Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, June 8, 2014

ആറന്മുളയിലെ മഴത്തുള്ളികൾ

മോഹങ്ങളോരോന്നായ് മാറോടു ചേർത്ത് ഞാൻ
പെയ്തിറങ്ങി കുഞ്ഞു നീർ മണി ത്തുള്ളിയായ് 
പാവാടത്തുമ്പിലെ സ്വപ്‌നങ്ങൾ മൂകമായ് 
പ്രാണനാഥൻ തന്നിൽ   അലിയിച്ചു വിങ്ങുവാൻ 
കന്നു കലപ്പയാൽ കീറിയ   പുഞ്ചിരി
മാരിവിൽ സഖിമാരെ പുളകിത യാക്കവേ 
നാണിച്ചു  ഞാനിന്നീ  പുലരിതൻ തണലിലും 
പൊള്ളുന്ന ഉള്ളമൊരു  ഒരു മിന്നലാകുമ്പോഴും
എന്നിലെ എന്നെക്കാൾ പഴകിയ ഓർമ്മകൾ 
പരിഭവ താക്കോലിൽ പൂട്ടിയ മൌനങ്ങൾ 
നാറുന്ന റണ്‍വേ യിൽ  തൂവാനം സാക്ഷിയായ് 
തേങ്ങുന്ന തുള്ളിയായ് പൊട്ടിച്ചിതറവെ 
ചെറു മഞ്ഞു തുള്ളിയാം ഈ കൊച്ചു ജലകണം 
 ചെളിവെള്ളമായി പതഞ്ഞോരീ  പമ്പയിൽ 
നദിയുടെ മാറിൽ ഞാൻ മൌനമായ് കേഴവേ 
നിറ മിഴിത്തുള്ളി ഈ കരയെ വിഴുങ്ങവേ 
ചെറു പുഞ്ചിരിയോടെന്നെ മാറോടു ചെർത്തൊരീ
 തിരയില്ലാ "ജന"സാഗരം എന്നുമേ ശാന്തം .. സ്വാർത്ഥം 

                                                                 

Saturday, January 7, 2012

ഗ്രഹണം - ഒരു കാത്തിരിപ്പ്


പ്രിയപ്പെട്ടവേരെ ..
തിരുവാതിര നാളില്‍ ഒരു കവിത എഴുതണം എന്ന് ആലോചിച്ചു തുടങ്ങിയതാണ്‌ . ആതിര പശ്ചാത്തലത്തില്‍ ഒരു വ്യതസ്തമായ ഒരു പ്രേമം ആയിരുന്നു മനസ്സില്‍ .
സുന്ദരിയായ ആതിര നിലാവിനെ സൂര്യന്‍ മോഹിചാലോ എന്ന ചിന്ത എങ്ങു നിന്നോ കയറി വന്നു . പിറകെ കുറെ ബിംബങ്ങളും ..

ലോകത്തെ ഏറ്റവും കഠിനമായ അവസ്ഥ എന്നത് " സ്വന്തം കാമുകി മറ്റൊരുവനെ കാമിക്കുന്നതും അത് താന്‍ കണ്ടു നില്‍ക്കുന്നതും ആണ് " എന്ന് ആരോ പറഞ്ഞിട്ടുണ്ട്.. സത്യത്തില്‍ സൂര്യനും അത് തന്നെ അല്ലെ ചെയ്യുന്നത് ?

സൂര്യന്‍ പരവശനായി എത്ര പിറകെ അലഞ്ഞാലും .. നിലാവിന് രാത്രിയോട്‌ തന്നെ ആണ് പ്രേമം . അവസാനം സൂര്യന്‍ ലോകത്തിനു വേണ്ടി തന്റെ പ്രേമം ഉപേക്ഷിക്കുന്നു എന്തെന്നാല്‍ സൂര്യനും ചന്ദ്രനും കൂടെ ചേര്‍ന്നാല്‍ ലോകത്തിന് നിലാവില്ലല്ലോ . ഈ ചിന്ത ആണ് കവിതയ്ക്ക് ആധാരം..

സ്വന്തം
ശ്രീഹരി

ഗ്രഹണം - ഒരു കാത്തിരിപ്പ്

ആതിര നാളില്‍ ഒരു ഓര്‍മ തന്‍ ഊഞ്ഞാലില്‍ പാതിരാ പൂ ചൂടി നീ നില്‍ക്കെ
പഴയൊരു മിഴിയില്‍ ബാല്യത്തിന്‍ ഓര്‍മ്മകള്‍ പുലരിയായ് ഒളി വീശി വീണലിഞ്ഞു .
എന്‍റെ പ്രിയ സഖി നീ വീണ്ടും പുഞ്ചിരിച്ചു

ആതിര നാളില്‍ ..

വീണ്ടുമോരെകാന്ത ചക്രവാളത്തില്‍ നീ രാവിന്‍ മരച്ചോട്ടില്‍ കാത്തു നില്‍കെ ..
തീഷ്ണമാം മധ്യാഹ്ന കാമമടക്കി ഞാന്‍ കാന്തനായ് ചാരെ അണഞ്ഞ നേരം
നാണത്തിന്‍ നൂറ്റെട്ട് താംബൂലമേകി നീ താരക പൊന്‍കുടം വാരി വീശി
ഓടി ഒളിഞ്ഞു നീ രജനീ തടാകത്തില്‍ മേഘത്താല്‍ മാറ്‌ മറച്ചു നിന്നു ..രാവിന്‍റെ കാന്തി നുകര്‍ന്ന് നിന്നു

ആതിര നാളില്‍ ..

തേടുമെന്‍ മിഴിയിലും നീറുമെന്‍ കരളിലും ഒളിമിന്നല്‍ ശരം എയ്തു നീ നിറച്ചു
ആയിരം വിണ്മീനിന്‍ ചേലെഴും ചിരിയോടെ ചന്ദനക്കട്ടിലില്‍ നീ ശയിച്ചു
ചെറിയൊരു ഗ്രഹണ തുടിപ്പില്‍ നീ പിന്നെയും തിരു താലി ചാര്‍ത്തി വരുന്നൊരു വേളയില്‍
തിര തല്ലുമൊരു മോഹ കുസുമത്തിന്‍ മാല്യമെന്‍ ഒളി കൈയ്യാല്‍ ചാര്‍ത്തിച്ചിടാം പ്രിയ ചന്ദ്ര ബിംബമേ

ആതിര നാളില്‍ ..

ഖര താപ മിഴികളില്‍ ഉരുകിയ കന്മദം മഴയായും പനിയായും പെയ്തൊഴിഞ്ഞു
അതിലെന്‍റെ നിദ്ര തന്‍ ഒളി ചിന്നി ഞാന്‍ എന്റെ മാരിവില്‍ സ്വപ്‌നങ്ങള്‍ എയ്ത് കോര്‍ത്തു
നേര്‍ത് പോം മേയ്യിലെന്‍ നോട്ടം പതിയാതെ പാത്തങ്ങു പോയി അമാവാസി ആവാതെ
പോവുക മല്‍ സഖി .. ഓടി ഒളിക്കൊലാ ..പൂര്‍ണയായ് പാരിനെ പുല്‍കുക നീ
എന്‍ പാഴ് വാക്ക് കേള്‍കാതെ ചെല്ലുക നീ

ആതിര നാളില്‍ ..



Wednesday, November 23, 2011

ഡിസംബറിലെ ഓണസ്മൃതി


തുമ്പക്കുടത്തിന്റെ മാറിലെ പനിനീരിന്‍ തുമ്പിലായ്‌ വിരിയുന്നു
ഓണ ഭംഗി
പാല മരത്തിന്റെ പൂവിതള്‍ തേന്‍ ഉണ്ണും പൂവാലി മൊഴിയുന്നു
ഓണപ്പാട്ട്
തൊടിയിലും പുലര്‍വേള തളിര്‍ നുള്ളും പാടത്തെ കിളികളും തുടരുന്നു
ഓണത്തല്ല്
ചിതറുന്ന ഹിമകണം ഉതിരുന്ന മാനത്ത് കതിരവന്‍ ഏന്തുന്നു
ഓണവില്ല്
പകലന്തിയോളം പറന്നു പൂ തേടിയ കരിവണ്ടൊരുക്കിയോ
ഓണക്കളം
പോന്മഞ്ഞള്‍ പൂശിയും തെളി മഞ്ഞില്‍ മുങ്ങിയും വിറവാര്‍ന്നു തുള്ളിയോ
ഓണത്തുമ്പി
കനിവുള്ള മേഘവും അലിവുള്ള ഭൂമിയും ഇഴചെര്‍ന്നോരുക്കുന്നു
ഓണസദ്യ
പഴകിയ മിഴിമുനയോരത്തായ് എന്‍ മനം നിറവാര്‍ന്നോഴുക്കുന്നു
ഓണസ്മൃതി

കുറിപ്പ് :
ഓണത്തിനു നമ്മള്‍ മനുഷ്യര്‍ ഒരു പങ്കാളി മാത്രം . നമ്മള്‍ ഇല്ലെങ്കിലും ഓണം ഉണ്ട് . അടുത്ത ഓണം "പ്രകൃതി" ക്കൊപ്പം .