്നും ഇല്ലാതെ തന്നെ പെട്ടെന്ന് അവളുടെ മുൻപിൽ ചാടി വീണ് ഞാൻ ഉള്ള ഇംഗ്ലീഷ് വച്ച് .. വിറയലോടെ
ഐ ലോക്ക് ഡൌണ്‍ .. ലോസ്റ്റ് കെയ്സ്
ഇരുട്ടിൽ നിന്ന് പെട്ടെന്ന് എന്നെ കണ്ട അവൾ ഒന്ന് പിന്നോട്ട് മാറി
യുവതി : വാട്ട് ?
ഇനി രക്ഷയില്ല ..ഇനി ഇവളെ പറഞ്ഞു മനസ്സിലാക്കുന്നതിനു മുൻപ് നേരെ കാര്യത്തിലേക്ക് കടക്കാം ഞാൻ ചിന്തിച്ചു
ഒരു നാണവും കൂടാതെ .. കുളിച്ചിട്ടു വർഷങ്ങൾ ആയ ഒന്നൊന്നൊര കാർമുകിൽ വർണ്ണന്മാർ ..മെട്രോ സ്റ്റേഷൻ പരിസരത്ത് വച്ചു പറയുന്നത് പോലെ
ഡൂ യൂ ഹാവ് എ ഡോളർ ..
അവൾ തിരിച്ച് എന്തൊക്കെയോ പറഞ്ഞു ..നല്ല മൊഞ്ചത്തി പെണ്ണ് ആണ് .. നല്ല മുല്ല മൊട്ടിനെ ഉജാല മുക്കിയ പോലത്തെ പല്ലുകൾ .. ..ഞാൻ പകുതിയേ കേട്ടുള്ളു ...മനസ്സിലാക്കിയടത്തോളം അവളുടെ വീട് അടുത്താണ് .. ഇപ്പൊ പോയി പൈസ എടുത്തോണ്ട് വരാം ..
അവൾ എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവണം എന്നെ സഹായിക്കാൻ വേഗം നടന്നു പോയി .. ഓടുന്നത് പോലെ എനിക്ക് തോന്നി എങ്കിലും
നല്ല അടക്കവും ഒതുക്കവും ഇല്ല അനുസരണ ഉള്ള കുട്ടി .. നാളെ തന്നെ അവളുടെ പൈസ കൊണ്ട് തിരിച്ചു കൊടുക്കണം .. ഞാൻ മനസ്സിൽ വിചാരിച്ചു ..
നേരം 10 മിനിട്ട് കഴിഞ്ഞു ... അര മണിക്കൂർ കടന്നു പോയി .. അവൾ മാത്രം വന്നില്ല .. ചിരിമണി ചിലമ്പൊലി കേട്ടില്ല ( കട : ഗിരീഷ് പുത്തഞ്ചേരി )
മാനസ മൈനെ വരൂ എന്ന പാട്ട് പാടണം എന്ന് തോന്നി .. ശ്രുതി ബോക്സ് വീട്ടിൽ ആണ് ..അത് കൊണ്ട് അതിനു മുതിർന്നില്ല
ഇനി അവളെ കാത്ത് ഇരിക്കേണ്ട എന്ന് എനിക്ക് മനസ്സിലായി ..
ആരുടെ എങ്കിലും വീട്ടിൽ പോയി മുട്ടണം എന്നുണ്ട് .. പക്ഷെ മിക്കവന്റെ കയ്യിലും തോക്ക് ഉണ്ട്.. അസമയത്ത് വീട്ടിൽ പോയി തട്ടിയാൽ . നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും അവന് ഒന്ന് ഉന്നം പരീക്ഷിക്കാൻ തോന്നിയാൽ .. ഈശ്വരാ ..
ഇനി ഇങ്ങനെ നിന്നാൽ പറ്റുകയില്ല എന്ന് ഹൈക്കമാണ്ട് ഉത്തരവ് തന്നു .. നേരെ സ്വന്തം അപാർട്ട് മേന്ടിലെക്ക് ഓടി .. എങ്ങനെ എങ്കിലും വീട്ടിൽ കയറണം .. നോക്കുമ്പോൾ അവിടെ ഉള്ള ഒരു എ സി യുണിറ്റിൽ ചവിട്ടിയാൽ അത്യാവശ്യം എന്റെ ബാൽക്കണിയിൽ പിടിച്ച് തൂങ്ങാം .. പിന്നെ എവിടെ എങ്കിലും ചവിട്ടി ബാൽക്കണിയിൽ കയറിപ്പറ്റിയാൽ പിന്നെ വീട്ടിൽ കയറാം .. വരുന്നത് വരട്ടെ
അങ്ങനെ ഒരു മരത്തിൽ പോലും കയറിയിട്ടില്ലാത്ത ഞാൻ ആദ്യമായി പാതിരാക്ക് വേറെ ഒരു ദേശത്ത് ഒരു കള്ളനെ പോലെ
പാരഗണ്‍ ചാപ്പൽ അഴിച്ച് വച്ച് .. മുണ്ട് മടക്കി കുത്തി ..തടിയിൽ തൊട്ട് തലയിൽ വച്ച് .. ഒരു കാൽ എ സി യിൽ .. മറു കാൽ എവിടെയോ .. അടുത്തകാൽ എവിടെയോ .. അടുത്തത് ബാൽക്കണി യുടെ തുഞ്ചത്ത് .. അവിടുന്ന് കാലു ഉയരത്തി . ഒറ്റ ചാട്ടം .. ദാറ്റ്‌സ് ആൾ
ഞാൻ ഇതാ എന്റെ സ്വന്തം ബാൽക്കണിയിൽ .. കൈ മുട്ടും .. തുടയും ഒന്ന് നന്നായി പോറി യതൊഴിച്ചാൽ .. മിഷൻ സക്സസ്
സാധാരണ ഒരു സിനിമയിലും ഈ സീനില്‍ ബാല്‍ക്കണി തുറക്കാറില്ല ..ക്രൂരന്മാരായ തിരക്കഥ ക്കാര്‍ .. പക്ഷെ ഈ ജീവിത സിനിമയില്‍ ദൈവം തിരക്കഥ ഒന്ന്‍ മാറ്റി പരീക്ഷിച്ചു എന്ന് ആഹ്ലാദത്തോടെയും ആവേശത്തോടെയും മനസ്സിലാക്കി.. ബാല്‍ക്കണി കതവ് പൂട്ടിയിരുന്നില്ല.. .. എനിക്ക് വേണ്ടി ഇത്രേം നല്ല തിരക്കഥ രചിക്കാന്‍ എന്റെ സ്വന്തം ദൈവം ആയ ഗുരുവയൂരപ്പനല്ലാതെ വേറെ ആര്‍ക്കാ കഴിയുക .. അത് വരെ സര്‍വ്വ മത പ്രാര്‍ത്ഥന നടത്തിയ ഞാന്‍ കാര്യം കഴിഞ്ഞപ്പോള്‍ ഒരു തനി മലയാളി ആയി .. അതിനിടയില്‍ തന്നെ ഞാന്‍ നേര്‍ന്ന എള്ള് കൊണ്ടുള്ള തുലാഭാരം .. ഇളനീര്‍ കൊണ്ട് ആക്കി മാറ്റിയിരുന്നു ..
കയ്യിലും കാലിലും സൂചി കുത്തുന്ന വേദന ..ഹീറ്റ് 90 ല്‍ ഇട്ടു അടുക്കളയില്‍ പോയി ഗ്യാസ് കത്തിച്ച് .. കൈ മുകളില്‍ പിടിച്ച് നില്‍ക്കുമ്പോള്‍ ആണ് .. എന്റെ ജനലില്‍, പബ്ബുകളില്‍ ഡിസ്ക്കോ ലൈറ്റ് പോലെ ഒരു ലൈറ്റ് എഫെക്റ്റ് .. രാത്രി ഇതാരപ്പാ ഇങ്ങനെ കത്തിക്കുന്നത് എന്ന് നോക്കിയപ്പോള്‍ ആണ് .. കതവില്‍ ..അപര്ട്ട്മെന്‍റ് മുഴുവന്‍ ദിഗംബരം കൊള്ളിക്കുന്ന രീതിയില്‍ തട്ടുന്നു ..എന്തായാലും ആരോ അത്യാവശ്യക്കാരന്‍ ആണ്
കതവ് തുറന്നപ്പോള്‍... കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി .. നിസ്സാരം .. ഒരു പത്ത് പതിനഞ്ചു പോലിസ് ..
രണ്ടു പേര്‍ വാതിലിന്റെ സൈഡില്‍ മറഞ്ഞു നിന്ന് തോക്കും പിടിച്ച് കാഞ്ചി വലിക്കാന്‍ വയ്ക്കാന്‍ റെഡി ആയി നില്‍ക്കുന്നു
ഒരു പോലീസ് : ആര്‍ യു ദി രേന്റെര്‍ ഓഫ് ദിസ് അപ്പാര്ട്ട്മെന്റ്
ഞാന്‍ .. എസ്
പോലീസ്: യു ഹാവ് യുവര്‍ ഐഡി
എന്റെ വിറ വാര്‍ന്ന കയ്യില്‍ നിന്ന് ഐഡി വാങ്ങി ... അഞ്ചു മിനിട്ട് കഴിഞ്ഞ് ..അവര്‍ വീട് മുഴുവന്‍ കയറി നോക്കി
അതിനു ശേഷം അവര്‍ പറഞ്ഞു ഈ വീട്ടില്‍ ഒരു മോഷണ ശ്രമം ഉണ്ടായി .. ആരോ അതിക്രമിച്ചു കയറുന്നത് കണ്ട ഒരു അയല്‍വാസി ( ഉറക്കം ഇല്ലാത്ത ഒരു ദരിദ്രവാസി ) .. പോലീസിനെ വിളിച്ചതാണ് എന്ന്
ഞാന്‍ അപ്പോള്‍ തന്നെ ഈ വീട്ടില്‍ നിന്ന് ഇറങ്ങണം അവര്‍ക്ക് ഒന്ന് വിശദമായി പരിശോദിക്കണം
ഞാന്‍ അപ്പോള്‍ തന്നെ തത്ത പറയുന്നത് പോലെ ഉള്ളതെല്ലാം അറിയാവുന്ന രീതിയില്‍ പോലീസിനോട് പറഞ്ഞു ..
പോലീസ്കാര്‍ പരസ്പരം നോക്കി എല്ലാവരും തോക്ക് ഒക്കെ യഥാസ്ഥാനത്ത് തന്നെ വച്ചു
നിങ്ങളുടെ അപാര്‍ട്ട് മെന്റ് ആണെങ്കിലും നിങ്ങള്‍ അതില്‍ അതിക്രമിച്ചു കയറിയാല്‍ അത് ആ കൌണ്ടി പ്രകാരം കുറ്റം ആണത്രേ .. (എവാനാനാവോ ഈ നിയമങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത് )
പക്ഷെ സത്യം പറഞ്ഞത് കൊണ്ട് അവര്‍ കേസ് ആക്കുന്നില്ല എന്നൊക്കെ പറഞ്ഞു .. ഹൃദയ മിടിപ്പിന്റെ സൌണ്ട് കൊണ്ട് പലതും കേള്‍ക്കാന്‍ കഴിഞ്ഞില്ല
എന്തൊക്കെയോ എവിടെയോ എഴുതി അര മണിക്കൂര്‍ കഴിഞ്ഞ് പോലീസും പട്ടാളവും സ്ഥലം വിട്ടു ...
ഹീറ്റ് 90 ല്‍ ഇട്ടിട്ടും വല്ലാത്ത കുളിര് ..
അന്ന് രാത്രി മുഴുവന്‍ ഞാന്‍ വിവിധ ജയിലുകളില്‍ ആയിരുന്നു .. കോടതി .. ജയില്‍ ..പന്ത്രണ്ടു വര്ഷം ജയില്‍ വാസം ഞാന്‍ ഒരു രാത്രി സ്വപ്നം കൊണ്ട് അനുഭവിച്ചു
രാവിലെ എഴുന്നേറ്റപ്പോള്‍ പൊള്ളുന്ന പനി ... ഓഫീസില്‍ സിക്ക് ലീവ് കൊടുത്ത് . ഒരു ചുക്ക് കാപ്പി ഉണ്ടാക്കുമ്പോള്‍ . കതവില്‍ വീണ്ടും ഒരു തട്ടല്‍
ഇത്തവണ തട്ട് ലോലമായിരുന്നു .. അതില്‍ ഒരു കുപ്പിവള ശബ്ദം കേള്‍ക്കുന്നുണ്ടോ ..
ഞാന്‍ വെപ്രാളം പിടിച്ച് ഒന്ന് തല ചീകി .. ആക്സ് സ്പ്രേ അടിച്ചു .. ( പരസ്യത്തില്‍ കണ്ടിട്ടുണ്ട് )
പല്ല് തേച്ചിട്ടില്ലാത്തത് കൊണ്ട് .. ഹാന്‍ഡ് സോപ്പ് ഇട്ട് വായ കഴുകി ..
കമ്മീഷണര്‍ സിനിമയിലെ ചിത്ര ചേച്ചിയെ പോലെ ഓടി കതവ് തുറന്നപ്പോള്‍ പുറത്ത് കണ്ട കാഴ്ച .
ദേ തലേന്ന് ഞാന്‍ കണ്ട അപ്പൂപ്പന്‍ ...കയ്യില്‍ എന്റെ സ്വന്തം കീ കൂട്ടങ്ങള്‍ .. ( അതായിരുന്നു കുപ്പിവള ശബ്ദം .. ഞാന്‍ തെറ്റിദ്ധരിച്ചു ) പിടിച്ചു കൊണ്ട് .. ചിരിച്ചു കൊണ്ട് നില്‍ക്കുന്നു
അപ്പൂപ്പന്‍ കൈ ഒക്കെ കാട്ടി വിവരണം തുടങ്ങി
ഇന്നലെ ഞാന്‍ മെയില്‍ ചെക്ക് ചെയ്തതിനു ശേഷം .. അപ്പൂപ്പന്‍ മെയില്‍ ചെക്ക് ചെയ്തു അപ്പോള്‍ എന്റെ മെയില്‍ ബോക്സ് അടച്ചിട്ടില്ലെന്നു കണ്ടു പുള്ളി അടച്ച് താക്കോല്‍ എടുക്കുകയായിരുന്നു . ബോക്സില്‍ നിന്ന് ഹൌസ് നമ്പര്‍ നോട്ട് ചെയ്ത് .. തിരിച്ച് എന്നെ ഏല്‍പ്പിക്കാന്‍ വന്നപ്പോള്‍ . ഇന്നലെ പുള്ളി കുറെ suspicious activities കണ്ടത്രെ ..( എന്റെ ഓട്ടവും .. ബാല്‍ക്കണി കയറലും ഒക്കെ ആയിരിക്കും ) അപ്പോള്‍ തന്നെ പേടിച്ച് വീട്ടില്‍ പോയത്രേ.
ഓ അപ്പൊ ഇങ്ങേരാ പോലീസിനെ വിളിച്ചത് ..അപ്പൂപ്പാ .. വല്ലാത്ത ഒരു ഉപകാരം ചെയ്യല്‍ ആയിപ്പോയി ...നിങ്ങളെ നമിച്ചു .. ഞാന്‍ ചിന്തിച്ചു
മെയില്‍ ബോക്സ് തുറന്നിടരുത് .. സെക്യുര്‍ മെയിലുകള്‍ ആരെങ്കിലും എടുത്താല്‍ ഐടെന്‍ടിറ്റി ഹാക്ക് ചെയ്യപ്പെടും എന്നൊക്കെ പറഞ്ഞു ഒരു പതിനഞ്ചു മിനിട്ട് കെളവന്‍ ഉപദേശം കൊണ്ട് നിര്‍ത്തി പൊരിച്ചു ..
താങ്ക്സ് പറഞ്ഞ് താക്കോല്‍ വാങ്ങി ..
അത് ഞാന്‍ തന്നെയാ ഓടിയത് .. ചാടിയത് എന്നൊന്നും വിശദീകരിക്കാന്‍ പോയില്ല .. ഇനി അത് പറഞ്ഞിട്ട് വേണം അപ്പൂപ്പന്‍ ഇവിടുന്നു തന്നെ പിന്നേം പോലീസിനെ വിളിക്കാന്‍
പിന്നെ അമേരിക്കയിലെ പല കുളിരുള്ള രാവുകളിലും സ്വപ്നത്തില്‍ അപ്പൂപ്പനും പോലീസും എന്നെ വിടാതെ പിന്തുടര്‍ന്നു ... യുവതി മാത്രം അവളുടെ തീരാക്കടമായ ഒരു ഡോളറുമായി എങ്ങോ കാണാ മറയത്ത് ഒളിഞ്ഞു നിന്നു ..
No comments:
Post a Comment