Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Tuesday, July 28, 2015

മധുരമുള്ള അലർജ്ജി

ദിവസം മൂന്ന് നേരം ധാതു പുഷ്ടി സമ്പുഷ്ടമായ  വിഭവങ്ങളോടെ എനിക്ക്  ആഹാരം തരാന്‍   മാതാപിതാക്കള്‍ അഹോരാത്രം   പണി എടുക്കുന്നുണ്ടെങ്കിലും സ്വന്തമായി ഒരു കരിയര്‍ വേണം എന്ന് എനിക്ക് ആദ്യമായി  തോന്നിയത് ഒന്‍പതാം ക്ലാസ്സില്‍ " വേലയില്‍ വിളയുന്ന വിദ്യാഭ്യാസം " പഠിച്ചതിനു ശേഷം ആണ്. അമേരിക്കയില്‍  സ്വന്തം വിദ്യാഭ്യാസത്തിനുള്ള പണം നാരങ്ങാ വെള്ളം വിറ്റ്  കണ്ടെത്തുന്ന പിള്ളാരെ ക്കുറിച്ച് വിശദമായി അമ്മയ്ക്ക് പറഞ്ഞു കേള്‍പ്പി ച്ച ശേഷം ആണ്,  ഞാന്‍  അവിടുത്തെ  പോലെ തന്നെ നെമ്മാറയില്‍   ജോബ്‌ ഹണ്ടിങ്ങ് തുടങ്ങാന്‍ പോവുകയാണ് എന്ന് അമ്മയ്ക്ക് ഒരു ഹിന്റ് കൊടുക്കുന്നത്

നീ ദിനം തോറും വീട്ടില്‍   കാണിക്കുന്ന "വേല" തന്നെ തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും ..ക്ലാസ്സില്‍ പഠിപ്പികുന്നത് പഠിക്കുക എന്ന ഒരേ ഒരു പാഴ് വേല മാത്രം ഇപ്പോള്‍ ചെയ്‌താല്‍ മതിയെന്നും പറഞ്ഞ് എന്റെ അമ്മ ഞാന്‍ എന്ന തൊഴില്‍ അന്വേഷകനെ അണ്ടര്‍ എസ്ടിമേറ്റ്‌ ചെയ്തു 

ലാലു അലെക്സ് പറയുന്നത് പോലെ ഞാന്‍ പറഞ്ഞു " ഞാന്‍ സീരിയസാ   ഓള്‍ ഐ വാണ്ട്‌ ഈസ്‌ എ സ്റ്റാര്‍ട്ട്‌ അപ്പ്‌  ജോബ്‌ " ഞാന്‍ കണ്ണടച്ച്  ഗദ്ഗദപ്പെട്ടു 

ചെക്കാ ... അടുത്ത വര്‍ഷം എസ് എസ് എല്‍ സിയാ വരുന്നത് .. നീ വെറുതെ അച്ഛനു വേല ഉണ്ടാക്കരുത് .. അമ്മ അതിലും സീരിയസ് ആയി പറഞ്ഞു 

ഹൈക്കോടതി കേസ് തള്ളിയ സ്ഥിതിക്ക് .. സുപ്രീം കോടതി ഈ മാറ്റര്‍ പരിഗണനയ്ക്ക് വയ്ക്കുക പോലും ഇല്ല എന്ന്  പല അനുഭവങ്ങളിലൂടെയും   ഞാന്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു .,അത് കൊണ്ട് അച്ഛനോട് ഇത് വിശദീകരിക്കാന്‍ സമയം പാഴാക്കിയില്ല .  വീട്ടില്‍ നിന്ന് ഒരു സപ്പോര്‍ട്ട് കിട്ടിയിട്ട് ഞാന്‍ ഒരു ജോലിക്കാരന്‍ ആവില്ല എന്ന് കരുതി അവരെ അറിയിക്കാതെ തന്നെ ശ്രമിക്കാം എന്ന് കരുതി  ഇരിക്കുന്ന കാലത്താണ്   നെമ്മാറ യിലെ പ്രസിദ്ധ മരുന്ന് കട " മാരുതി മെഡിക്കല്‍സ്" .രായിക്ക് രാമാനം " മാരുതി ബേക്കറി " ആയി മാറിയത് 

വെള്ളിയാഴ്ച്ച മെഡിക്കല്‍സ്  പൂട്ടി ധര്‍മ്മേട്ടന്‍ പോവുന്നത് കണ്ടവര്‍ ഉണ്ട് .അടുത്ത  രണ്ടു ദിവസം കട തുറന്നില്ല .നെമ്മാറക്കാര്‍ അത് അത്ര കാര്യമാക്കിയില്ല .കാരണം  . സംസ്ഥാന ശരാശരി വച്ച് ഒരു കിലോമീറ്ററില്‍ രണ്ടു മെഡിക്കല്‍ കട ആണെങ്കില്‍ .. നെമ്മാറയില്‍ നൂറു അടിക്ക് റോഡിനു  തെക്കും വടക്കുമായി ഘടാഘടിയന്മാരായ  ആറു മെഡിക്കല്‍ കടകള്‍ ഉണ്ടായിരുന്നു ..അത്കൊണ്ട് തന്നെ മാരുതി മെഡിക്കല്‍സ് തുറക്കാത്തത് ജന ജീവിതം അത്ര സ്തംഭിപ്പിച്ചില്ല .. തിങ്കളാഴ്ച കട തുറന്നപ്പോള്‍ മെഡിക്കല്‍സിന്‍റെ സ്ഥാനത്ത്   ഒരു അടിപൊളി ബേക്കറി .അങ്ങനെ ആകെ മൊത്തം ടോണിക്ക് മണത്തിരുന്ന ഒരു മെഡിക്കല്‍ കട ഒരൊറ്റ രാത്രി കൊണ്ട്  ഒഴിപ്പിച്ച് ചൂടന്‍ പഫ്സ് മണക്കുന്ന ബേക്കറി ആക്കി മാറ്റി ധര്‍മേട്ടന്‍..ഒരു മാതിരി ജഗന്നാദൻ ആറാം തമ്പുരാനിൽ ധാരാവി ഒഴിപ്പിച്ച പോലെ 

പിന്നെ ഒരാഴ്ച്ച ഡോക്ടര്‍മാര്‍  കാക്ക്രം പൂക്ക്രം എഴുതി  കൊടുക്കുന്ന " മാരുതി മെഡിക്കല്‍സ് " എന്ന് എഴുതിയിട്ടുള്ള ചീട്ടും വച്ച് .. പ്രമേഹത്തിന് മരുന്ന് വാങ്ങാന്‍ വന്ന ജാനു ചേച്ചി .. വീട്ടില്‍  പോയത്  നല്ല ചുവന്ന ലഡ്ഡു വാങ്ങിയാണ് ..ബൈ ദ  ബൈ ..മുന്തിരി വയ്ക്കാത്ത  ചുവന്ന ലഡ്ഡു ..നട്ട്സ്ചീളുകള്‍ വിതറിയ  മഞ്ഞ  ജിലേബി.. നല്ല മൊരു മോരാന്നുള്ള  സോന്‍ പപ്പടി  ഇവ ആദ്യമായി നെമ്മാറ രുചിക്കുന്നത് ധര്‍മ്മേട്ടന്റെ പുതിയ ബേക്കറി  വഴി ആണ് ..

സ്വന്തം പേര് അന്വര്‍ത്ഥമാക്കും വിധം  പൊതുവേ മിതമായ നിരക്കില്‍ പലഹാരങ്ങള്‍ കൊടുത്ത ധര്‍മ്മേട്ടന്‍ ഇനി ബേക്കറിയില്‍ നിന്നും സാധനങ്ങള്‍ അഫോര്‍ഡ് ചെയ്യാന്‍ പറ്റാത്ത മാട്ടുപ്പാറ .. കാളതോട് ..പാലപ്പറമ്പ് .ഇത്യാദി നിവാസികള്‍ക്കായി .. പൊടിഞ്ഞു പോയതും  അംഗ ഭംഗം വന്നുള്ളതുമായ  ലഡ്ഡു .. ജിലേബി .. കേക്ക് .. ബിസ്ക്കറ്റ് എന്നിവ " പൊതി " എന്ന പേരില്‍ ഒരു രൂപയ്ക്ക് കൊടുത്തിരുന്നു .. ഇത് കേട്ടറിഞ്ഞു അടുത്തുള്ള  പ്രഭ പാരലല്‍ കോളേജ്  പിള്ളേര്‍ തങ്ങളുടെ സ്ഥിരം ഒരു രൂപ ഐറ്റം ആയ കടല .ചായക്കടയിലെ .ബജ്ജി .. പഴം പൊരി ഇവ ഒഴിവാക്കി മാരുതി ബേക്കറിയില്‍ നിന്നും "പൊതി" വാങ്ങാന്‍ തുടങ്ങി

അങ്ങന കച്ചവടം മുറയ്ക്ക് നടക്കുമ്പോള്‍ ആണ് .. വേല ചെയ്തെ വിദ്യാഭ്യാസം ചെയ്യൂ എന്ന വാശിയോടെ ഞാന്‍ ധര്‍മ്മേട്ടനെ സമീപിക്കുന്നത്

ഞാന്‍ : ധര്‍മ്മേട്ടാ എനിക്കൊരു ജോലി വേണം
ധര്‍മ്മേട്ടന്‍  : അതി രാവിലെ കടയിൽ വന്നു ഗ്യാസിനുള്ള മരുന്ന് വേണം എന്ന് പറയുന്നതുനു പകരം വ്യത്യസ്ഥമായി എന്തോ കെട്ടതിന്റെ ഹാങ്ങ് ഓവർ ധർമ്മെട്ടന്റെ മുഖത്ത് പ്രകടമായി

ധര്‍മ്മേട്ടന്‍  : എന്ത് വേണം ?

ഞാൻ : അല്ലാ .. എന്തെങ്കിലും ഒരു ജോലി

 ധര്‍മ്മേട്ടന്‍  : നീ ശശി സാറിന്റെ മകന്‍ അല്ലെ ?

ഞാന്‍ : അതെ ..
ധര്‍മ്മേട്ടന്‍  : ഞാന്‍ നിനക്ക്  എന്ത് ജോലി തരാനാ
ഞാന്‍ : ഞാന്‍ ഇവിടെ നിക്കട്ടെ.. എടുത്ത് കൊടുക്കാൻ ?
ധര്‍മ്മേട്ടന്‍ ( ഒന്ന്‍ ആലോചിച്ച് ) :നിന്‍റെ അച്ഛനോട് ഞാന്‍ ചോദിക്കട്ടെ
ഞാന്‍ : അച്ഛന്‍ സമ്മതിച്ചു .. അച്ഛനാണ് ധര്മ്മേട്ടനോട് ചോദിക്കാൻ പറഞ്ഞത്
അവിടെയും ഞാന്‍ വേലയില്‍ വിളയുന്ന വിദ്യാഭ്യാസം ഒരു ചെറിയ കൃഷ് കോഴ്സ്  ക്ലാസ് എടുത്തു ..
ധര്‍മ്മേട്ടന്‍  : ശരി നീ ശനിയും ഞായറും വന്നോ ..അമേരിക്കയിലെ പോലെ വലിയ ശമ്പളം ഒന്നും ഉണ്ടാവില്ല മാസാവസാനം  ഞാന്‍ എന്തെങ്കിലും തരാം

ആ 15 മിനിറ്റ്
അതായിരുന്നു എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ ..
പിന്നെ വീട്ടിലേക്കുള്ള നടത്തത്തില്‍ വല്ലാത്ത ആഹ്ലാദം ആയിരുന്നു .. ഞാന്‍ ഇപ്പോള്‍ വെറും ഒരു ഒന്‍പതാം ക്ലാസ്സ്‌ കുട്ടി അല്ല .. ഒരു ജോലിക്കാരന്‍ .. മാസാവസാനം ശമ്പളം .. അതും ബേക്കറിയില്‍ .. ഹോ ..

പിന്നെ അടുത്ത ശനിയാഴ്ച്ച ആവാനുള്ള കാത്തിരിപ്പായിരുന്നു ..പതിവിനു വിപരീതമായി ഞാന്‍ ശനിയാഴ്ച്ച അതിരാവിലെ എഴുന്നേറ്റു .. ക്രിക്കറ്റ് കളിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങി .. നേരെ ബേക്കറിയില്‍ ജോലിക്ക് ..

ഞാന്‍ ചെന്നപ്പോള്‍  ധര്‍മ്മേട്ടന്‍ രാവിലെ ഗുരുവായൂരപ്പന്റെ പടത്തില്‍ വിളക്ക് കൊളുത്തി കൊണ്ടിരിക്കുകയായിരുന്നു.

ഹാ ജോലിക്ക് കയറാൻ നല്ല ലക്ഷണം ... ധര്‍മ്മേട്ടന്‍ പറഞ്ഞു ..

നീ ആ സ്റ്റോര്‍ റൂമില്‍ നിന്ന് മഞ്ഞ  വെണ്ണ ബിസ്ക്കറ്റ് എടുത്ത് .. ആ ഗ്ലാസ്‌ കൂട്ടില്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വയ്ക്ക്

ധര്‍മ്മേട്ടന്‍ എന്നെ ആദ്യത്തെ ജോലി ഏല്‍പ്പിച്ചു

ആ പണി റെക്കോര്‍ഡ്‌ സമയത്തില്‍ തീര്‍ത്ത ഞാന്‍ ..  ആരംഭ ശൂര്യത്തില്‍  തുടച്ച ഗ്ലാസ്‌ പോലും പിന്നെയും തുടച്ച് വച്ചു .. പഞ്ചസാരയില്‍ കുതിര്‍ന്ന ചെറിപ്പഴം ഒന്നിളക്കി വച്ചു .. ഉണക്ക മുന്തിരി വീണു കിടന്നിരുന്ന ലഡ്ഡുവില്‍ വീണ്ടും അത് ഒട്ടിച്ചു വച്ചു ..

ധര്‍മ്മേട്ടന്  എന്നെ ക്ഷാ .. പിടിച്ചു എന്ന് എനിക്ക് മനസ്സിലായി

 ഉച്ച ഊണ് കഴിഞ്ഞ്‌  അങ്ങനെ വെറുതെ ചൂടും അടിച്ച് ബസ്സും നോക്കി  ഇരിക്കുമ്പോള്‍ ആണ് ധര്‍മ്മെട്ടന് വീട്ടില്‍ ഒന്ന് പോയി വന്നാലോ എന്ന ചിന്ത  ഉണ്ടായത്

അത് കലശമായപ്പോള്‍ .. " ഡാ .. ഞാന്‍ ഒന്ന് വീട്ടില്‍ പോയിട്ട് ഇപ്പൊ വരാം .. നീ നോക്കിക്കൊളില്ലേ .. രണ്ടു മണിക്ക് പ്രഭ കോളേജിലെ  പിള്ളേര്‍ വരും അവര്‍ക്ക് പൊതി കൊടുക്കണം ...

ഞാന്‍ : ഓ .. ഏട്ടന്‍ പൊക്കോ .. ഒരു കുഴപ്പവും ഇല്ല

ധര്‍മ്മേട്ടന്‍ : എല്ലാത്തിന്റെയും പൈസ ഈ ബുക്കില്‍ ഉണ്ട് .. ഞാന്‍ വൈകുന്നേരം വരാം ..

എന്ന് പറഞ്ഞു ധര്‍മ്മേട്ടന്‍ പോയതും .. ഞാന്‍ കാഷിയര്‍ സീറ്റില്‍ കയറി ഇരിപ്പുറപ്പിച്ചു

അങ്ങനെ ഇരുന്നപ്പോള്‍ അവിടം ഒന്ന്‍ അടിച്ച് വാരിയാലോ എന്ന ചിന്താഗതി എന്നില്‍ സംജാതമായി .. ഉടനെ ഞാന്‍ റൂമില്‍ നിന്ന് ചൂല്‍ എടുത്ത്  അടിച്ച് വാരിക്കൊണ്ടിരുന്ന നേരം .. പിന്നില്‍ ആരോ വന്നു

സാധനം വാങ്ങാന്‍ വന്ന ആളാവും എന്ന് കരുതി തിരിഞ്ഞ ഞാന്‍ അറിയാതെ ചൂല് താഴെ ഇട്ടു.

സിമ്പൽ ....

അത് നിങ്ങൾ പ്രതീക്ഷിച്ചത് പോലെ അത്  എന്റെ അച്ഛൻ അല്ലായിരുന്നു .. എന്റെ കൂട്ടുകാരൻ വിനു . കയ്യിൽ ഒരു ബാറ്റുമുണ്ട് . എന്നെ ക്രിക്കറ്റ്‌ കളിക്കാൻ വിളിക്കാൻ വന്നതെന്ന് കരുതി .. അവനോടു വേലയിൽ വിളയുന്ന ക്ലാസ്സ്‌ എടുക്കാൻ തുടങ്ങുമ്പോൾ ആണ്

അവനു പിറകെ നിൽക്കുന്ന ആളെ നല്ല കണ്ടു പരിചയം .. എൻറെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ ... വേറെ ആരുമല്ല  എന്റെ അച്ഛൻ...


വീണ്ടും സിമ്പൽ ..

" വീട്ടിൽ പോടാ "  എന്ന് തുടങ്ങി  പറഞ്ഞ വാക്കുകളില്‍ കുടുംബം ..മാനം  .. ഇവയൊക്കെ മാത്രമേ  കേട്ടുള്ളൂ ബാക്കി എല്ലാം അനൂപ്‌ മേനോൻറെ പടത്തിലെ പോലെ "ബീപ്"  സൌണ്ട് ആയിരുന്നു ..

എൻറെ അപ്പൂപ്പന് " മോനെ കത്തി താഴെ ഇടെടാ " എന്ന്
അച്ഛനോട് ഓടി വന്നു  പറയാനുള്ള പാങ്ങ് ഇല്ല എന്ന് നന്നായി അറിയാമായിരുന്നത് കൊണ്ട്  ഞാൻ അവിടെ നിന്ന് എന്റെ എല്ലാമെല്ലാമായ  ജീവനും കൊണ്ട്  ഓടി ..

വിനു ബാറ്റും പിടിച്ചു കൊണ്ട് എൻറെ പിറകിൽ ഓടി

വീട്ടിലെത്തുമ്പോഴേക്കും വിനു പറഞ്ഞ്   എനിക്ക് ചില കാര്യങ്ങൾ മനസ്സിലായി ..

സാധാരണശനിയാഴ്ച ക്രിക്കറ്റ്‌ കളിക്കാൻ കാണാഞ്ഞിട്ട് .. വിനുവും കൂടെ പത്തു പിള്ളേരും കോലും വടിയുമായി  വീട്ടിൽ അന്വേഷിച്ച് വന്നുവത്രേ  ..

ഹരി ഉണ്ടോ ഇവിടെ .. പല വട്ടം ചോദിച്ചു

ഗുണ്ടകൾ  വടിയുമായി  സ്വന്തം മോനെ  അടിക്കാൻ വിളിക്കുന്നതാണെന്ന് കരുതി അമ്മ വാതിൽ തുറന്നില്ല ..

വീട്ടിൽ നിന്ന് തിരിച്ചു വരുന്ന സമയത്താണ് അച്ഛനെ കണ്ടതെന്നും .. മകൻ മിസ്സിംഗ്‌ ആണ് എന്നറിഞ്ഞ് അച്ഛനും വിനവും കൂടെ തിരക്കി ഇറങ്ങിയതാണത്രെ

" ആ അവൻ വീട്ടിൽ വന്നോളും " എന്ന് പറഞ്ഞു ഈ കാര്യത്തെ നിസ്സാരമായി എടുത്ത  അച്ഛനെ  വിനുവാണത്രെ  നിർബന്ധിച്ച്  പിടിച്ചു കൊണ്ട് തിരയാൻ വന്നത്

നന്ദി അളിയാ .. നന്ദി .. ഞാൻ തൊഴുതു കൊണ്ട്  പറഞ്ഞു

നിന്നെ ഒക്കെ എന്തിനാടാ ഈ ലോകത്ത് .. .പറഞ്ഞത് മുഴുമിപ്പിക്കാതെ .. എന്ന് പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി

അല്ലാ .. നീ ആ മാരുതി മെഡിക്കൽസിൽ എന്തെടുക്കുകയായിരുന്നു .. എന്റെ പിന്നിൽ നിന്ന് വിനു ചോദിക്കുന്നുണ്ടായിരുന്നു

വിനുവിന് കാര്യം മനസ്സിലായില്ല .. പക്ഷെ അടുത്ത ദിവസം നാട്ടുകാർക്ക് എല്ലാം മനസ്സിലായി ..

ഉച്ചക്ക് പൊതി മേടിക്കാൻ വന്ന പ്രഭ പാരലൽ കോളേജിലെ പിള്ളേർ .. ബേക്കറിയിൽ ആളില്ല എന്ന് കണ്ട് .. ഷട്ടർ അടച്ചിട്ടു ഒരാഴ്ചത്തേക്കുള്ള പലഹാരങ്ങൾ അടിച്ചു കൊണ്ട് പോയി ..

അത് ഞാൻ എടുത്തു കൊണ്ട് പോയി .. കേസ് കൊടുക്കും  എന്ന് പറഞ്ഞു വന്ന ധർമ്മെട്ടനു ..ഒരു കല്യാണ പാർട്ടി നടത്താനുള്ള തുക എന്റെ അച്ഛനു കൊടുക്കേണ്ടി വന്നു ..

അമ്മ പ്രവചിച്ചത് പോലെ തന്നെ   അച്ഛൻറെ വേലകൾ  അടിയായും ..ശകാരമായും എൻറെ ശരീരത്തിലും മനസ്സിലും ശരിക്ക് അങ്ങ് വിളഞ്ഞു

അന്ന് തൊട്ട് എനിക്ക് ബേക്കറി പലഹാരം എന്ന് കേൾക്കുമ്പോൾ അലർജ്ജി ആണ് .. ഒരിത്തിരി  മധുരമുള്ള അലർജ്ജി...





















Sunday, November 2, 2014

വൈകിയ അരിവാള്‍ - The Late Arrival





ഉല്ലാസത്തിനായി മാത്രം ഒരു ഫാമിലി  ഒരു വര്ഷം കളയുന്ന പൈസ എത്രയാണെന്ന് വല്ല നിശ്ചയം ഉണ്ടോ ? നാല്‍പതിനായിരം ഡോളര്‍ അതായത്  25  ലക്ഷം രൂപ .. വിഡ്ഢികള്‍ .. പ്രത്യേകിച്ച് യാതൊരു പൈസ ചെലവും ഇല്ലാതെ മണിക്കൂര്‍ കണക്കിന് സമയം പോവാന്‍ എത്ര വഴികള്‍ ആണ്  ഈ ലോകത്ത് ഉള്ളത് ?.. അതില്‍ ഞാന്‍ ഗഹനമായി ചിന്തിച്ച് സ്വന്തമായി  കണ്ടെത്തിയ ഒരു വഴിയാണ് ഇപ്പൊ പറയുന്നത്

 അടുത്തുള്ള  എയര്‍പോര്‍ട്ടില്‍ പോയി ഇന്റര്‍നാഷണല്‍ അറൈവല്‍ സ്ഥലത്ത് പോയി ഒരു കാപ്പിയും കുടിച്ച് .. വരുന്നവരെ നോക്കി ഇങ്ങനെ ഇരിക്കുക ..


പുറം രാജ്യത്ത് നിന്ന്   വരുന്ന പെണ്ണുങ്ങളുടെ കണ്ണുകള്‍ ....വല്ലാത്ത ഒരു ആകര്‍ഷണീയത ആണ് അതിന് ..

ബാഗ്ഗേജ് എടുത്ത്  പുറത്ത് ഇറങ്ങി വരുമ്പോള്‍  നടന്നു കൊണ്ട് അവര്‍ തിരയുകയയിരിക്കും   .. അതിപ്പോള്‍ കാമുകന്‍ ആവാം .. അച്ഛന്‍ ആവാം .. .. സുഹൃത്ത് ആവാം .. ബന്ധു ആവാം .. ഓരോന്നും വേറെ വേറെ കണ്ണുകള്‍ ആണ്

ഓണ്‍ ദി അദര്‍ ഹാന്‍ഡ്‌

പുറം രാജ്യത്ത് നിന്ന് വരുന്ന ആണുങ്ങളെ  വരവേല്‍ക്കാന്‍  നില്‍ക്കുന്ന പെണ്ണുങ്ങള്‍ക്ക് ഒരു വാത്സല്യ ഭാവമുള്ള കണ്ണ്  ആണ് .. അതും വാതിലില്‍ തന്നെ നോക്കി  തിരഞ്ഞു കൊണ്ടങ്ങനെ നില്‍ക്കും ... ഈ തിരച്ചിലിനിടയില്‍ അവര്‍ പ്രതീക്ഷിക്കുന്ന ആള്‍ വന്നാല്‍ മുഖത്ത് വിടരുന്ന  പ്രകാശം ..പൂരത്തിന്  അമിട്ട് കാണുന്നത് പോലെ ഭംഗി ഉള്ളതാണ്.

അത് മാത്രമല്ല യുദ്ധത്തിനു പോയി വരുന്ന പട്ടാളക്കാരുടെ വിമാനം വന്നാല്‍ പിന്നെ അവിടെ മാമാങ്കം ആണ് . അവര്‍ ഭാര്യ ഭര്‍ത്താക്കന്മാരുടെ സ്നേഹപ്രകടനങ്ങള്‍  നോക്കി നിന്നാല്‍ ആരുടേയും കണ്ണ് നനയും ..

ഇത്രയും സാങ്കേതികമായ വശം ഇതിനുണ്ട് എന്നറിയാത്ത എന്റെ ഭാര്യയുടെ അഭിപ്രായത്തില്‍ ഈ പ്രവൃത്തി വെറും  " വായിന്നോട്ടം " ആണത്രേ .. പെണ്‍ബുദ്ധി .. ഹെയർ പിൻ ബുദ്ധി

വല്ലപ്പോഴും മാത്രം ഒത്തു വരുന്ന ഈ വിനോദത്തിനു അടുത്ത കാലത്ത് ചാന്‍സ് കിട്ടിയത് എന്റെ സ്വന്തം അമ്മായിഅമ്മ കേരളത്തില്‍ നിന്ന് വിസ്റിംഗ് വിസയില്‍ ഒബാമയുമായുള്ള കൂടികാഴ്ച്ച ക്ക്  വന്നപ്പോള്‍ ആണ് ..

ആ ദിവസം ഉച്ചക്ക് തന്നെ  കൃത്യമായി എയര്‍ കണ്ടീഷന്‍ നന്നാക്കാന്‍ ആളെ വിളിച്ചതിനാല്‍  അമ്മയെ എയര്‍ പോര്‍ട്ടില്‍ കൂട്ടാന്‍ ആരൊക്കെ പോകണം എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായില്ല ..

ഈ കൊടും തണുപ്പത്ത്  നിനക്ക് വീട്ടില്‍ ചൂട് വേണോ ,, അമ്മയെ കൂട്ടാന്‍ വരണോ .. ഞാന്‍ ഭാര്യയോടു തിരക്കി ..

 ഉത്തരം പകല്‍ പോലെ എനിക്ക് സ്പഷ്ടമായിരുന്നു  . (കട :  രാധതന്‍ പ്രേമത്തോടാണോ )

അമ്മ ഇങ്ങോട്ട് തന്നെ അല്ലെ വരുന്നത് .. ഇനിയിപ്പോ കൊച്ചുങ്ങളെയും കൂട്ടി ഈ തണുപ്പത്ത് ഒരു മണിക്കൂര്‍ ... നിങ്ങള്‍ തന്നെ പോയി കൂട്ടിക്കൊണ്ടു വന്നാല്‍ മതി ..

സങ്കടത്തോടെ ആണെങ്കിലും ഞാന്‍ എന്റെ ഭാര്യയെയും കുട്ടികളെയും കുറച്ച് നേരത്തേക്ക്  തനിച്ചാക്കി  എയര്‍ പോര്‍ട്ടിലേക്ക് യാത്രയായി

അവിടെ എത്തിയ ഉടനെ കാര്‍ പാര്‍ക്ക് ചെയ്ത് . അറൈവല്‍ ടെര്‍മിനലി നു അടുത്തുള്ള സ്റാര്‍ ബക്സില്‍ നിന്ന് ഒരു കാപ്പിയും മേടിച്ച് വാതിലില്‍ നോക്കി ഇരിപ്പുറപ്പിച്ചു ..

പ്ലൈൻ ലാൻഡ് ചെയ്തിട്ടേ ഉള്ളൂ ഇനിയും എത്ര സമയം കിടക്കുന്നു.. ..ഞാൻ ചുറ്റും ഒന്ന് നോക്കി

എന്റെ അടുത്ത് ഒരു ഫാമിലി .. ഒരു കഷണ്ടി കയറി തുടങ്ങിയ ഒരു തെന്നിന്ത്യക്കാരന്‍ .. അയാളുടെ ഭാര്യ .. ഒരു പത്ത് വയസ്സ് തോന്നിക്കുന്ന കണ്ണട വച്ച ഒരു  മകന്‍

മകൻ ഒരു ഐപാഡിൽ ഏതോ അന്യ ഗ്രഹ ജീവികളുടെ ഭൂമി ആക്രമണത്തെ ചെറുക്കുകയാണ്

 ഞാന്‍ സാധാരണ ഒരാളെ കണ്ടാല്‍ തന്നെ അയാൾ പേര് പറഞ്ഞില്ലെങ്കിലും  എന്റെ വക ഒരു പേര് അയാള്‍ക്ക് ഇടും..  .. ഇവിടെ  ഞാൻ അയാൾക്ക്  ഇട്ട പേര് മധു റെഡ്ഡി എന്നാണ്

മധു  ഒരു ആന്ധ്രാക്കാരന്‍ ആയിരിക്കണം

എന്നാൽ പിന്നെ അത് സ്ഥിതീകരിച്ചിട്ട് തന്നെ ബാക്കി കാര്യം ..വേറെ പണി ഒന്നും ഇല്ല  സമയം പോവെണ്ടേ ..

അയാൾ  ഭാര്യയോടു എന്തോ പറഞ്ഞപ്പോൾ ഞാൻ കാതോർത്തു

 ഒരു പത്ത് വട്ടം  " ണ്ടി " എന്ന അക്ഷരം ഞാൻ എണ്ണി .. അതെ ആന്ധ്ര തന്നെ .. ഞാൻ ഉറപ്പിച്ചു

ഇനി തിലങ്കാന ആണോ സീമാന്ധ്ര ആണോ എന്ന ഡൌട്ട് മാത്രമേ ഉള്ളൂ .

മീശ ഇല്ലാത്തത് കൊണ്ട് ഏതെങ്കിലും ഒരു കോണ്ട്രാക്ടർ ആയിരിക്കണം  .. ഗ്രീൻ കാർഡ്‌ പ്രോസിസ്സിംഗ് നടന്നു കൊണ്ടിരിക്കുന്നതെ ഉള്ളൂ .. ഒന്നും അങ്ങോട്ട്‌ സെറ്റിൽ ആയിട്ടില്ലാത്ത ഫാമിലി ആണ് ..  ഞാൻ ഉള്ളിൽ ചിന്തിച്ചു

മധു ഒരു ഫോണും പിടിച്ച്  എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് .. ചിലരെ ഫോണിൽ വിളിക്കുന്നുണ്ട്

മധുവിന്റെ ഭാര്യ .. ചുരിദാർ ആണ് വേഷം .. അമ്പലത്തിൽ നിന്ന് വന്നത് പോലെ പൊട്ട് ഒക്കെ വച്ചിരിക്കുന്നു  പക്ഷെ മധുവിനുള്ള ആകാംഷ .. ഭാര്യക്ക് കാണാനില്ല അവർ ഒരു സ്ഥലത്ത് ഒതുങ്ങി ഇരിക്കുകയാണ്

മധുവിന്റെ അച്ഛനോ അമ്മയോ .. രണ്ടുമോ ആണ് വരുന്നത് .. അതാണ്‌ മധുവിന്റെ ടെൻഷൻ .. ഭാര്യയുടെ  താൽപര്യക്കുറവ് .. ഇന്ത്യൻ രീതിയിലുള്ള ഒരുക്കം ഇവ സൂചിപ്പിക്കുന്നത്.ഞാൻ ചിന്തിച്ചു

മധുവിനെ കൊണ്ട് അധികം ടെൻഷൻ അടിപ്പിക്കാതെ വാതിലിൽ അച്ചനും അമ്മയും വീൽ ചെയറിൽ പ്രത്യക്ഷരായി ..പിടഞ്ഞ് എഴുന്നേറ്റ് മധുവും ഭാര്യയും പോയി അവരെ സ്വീകരിച്ചു .. എല്ലാവർക്കും സന്തോഷം ..

അവരുടെ മകൻ അപ്പോഴും എന്റെ അടുത്തു തന്നെ ഇരുന്ന് കളിച്ച് കൊണ്ടിരിക്കുകയാണ്  ..

മധു അമ്മയോട് എന്തോ ചോദിച്ചു

മധുവിന്റെ അമ്മയ്ക്ക് വല്ലാത്ത ദുഃഖം .. അവർ സംസാരിക്കുന്നതിന്റെ കൂടെ  ചിലതൊക്കെ "എടുത്ത് എറിയുന്ന"  ആക്ഷൻ കാണിച്ചപ്പോൾ എനിക്ക് കാര്യം മനസ്സിലായി

പുള്ളിക്കാരി മാസങ്ങളായി മകന്  വേണ്ടി  പ്രത്യേകം പറഞ്ഞു ചെയ്തതും ചെയ്യിപ്പിച്ചതും  പല സ്ഥലങ്ങളിൽ ഒളിപ്പിച്ചതും ആയ .അച്ചാർ .. ഗൊംഗുര ..കറിവേപ്പില .. തുളസി ചെടി എന്ന് വേണ്ട . ഒട്ടുമിക്ക ആഹാരങ്ങളും നിഷ്കരുണം കസ്റ്റംസ് നശിപ്പിച്ചിരിക്കുന്നു

പാവം..  അവരുടെ കണ്ണു നിറഞ്ഞു എന്ന് തോന്നി  .. കസ്റ്റംസ് കളഞ്ഞത് വെറും ഭക്ഷ്യ വസ്തുക്കൾ മാത്രമല്ലല്ലോ .. അവരുടെ സ്നേഹം തന്നെ ആയിരുന്നില്ലേ ..

ഇന്ത്യാക്കാർ മാത്രമാണ്  അച്ഛനും അമ്മയും അമേരിക്കയിൽ വരുമ്പോൾ  "യാത്ര എങ്ങനെ ഇരുന്നു"  എന്ന് പോലും ചോദിക്കുന്നതിനു മുന്പായി " എല്ലാം കിട്ടിയോ "  ചോദിക്കുന്നത് എന്ന് തോന്നുന്നു

അമ്മയെയും അച്ഛനെയും വീൽ ചെയറിൽ ഉന്തി കൊണ്ട് വന്ന രണ്ടു പേർ ഇതെല്ലാം കണ്ടു കൊണ്ട് നിൽക്കുന്നുണ്ട് ..

മധു ഉടനെ തന്നെ അവർക്ക് എത്രയോ ഡോളർ ടിപ്പ് ആയി  കൊടുക്കുന്നത് കണ്ടു

ഇത് കണ്ടപ്പോൾ ആണ് അത് വരെ ഈ നടക്കുന്ന സീൻ എല്ലാം ഒരു സിനിമ എന്ന പോലെ കണ്ടു കൊണ്ടിരുന്ന ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്

ഞാൻ ഉടനെ പേഴ്സ് എടുക്കാനായി ആസനം പരതി  ... കൃത്യമായി ഞാൻ വരുന്ന തിരക്കിൽ പേഴ്സ് മറന്നു

അയ്യോ ..ഇനി അമ്മായി അമ്മയും ഇപ്പോൾ ഇങ്ങു വരും .. അവരെ ഉന്തുന്നവർക്കും ഞാൻ ഇത് പോലെ പൈസ കൊടുക്കേണ്ടേ ..

ഇത്രയും ഉത്തര വാദിത്വം ഇല്ലാത്തവനാണ്   എന്റെ മോളെ ഞാൻ കെട്ടിച്ച്  കൊടുത്തത് എന്ന് വിചാരിച്ചാൽ....

സ്ഥിരമായി പേഴ്സ് മറക്കുന്നത് കൊണ്ട് സെൽ ഫോണ്‍ കവറിനു ഉള്ളിൽ ഒരു കാർഡ്‌ സൂക്ഷിക്കാറുണ്ട് .. ഭാഗ്യത്തിന് ഞാൻ സെൽ ഫോണ്‍ എടുക്കാൻ മറന്നില്ല

ചില സമയങ്ങളിൽ ലോകം പഴഞ്ചൻ ആണ് .. ഉദാഹരണത്തിന് ..

 എനിക്ക്  വഴിയിൽ കണ്ട ഒരാൾക്ക് കുറച്ച്  കാശ് കൊടുക്കണം

എങ്കിൽ ഇപ്പോഴും പതിനാറാം നൂറ്റാണ്ടിലെ " നോട്ടിനെ " ആശ്രയിക്കണം

കഴിഞ്ഞ ദിവസം കുളിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു ഐഡിയ തോന്നിയിരുന്നു .. ഞാൻ ഒരാൾക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്ത് അഞ്ചു ഡോളർ എന്ന് പറഞ്ഞാൽ .. എന്റെ ശബ്ദം മനസ്സിലാക്കി മോതിരം വഴി അവന്റെ ബാങ്കിൽ 5 ഡോളർ എത്തണം .. ഇതാണ് പുതിയ ടെക്നോളജി .. ഇത് എന്നെ കോടീശ്വരൻ ആക്കും എന്ന് എനിക്ക് ഉറപ്പാണ് .. പക്ഷെ ഞാൻ ഇത് ചെയ്തു പിടിച്ചു വരുമ്പോഴേക്കും ഇത് അപ്പിൾ അല്ലെങ്കിൽ ഗൂഗിൾ  ഇറക്കും .. അതല്ലേ പ്രശ്നം

നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിയില്ല ..അത്ഭുതം എന്ന് പറയട്ടെ  ഐ ഫോണിന്റെ കാര്യത്തിലും.. യൂ റ്റ്യുബിന്റെ കാര്യത്തിലും  ഇത് തന്നെ സംഭവിച്ചിരുന്നു ..

ദിവാ സ്വപ്നത്തിൽ മുഴുകിയിട്ട് കാര്യം ഇല്ല .. ഇപ്പൊ എനിക്ക് കുറച്ച്  ഡോളർ കിട്ടിയേ പറ്റൂ

നോക്കുമ്പോൾ അടുത്തു തന്നെ ഒരു എ ടി എം ഉണ്ട് .. ബാങ്ക് ഏതെന്ന് നോക്കിയപ്പോൾ  " ക്യാപ്പിറ്റൽ വണ്‍ " എൻറെ കയ്യിൽ ഉള്ള കാർഡ് ആണെകിൽ "ബാങ്ക് ഓഫ് അമേരിക്ക "

മിക്കവാറും വേറെ വേറെ ബാങ്ക് ആണെകിൽ പണം എടുക്കുന്നതിന് ഒരു ഫീസ്‌ ഉണ്ടാകും

എന്തായാലും നോക്കാം പോയി കാർഡ് ഇട്ടു ..20 ഡോളർ ആണ് മിനിമം ,, സ്ഥിരം പല്ലവികൾ എല്ലാം കഴിഞ്ഞു വന്നപ്പോൾ ദേ വരുന്നു ഒരു പാരഗ്രാഫ്

ചുരുക്കി പറഞ്ഞാൽ ഇപ്പോൾ പണം എടുക്കണമെങ്കിൽ  5 ഡോളർ ഫീസ്‌ ഞാൻ അങ്ങോട്ട്‌ കൊടുക്കണം


കാര്യം അമേരിക്കയിൽ വന്നിട്ട് കുറെ വർഷങ്ങൾ ആയെങ്കിലും ചില കാര്യങ്ങൾക്ക് ഞാൻ ഇപ്പോഴും ഡോളർ രൂപ ആക്കി നോക്കാറുണ്ട്

..പ്രത്യേകിച്ചും കാശ് വെറുതെ ഫീസ്‌ ഇനത്തിൽ കയ്യിൽ നിന്ന് പോകുമ്പോൾ ..

അഞ്ചു ഡോളർ .. ഇപ്പോളത്തെ കണക്കിന് 300 രൂപ ..നാട്ടിൽ  പത്ത് ലിറ്റർ പാലിന്റെ പൈസ

വെറുതെ കൊടുക്കുക എന്ന് വച്ചാൽ .. ഞാൻ ഒന്ന് ഇരുത്തി ചിന്തിച്ചു

പ്രോത്സാഹനം എന്ന് വച്ചാൽ എൻറെ മനസ്സിന്റെ പ്രോത്സാഹനം ആണ് എന്റെ അമ്മയൊന്നും അതിന്റെ ഏഴയലത്ത് വരില്ല

ഒന്നിലും എളുപ്പ വഴി നോക്കരുത് .. അവസാനം വരെ പൊരുതാതെ ഒന്നിലും കീഴടങ്ങരുത് എന്നെന്തെക്കെയോ മനസ്സ് വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു  .. ഞാൻ അത്ര ശ്രദ്ധിക്കാൻ പോയില്ലെങ്കിലും


ശല്യം സഹിക്ക വയ്യ എന്നായപ്പോൾ ഞാൻ അവിടെ തന്നെ ബാങ്ക് ഓഫ് അമേരിക്കയുടെ  ഒരു എ ടി എം തിരയാം എന്ന് തീർമാനിച്ചു

മനസ്സിന് അവിടെ ഇരുന്നു പറഞ്ഞാൽ മതി .. ഈ തിരയുക എന്നത് നല്ല ക്ഷമ വേണ്ട കാര്യമാണ് ..  . ഇനി ഇപ്പൊ മാപ്പ് വായിച്ച് പഠിക്കാൻ ഒന്നും വയ്യ .. ആരോടെങ്കിലും ചോദിക്കാം ..പെട്ടിക്കടകൾ ഉള്ളിടത്തോളം മലയാളിക്ക് എന്തിനു ജി പി എസ് .

ചോദിച്ചാൽ പറയും എന്ന് എനിക്ക് തോന്നിയ അഞ്ചാറ് പേരെ തിരഞ്ഞു അതിൽ നിന്ന് ഒരാളെ ഷോര്ട്ട് ലിസ്റ്റ് ചെയ്തു

അത് അവിടെ നിലം   തുടച്ച് കൊണ്ടിരുന്ന കണ്ണിന്റെ സ്ഥാനത്ത് രണ്ടു വരകൾ മാത്രം ഉള്ള ഒരു ചൈനീസ് ചേച്ചി ആയിരുന്നു

ഇവിടെ ബാങ്ക് ഓഫ് അമേരിക്ക യുടെ എ ടി എം ഉണ്ടോ .. എന്ന് ഞാൻ ചൈനീസിൽ  ചൊദിച്ചു   ( നിങ്ങള്ക്ക് മനസ്സിലാവാനായി ഞാൻ ഇവിടെ മലയാളത്തിൽ എഴുതുന്നതാ .. )

ചേച്ചി കൈ ചുണ്ടിൽ തട്ടി  കുറച്ച് നേരം ആലോചിച്ചു

ഞാൻ അവരുടെ മൈഡ് ഇൻ ചൈന  വായിൽ നിന്നും സ്വരങ്ങൾ  പൊഴിയാൻ ആയി കാത്തിരുന്നു .. സമയം പോകുന്നു  ചേച്ചിയാണെങ്കിൽ അവാർഡ് സിനിമ പോലെ ആലോചിക്കുന്നു

ചേച്ചി തലയൊക്കെ ആട്ടി പറഞ്ഞു  ടെർമിനൽ 26 ൽ ഒരു എ ടി എം ഉണ്ട് .. ബാങ്ക് .. ബാങ്ക്

അല്ല അത് ബാങ്ക് ഓഫ് അമേരിക്ക ആണോ ..

ചേച്ചിയോട് ഒന്ന് കൂടി കണ്‍ഫേം ചെയ്തു

യാ അമേരിക്ക .. അമേരിക്ക ..

എന്തിനീ അമ്മയുടെ പ്രായമുള്ള സ്ത്രീ എന്നെ പറ്റിക്കണം ?

ഞാൻ ഇപ്പോൾ നില്ക്കുന്നത് ഏത് ടെർമിനൽ ആണ് എന്നറിയാൻ ഒന്ന് ചുറ്റും നോക്കി .. ഇപ്പോൾ ഉള്ളത് ടെർമിനൽ 6 ൽ ആണ്

എവിടെയാപ്പാ ഈ ടെർമിനൽ 26 .. ഞാൻ ചേച്ചിയോട് തന്നെ തിരക്കി

ഹിസ്‌ ഹൈ നസ് അബ്ദുള്ള യിൽ ഗൌതമി മോഹൻലാലിനോട് വഴി പറയുന്നത് പോലെ ചേച്ചി വിസ്തരിച്ച് പറഞ്ഞു .. പകുതിയേ മനസ്സിലായുള്ളൂ


ചുരുക്കി പറഞ്ഞാൽ രണ്ടാം നിലയിൽ ആണ് .. ഇപ്പൊ അത് മാത്രം മതി .. ഇനി അവിടെ പോയി വേറെ ആരോടെങ്കിലും ചോദിക്കാം


അപ്പോൾ ഒരേ ഒരു ലക്‌ഷ്യം രണ്ടാം നിലയിൽ ഉള്ള ബാങ്ക് ഓഫ് അമേരിക്ക എ ടി എം

കാടും മേടും താണ്ടി .. കരിമല കയറി .. ഓരോ ടെർമിനൽ ആയി എണ്ണി അവസാനം ഞാൻ  26 ആം ടെർമിനലിൽ  സന്നിധാനത്ത് എത്തി ചേർന്നു

വഴി പറഞ്ഞു തന്ന ചേച്ചിയുടെ ആത്മവിശ്വാസം അനുസരിച്ച് അവിടെ തന്നെ ഒരു എ ടി എം മെഷീൻ എന്നെ  പ്രതീക്ഷിച്ച് നിൽക്കേണ്ടതാണ്

പക്ഷെ എത്ര പരതിയിട്ടും ബാങ്ക് ഓഫ് അമേരിക്കയുടെ ചുവപ്പ് നിറം  മാത്രം കാണുന്നില്ല ..

നോക്കുമ്പോൾ അതാ അവിടെ ഒരു എ ടി എം .. അതും കാപിറ്റൽ വണ്‍ .. കറങ്ങി തിരിഞ്ഞ് ഞാൻ പഴയ സ്ഥലത്ത് തന്നെ വന്നോ എന്ന സംശയം വരെ എനിക്ക് തോന്നി

പക്ഷെ ഇത് ടെർമിനൽ 26 തന്നെ ..

എന്റെ ക്ഷമ നശിച്ചു ..ഞാൻ പഴയ പടി അപ്പൊ മുന്നിൽ കണ്ട സായിപ്പിനോട്‌ ഒരു മടിയും കൂടാതെ  ഇവിടെ ബാങ്ക് ഓഫ് അമേരിക്കയുടെ എ ടി എം ഉണ്ടോ എന്ന് തിരക്കി .. സായിപ്പ് എന്റെ അളിയൻ ഒന്നും അല്ലല്ലോ ..

സായിപ്പ് ഒരു ചിരിയോടെ തലങ്ങും വിലങ്ങും നോക്കുന്നു ..

പിന്നീടുള്ള സംസാരത്തിൽ എനിക്ക് ചില കാര്യങ്ങൾ വ്യക്തമായി

സായിപ്പ് ഇപ്പോൾ ഫ്രാൻ‌സിൽ നിന്ന് വന്നു ഇറങ്ങിയിട്ടെ ഉള്ളു .. പുള്ളിക്ക് ബാങ്ക് പോയിട്ട് ഇംഗ്ലീഷ് പോലും ശരിക്ക് അറിയില്ല

തിരഞ്ഞു പോകാൻ തുടങ്ങിയ  എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഫ്രാൻസ് കാരാൻ ഒരു സ്ഥലത്തേക്ക് വിരൽ ചൂണ്ടി

നോക്കുമ്പോൾ അവിടെ " എയർപോർട്ട് ഇൻഫർമേഷൻ " എന്ന ബോർഡ്‌ .. ഒരു അപ്പൂപ്പൻ വെറുതെ ചുമരും നോക്കി ഇരിക്കുന്നു..

ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ നോക്കിയാൽ ഒരു കാലത്തും കാണാറില്ല .. ഇനി ഒട്ടു കാണുകയും ഇല്ല .

സായിപ്പിനോട്‌ താങ്ക്സ് പറഞ്ഞു ..  ഉടനെ പോയി അപ്പൂപ്പനോടു വിശദമായി തന്നെ തിരക്കി ..

അല്ലാ ഇവിടെ ഇങ്ങനെ ഒരു ബാങ്ക് ഉണ്ടോ ..

അപ്പൂപ്പൻ ഒരു പുസ്തകം ഒക്കെ എടുത്ത് നോക്കി പറഞ്ഞപ്പോൾ ആണ് ഇത്ര നേരം ഡൌട്ട് ഉണ്ടായിരുന്ന ഒരു കാര്യം സത്യമാണ് എന്ന് മനസ്സിലായത്

ആ എയർപോർട്ടിൽ ബാങ്ക് ഓഫ് അമേരിക്ക എ ടി എം ഇല്ല . അത് മുഴുവനായി കാപിറ്റൽ വണ്‍ കോണ്ട്രാക്റ്റ് എടുത്തിരിക്കുകയാണ് ..

കഥാപ്രസംഗത്തിലെന്ന പോലെ .ഈ ഡയലോഗ് ഒരു സിമ്പലോട് കൂടെ ആണ് ഞാൻ കേട്ടത്

എൻറെ പോന്നു ചൈനാ ചേച്ചി .. കുറച്ച് കഷ്ടമായി പോയി .. ഇന്ത്യക്ക് ലഡാക്കിൽ പണി തരുന്നത് പോരെ .. ഈ അന്യ നാട്ടിൽ എന്നോട് ഇത് വേണമായിരുന്നോ

എന്തായാലും ഇനി സമയം ഇല്ല  ഇവിടുത്തെ കാപിട്ടൽ വണ്‍ എ ടി എം ൽ നിന്ന് തന്നെ  പണം എടുക്കാം

നോക്കുമ്പോൾ അത് വരെ ഇല്ലാതിരുന്ന ഒരു നീണ്ട വരി .. എ ടി എമ്മിന് മുൻപിൽ

അതെപ്പോഴും അങ്ങനെ ആണ് .. ഞാൻ എവിടെ  ഒരു കാര്യത്തിന് പോകുന്നോ അവിടെ ഒക്കെ മുടിഞ്ഞ വരികൾ .. ഞാൻ നിന്ന് കഴിഞ്ഞാൽ പിന്നെ ഒരു മനുഷ്യൻ പോലും എന്റെ പിന്നിൽ വരുകയും ഇല്ല

എന്റെ മുന്നില് മൂന്ന് പേർ..എന്റെ തൊട്ടു മുന്നിൽ ഒരു തൊപ്പി ഒക്കെ വച്ച ഒരു  പാകിസ്ഥാനി കാക്ക  ആണ്

ആദ്യത്തെ രണ്ടു പേർ വേഗം തന്നെ പണം എടുത്ത് പോയി

മൂന്നാമത്തെ പാകിസ്ഥാനി കുറെ പണം എടുക്കുന്നുണ്ട് ..

എന്നാലും അവൻ എത്ര എടുത്തു എന്നറിയാൻ ഞാൻ ഒന്ന് എത്തി നോക്കി

അവന് എവിടുന്നാ ഈശ്വരാ ഇത്രയും പൈസ ?

മെഷീൻ  കഴിഞ്ഞ അഞ്ചു മിനിട്ട് ആയി നിരത്താതെ  കൌണ്ട് ചെയ്ത് കൊണ്ടിരിക്കുകയാണ് ..

ഈശ്വരാ .. ഇതെന്ത് പണം എടുപ്പാണ് .. പൈസ മുഴുവനും  പാകിസ്ഥാനി  കാക്ക എടുത്തിട്ടു പോകുമോ ?

കുറച്ച് കഴിഞ്ഞപ്പോൾ കാക്കയുടെ  കയ്യിലേക്ക് ഒരു കെട്ട് നോട്ടു വന്നു ...

പണം എടുത്ത് .. കാർഡ്‌ എടുത്ത് കാക്ക പോകും എന്ന് കരുതിയ എനിക്ക് തെറ്റി .. അവിടെ ഇരുന്ന് പുള്ളി പണം എണ്ണുകയാണ് ..

" ഡാ മഹാപാപി .. എന്റെ അമ്മായിഅമ്മ ഇപ്പൊ വരും .. ഇത് നെടുങ്ങാടി ബാങ്ക് അല്ല .. എ ടി എമ്മിന് മുൻപിൽ ഇത് പോലെ  എണ്ണാൻ .. ഞാൻ മനസ്സിൽ വിചാരിച്ചു

അവൻ എണ്ണുന്നതിനു കൂടെ ഞാനും എണ്ണി ..

 എണ്ണുന്നതിനിടയിൽ സംശയത്തോടെ കാക്ക എന്നെ ഒന്ന് നോക്കി .. ഞാൻ എണ്ണുന്നത് പുള്ളി  കണ്ടു


ഇരുപതിൻറെ അമ്പതു നോട്ട് ഉണ്ട് .. ആയിരം ഡോളർ .. എവിടെ കൊണ്ട് പോകുകയാണോ എന്തോ

പാകിസ്ഥാനി തൊപ്പി ഒക്കെ ശരിയാക്കി  ഡോളറുമായി എൻറെ അരികിൽ കൂടെ പോയി ..

ഞാൻ അവൻ  കേൾക്കാൻ വേണ്ടി  എന്നോട് തന്നെ ഉറക്കെ പറഞ്ഞു ..

ഫോർട്ടി ഐറ്റ്‌ .. ഫോർട്ടി ഐറ്റ്‌ ..

പുള്ളി  അത് കേട്ടു എന്ന് ഉറപ്പു വരുത്തി ..

എന്നെ വെയിറ്റ് ചെയ്യിച്ച്  കാക്ക അങ്ങനെ ആയിരം ഡോളർ കൊണ്ട് സുഖിക്കേണ്ട ..

അടുത്ത ഊഴം എന്റെ ആണ് .. ഞാൻ എൻറെ കാർഡ് ഇടുന്നതിനു മുൻപ് കാക്കയെ ഒന്ന്  തിരിഞ്ഞു നോക്കി ..

ഞാൻ പറയുന്നത് കേട്ട്  പാവം അവിടെ ഇരുന്നു വീണ്ടും എണ്ണുകയാണ് ..

പാകിസ്ഥാനിയുടെ പൈസ എടുപ്പ് കൊണ്ട് ക്ഷീണിച്ച   എ ടി എം മെഷീൻ .. എന്റെ ലോലമായ എ ടി എം കാർഡ് വച്ച ഉടനെ  അപ്പാടെ വിഴുങ്ങി.. മകൾ കല്യാണം കഴിച്ചു പോകുന്ന അച്ഛനെ പോലെ ആ പോക്ക് ഞാൻ നോക്കി നിന്നു

ഞാൻ പിൻ കൊടുക്കണം ..

കൊടുത്തു

ഒന്നൂടെ ചോദിച്ചു

ഒന്നൂടെ കൊടുത്തു

എന്റെ പിൻ ശരിയല്ല പോലും

ഇതെന്ത് മറിമായം .. ഞാൻ ഇരുത്തി ചിന്തിച്ച് എന്റെ പിൻ  ഓരോ സംഖ്യയായി കൊടുത്തു

അതും തെറ്റ് ..

ഒരു ചുവന്ന സ്ക്രീൻ വന്നു ..

എന്റെ അക്കൌണ്ട് ബാങ്ക് ലോക്ക് ചെയ്തിരിക്കുന്നു ..

ഉള്ളിൽ പോയ കാർഡ് .. തിരിച്ചു വന്നില്ല ..

സംഭവം ക്ലീൻ .. ഇന്നത്തെ ദിവസം ഗംഭീര മായി .. ഇനി ഇപ്പൊ അമ്മായി അമ്മയെ ഉന്തിക്കൊണ്ടു വരുന്നവന് എന്ത് കൊടുക്കും  ... പാർക്ക് ചെയ്ത കാറിനു എങ്ങനെ പൈസ കൊടുക്കും .. ഇതൊക്കെ ഓർത്തപ്പോൾ  വയറിളക്കവും ചുമയും ഒരിമിച്ച് വന്ന അവസ്ഥയിൽ ആയി

പിന്നെയാണ് എനിക്ക് മനസ്സിലായത് എ ടി എം പിൻ എന്ന് കരുതി ഞാൻ കൊടുത്തത്

ലാസ്റ്റ് ഫോർ ഡിജിറ്റ്സ്  ഓഫ് സോഷ്യൽ .. ആയിരുന്നു .. ശ്രദ്ധക്കുറവ് ..ജന്മനാ ഉള്ളത് കൊണ്ട് ഞാൻ പിന്നെ മനസ്സിനെ ചീത്ത വിളിക്കാൻ നിന്നില്ല

ഉണ്ടായിരുന്ന കാർഡും പോയി .. തിരഞ്ഞു നടക്കുമ്പോൾ അവിടെ ഇരുന്നു നൊട്ട് എണ്ണി കഴിഞ്ഞ പാക്കിസ്ഥാനിയെ  കണ്ടു

ഒന്ന് ചിരിച്ചു..പുള്ളിയും ഒന്ന് തലയാട്ടി ..

ഉള്ള കാര്യം പറഞ്ഞു .. ഒരു ഇരുപത് ഡോളർ വേണം അഡ്രസ്‌ പറഞ്ഞാൽ ഞാൻ അയച്ചു തരാം

ഇൻഷാ  അള്ളാ .. അയാൾ സന്തോഷമായി ഒരു 20 ഡോളർ എടുത്ത് നീട്ടി

അല്ലെങ്കിലും ഈ പാക്കിസ്ഥാനികൾ സ്നേഹമുള്ളവരാണ് ..

തിരിച്ചു പോയി ടെർമിനൽ 6 ൽ പോയി  .. അവിടെ പഴയ ബഹളം ഒന്നും ഇല്ല ..

ആരെയും കാണാനില്ല ..ആ പ്ലൈനിൽ വന്നവർ   എല്ലാവരും പോയി  എന്ന് മനസ്സിലായി

ഈശ്വരാ .. കസ്റ്റംസ് കാർ അമ്മായി അമ്മയെ എങ്ങാനും പിടിച്ച് വച്ചോ .. എന്നാൽ എന്റെ മീൻ അച്ചാർ .അതിനു വേണ്ടി എത്ര കാലമായി കാത്തിരുന്നതാ . അതിലാതെ ഞാൻ എങ്ങനെ ഇനി ചോറ് കഴിക്കും .. ഞാൻ ആകെ ടെൻഷൻ അടിച്ചു

 നോക്കുമ്പോൾ അമ്മായി അമ്മ സ്റ്റാർ ബക്സ്‌   ലാർജ്  കാപ്പി കുടിച്ചു കൊണ്ട് അവിടെ ഒരു മൂലയ്ക്ക് ഇരിക്കുന്നു

കാര്യങ്ങൾ തിരക്കിയപ്പോൾ ആണ് .. ഞാൻ ശരിക്കും ഞെട്ടിയത്


അമ്മ കയ്യിൽ കിട്ടിയ ഒരു പത്ത് ഇന്ത്യൻ  രൂപ എടുത്ത് കൊടുത്തു .. ഉന്തി വന്നവൻ കമാ എന്നൊരക്ഷരം മിണ്ടാതെ മേടിച്ചോണ്ട് പോയത്രേ.. അമ്മയ്ക്ക് ഒരു കാപ്പി കൂടെ വാങ്ങിക്കൊടുത്തിട്ടാണ് ആശാൻ പോയത് ..

ഒരു മണിക്കൂർ ആയി കാത്തിരിക്കുന്നു .. അമ്മയെ സ്വന്തം അമ്മയെ പോലെ ആണ് ഉന്തിക്കൊണ്ടു വന്നവൻ നോക്കിയത് .. ..എന്നൊക്കെ അമ്മ പരിഭവം  പറയുന്നുണ്ടായിരുന്നു .. ഞാൻ അത്ര ശ്രദ്ദിക്കാൻ പോയില്ല ..

അമ്മയെയും കൊണ്ട് തിരിച്ച് നടക്കുമ്പോൾ മുൻപ് കണ്ട ചൈന ചേച്ചി അവിടെ തന്നെ നില്പ്പുണ്ടായിരുന്നു

ഞാൻ അവരോടു പോയി

നിങ്ങളല്ലേ ഇവിടെ ബാങ്ക് ഓഫ് അമേരിക്കാ ഉണ്ടെന്ന് പറഞ്ഞത് .. അവിടെ പോയപ്പോൾ കാപിറ്റൽ വണ്‍ ആണ് എന്നൊക്കെ പറഞ്ഞു .. നമ്മൾ വിട്ടു കൊടുക്കാൻ പാടില്ലല്ലോ

കുറച്ചു നേരം അത്ഭുതത്തോടെ നിന്ന അവർ ചിരിച്ച് കൊണ്ട് പറയുകയാ

ഓ ഐ അം സോറി ..സോറി. ഐ മീൻ കാപിറ്റൽ വണ്‍ ..ബാങ്ക് . ബാങ്ക് ..അമേരിക്കൻ ബാങ്ക്

ബാങ്ക് ഓഫ് അമേരിക്കയും .. അമേരിക്കയിലെ ബാങ്കും ചേച്ചിക്ക് കണ്‍ഫ്യൂഷൻ ആയതാണത്രെ ..
എന്റെ കണി ദോഷം അതല്ലേ പറയേണ്ടൂ

ചേച്ചിയെ ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല ...ഇനിയും അവിടെ നിന്നാൽ പാര്ക്കിംഗ് ചാർജ് ഇരുപത് ഡോളറിൽ കൂടും..

മീൻ അച്ചാറ് കിട്ടിയോ അമ്മെ .. എന്നൊന്നും ചോദിക്കാൻ പോയില്ല .. വീട്ടിലെത്തിയിട്ട് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ .. മാത്രമല്ല ചോദിക്കാൻ പറ്റിയ മൂഡും അല്ല

പാര്ക്കിംഗ് ലോട്ടിലെക്ക് നടക്കുമ്പോൾ ജീവിതത്തിൽ  കുറെ കാര്യങ്ങൾ പഠിച്ചു

കണ്ണിൽ കണ്ടവരോട് വഴി ചോദിക്കാതെ .എവിടെയും ക്ഷമയോടെ വായിച്ചും  നോക്കിയും  പോവുക

സമയ ലാഭം ... ധന ലാഭം ..









Sunday, June 8, 2014

25 പൈസയും ആത്മാർത്ഥതയും



കാര്യം  ധനലക്ഷ്മി കൂൾ ബാറും രണ്ടു മൂന്ന് മെഡിക്കൽ കടകളും .. മിനി ഏജൻസിസ് .. ഫൈവ് സ്റ്റാർ ബേക്കറി ഇത്യാദി വൻകിട  റീറ്റയിൽ സംരംഭങ്ങളും ഒക്കെ ഉണ്ടെങ്കിലും .. നെന്മാറക്ക് .. ലഡ്ഡു വിൽ ഉണക്ക മുന്തിരി ഇല്ലാത്ത  പോലെ ഒരു കുറവ് പഞ്ചായത്ത് പ്രസിഡന്റ്‌ ദിവാകരേട്ടൻ കണ്ടെത്തി .


  ഒരു ബസ് സ്റ്റാന്റ്

 പൊള്ളാച്ചിയിലെ ക്കും ..പലക്കാട്ടെക്കും . പഴനിയിലെക്കും മിനിട്ടിനു 10  വണ്ടി വച്ച്  ( പൂജ്യത്തിനു വില ഇല്ലല്ലോ  )  നെന്മാറ വഴി പോകുന്നുണ്ടെങ്കിലും .. ഇവയെ ഒന്ന് ചങ്ങല ഇട്ട് .. പട്ടയും വെള്ളവും കൊടുക്കാൻ ഒന്നല്ല മിനിമം പത്ത് ബസ് സ്റ്റാന്റ് എങ്കിലും വേണമായിരുന്നു എന്നതായിരുന്നു നാട്ടുകാരുടെ പക്ഷം.  അങ്ങനെ പച്ചിലയും റെഡി .. കത്രികയും റെഡി .. ഇനി മുറിച്ചാൽ മതി എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങൾ

ഒരു കലിപ്പും കൂടാതെ പുത്തൻ തറയിലെ നടു സെൻററിൽ സൂര്യകാന്തി ചെണ്ടിലെ വണ്ട്‌  പോലെ ഇരിക്കുന്ന  പത്ത് പറകണ്ടം ... നിസ്സാര വിലയ്ക്ക് . ഉടമ ഈരാളി കൃഷ്ണേട്ടൻ , പഞ്ചായത്തിന് കൊടുത്തു .. നാടിന് വേണ്ടി അല്ലെ .. ( അത് ഒരു കാലം !! .. )

ഏഷ്യാനെറ്റ്‌.. നികേഷ് കുമാർ  എന്നീ പ്രസ്ഥാനങ്ങൾ  നിലവിൽ ഇല്ലാത്ത കാലം ആയിരുന്നത് കൊണ്ട് ..ആറന്മുള പോലെ ഒരു വിവാദവും ഇല്ലാതെ  നാട്ടുകാർ തന്നെ ഉത്സാഹിച്ച് രണ്ട് രാത്രി കൊണ്ട്  പാടം  ബോയ്സ് സ്കൂൾ ഗ്രൌണ്ട് പോലെ ആക്കി .. ബസ്സിൽ വരുന്നവർക്ക്  കണക്ടിംഗ് ബസ് .. ഡിലെ ആയാൽ വിശ്രമിക്കാനും .. ഒന്ന് ഷോപ്പ് ചെയ്യാനും  " സുരേഷ് ലേഡിസ് കോർണർ " , " വാവ ബസാർ " . " ഗണേഷ് കൂൾ ഹൌസ് " എന്നിവ എടുപിടീന്ന് ഉയര്ന്നു വന്നു . സംഗതി ഉഷാർ ആയി .. എങ്കിലും പരമ പ്രധാനമായ ഒരു സ്ഥാപനം പിന്നെയും മിസ്സിംഗ്‌ ആയിരുന്നു "ഒരു മൂത്രപ്പുര"

അത്  വരാൻ കാരണം  നെമ്മാറ ടൌണിലെ തെരുവിന്റെ പുത്രനും .. ചെയുന്ന ജോലിയോട് 916 ആത്മാർത്ഥത ഉണ്ടായിട്ടും ഒരു പണിയിലും അഞ്ചു മാസത്തിൽ കൂടുതൽ നിലക്കാത്ത ട്രാക്ക് റെക്കോർഡ്‌ ഉള്ള  .. ബിജുരാജ് ആയിരുന്നു  .

തൊഴിൽ അവസരങ്ങൾക്ക് യാതൊരു കുറവും ഇല്ലാത്ത .. അമേരിക്ക കഴിഞ്ഞാൽ പിന്നെ land of opportunities എന്ന് പേര് ഉള്ള നെമ്മാറ, ബിജുരാജിനെ പോലെ ഉള്ള ഒരു തൊഴിൽ അന്വേഷകനെ അങ്ങനെ  അങ്ങ്  നിരാശൻ ആക്കിയില്ല. ബിജുവിന്റെ കാരിയറിലെ ആദ്യ പ്ലയിസ്മെന്റ് കമല വിലാസം  ഹോട്ടലിൽ ആയിരുന്നു. " dish washing supervisor trainee " ആയിട്ട് . അവിടുത്തെ കമല ചേച്ചിയുടെ അമ്മായിടെ മകൻ ദുബായിൽ നിന്ന് കൊണ്ട് വന്ന നോണ്‍ സ്റ്റിക്ക് പാൻ .. " ഇന്നിതിന്റെ കരി ശരിയാക്കിയിട്ടേ ഉള്ളൂ " എന്ന് പറഞ്ഞു രണ്ടു മണിക്കൂർ എടുത്ത് നോണ്‍ സ്റ്റിക്ക് കോട്ടിംഗ് മുഴുവൻ ഇളക്കി കളഞ്ഞ ബിജുവിനെ അന്ന് തന്നെ ഫയർ ചെയ്യാൻ കമല ചേച്ചിക്ക് HR manager ആയ ഭർത്താവിനെ കാത്തു നിൽക്കേണ്ടി വന്നില്ല

അങ്ങനെ ഒരു വർഷം  കൊണ്ട്  പതിനാറു  വിവിധ സംരംഭങ്ങളിൽ സ്വന്തം " ബിജുരാജ് ടച്ച്‌ " വ്യക്തമാക്കി കൊണ്ട് ജോലി ചെയ്ത ബിജുവിന് അവസാനമായി ലഭിച്ചത് പുതിയ ബസ്സ്‌ സ്റ്റാന്റ് ടാറിംഗ് ജോലി ആയിരുന്നു . ജോലി കാണാൻ വന്ന പഞ്ചായത്ത് പ്രസിഡണ്ട്‌ ദിവാകരെട്ടൻ ദൂരെ മാറിയിരുന്ന് കുത്തിയിരുന്ന് മൂത്രം ഒഴിക്കുന്ന ബിജുരാജിനെ ശ്രദ്ധിച്ചതോടെ അവിടെ പ്രധാനമായി വേണ്ട ഒരു മൂത്രപ്പുരയുടെ ആവശ്യം ഉള്ളിൽ ഉദിക്കുകയും .. താമസിയാതെ അവിടെ ഒരു ഒന്നൊന്നര മൂത്രപ്പുര ഉയരുകയും ചെയ്തു .

ഇനി ഇതില്‍ അത്യാവശ്യത്തിനു വരുന്നവരോട് പൈസ പിരിക്കാന്‍ ഒരാളെ വേണം . രാവിലെ തൊട്ടു വൈകുന്നേരം വരെ മൂക്ക് അടിച്ചു പോകുന്ന  ജോലിയുടെ കാഠിന്യം അറിയാവുന്നത് കൊണ്ടോ , പഞ്ചായത്തില്‍ നിന്ന് കിട്ടുന്ന ആറക്ക ശമ്പളം വേണ്ടെന്നു വച്ചിട്ടോ എന്നറിയില്ല .. അപ്പണിക്ക്  ഒരു നെമ്മാറ ക്കാരനെയും പഞ്ചായത്തിന് കിട്ടിയില്ല  .. അവസാനം പറഞ്ഞു കേട്ടു വന്നു നമ്മുടെ സ്വന്തം ബിജുരാജിനെ ഈ പണിക്ക് നിയമിക്കുകയും ചെയ്തു

അങ്ങനെയിരിക്കെ സ്ഥലത്തെ പ്രമാണിയും മൂക്കത്ത്  ഈച്ച വന്നിരുന്നാല്‍ ആസിഡ്  ഒഴിച്ച് കൊല്ലുന്ന  ശാന്ത സ്വരൂപനും ആയിരുന്ന  ഉല്പലാക്ഷൻ നായർക്ക്   ..കൊഴിഞ്ഞാമ്പാറ യിൽ ഉള്ള ഒരു സ്വന്തക്കാരൻറെ    മകളുടെ കല്യാണം ..ഓട്ടോ ടാക്സി പണിമുടക്ക്‌ ആയതിനാൽ ബസ്സിൽ തന്നെ പോകാം എന്ന് വച്ചു  നായരും .. ഭാര്യ സരള ചേച്ചിയും രാവിലെ തന്നെ നെമ്മാറ ബസ്‌ സ്റ്റാന്റ് ൽ  വന്നെത്തി .

താൻ കല്യാണം കഴിച്ചത് തന്റെ അമ്മയുടെ ഒരേ ഒരു  ആവശ്യപ്രകാരം ആണെന്നും ..മൂന്ന് നേരവും വച്ചു വിളമ്പി തരാനും .. അടിച്ചു വാരാനും മാത്രമുള്ള ഒരു ആജീവനാന്ത കാല വേലക്കാരി ആണ് തന്റെ ഭാര്യ എന്ന് വിശ്വസിച്ചു പോന്ന നായർ രാവിലെ പത്രം വരാൻ വൈകിയാൽ മുതൽ രാത്രി അടുത്ത വീട്ടിലെ പട്ടി കുരച്ചാൽ പോലും സരള ചേച്ചിയെ ശാസിക്കുമായിരുന്നു .പണ്ട് ഒരു നാള്‍ ഉല്പലാക്ഷൻ നായര്  വീട്ടിൽ ഒരു ഓട്ടോയിൽ വന്നിറങ്ങി .. സമയം ഏറെ കഴിഞ്ഞിട്ടും ഓട്ടോ തിരിച്ച് പോകാതെ ഇരിക്കുന്നത് കണ്ടപ്പോൾ ആണത്രേ സരള ചേച്ചി സ്വന്തം ഭർത്താവ് ഒരു ഓട്ടോ വാങ്ങി എന്ന് അറിയുന്നത്.

സരള ചേച്ചിക്ക് ചീത്ത കേള്‍ക്കുന്ന ആയിരക്കണക്കിന് കാരണങ്ങളില്‍ ഒന്ന് അവരുടെ യാത്രക്കിടയിലെ ശര്‍ദ്ദിയും ... മൂത്രമൊഴി ശങ്കയും ആണ് . " അവോമിന്‍ " എന്ന അത്ഭുത മരുന്ന് ഹോള്‍ സയില്‍ ആയി വാങ്ങി ശര്‍ദ്ദി അടക്കി നിർത്താമെങ്കിലും ..മൂത്രമൊഴി ശങ്ക ഓരോ യാത്രയിലും സരള ചേച്ചിക്ക്  തൃഫലാദി കഴിച്ച പോത്തിന്റെ സൌണ്ടിൽ സ്ഥിരമായി ചീത്ത കേൾപ്പിച്ചിരുന്നു

അങ്ങനെ കല്യാണത്തിനു പോവുന്ന വഴി  നെമ്മാറ ബസ്‌ സ്റ്റാന്റിൽ വച്ചും സരള ചേച്ചിക്ക് പതിവ് ശങ്ക ഫീൽ ചെയ്തു .. വലുതായിട്ടൊന്നും ഇല്ലെങ്കിലും .. ഒരു അശ്ക്യത .. കല്യാണത്തിനു മുഹൂര്ത്തം ആയോ എന്ന് വാച്ചിനെയും .. അകലെ ചായകുടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവറെ യും മാറി മാറി  നോക്കി കൊണ്ടിരിക്കുന്ന സ്വന്തം ഭർത്താവിനോട് ഈ വിഷയം എങ്ങനെ പറയും എന്നോര്ത്ത് സരള ചേച്ചി ഒന്നു് നിശ്വസിച്ച്  പുറത്തേക്ക് നോക്കി ... ആലോചിക്കും തോറും കാര്യം വഷൾ ആവുന്ന ചില കാര്യങ്ങളിൽ ഒന്നായത് കൊണ്ട് .. രണ്ടും കല്പിച്ച് സരള ചേച്ചി തന്റെ പ്രിയതമനോട്‌  തന്റെ ആവശ്യം അറിയിച്ചു .

" ഇവിടെ എങ്ങാനും ഒരു മൂത്രപ്പെര  ഇണ്ടോ  എന്തോ "

പഞ്ചാഗ്നി പെട്രോൾ ഒഴിച്ച് കണ്ണിൽ ചാലിച്ചു എന്നൊക്കെ ചിന്തിക്കാം .. പക്ഷെ ആ കണ്ണുകളിൽ സരള ചേച്ചി അതാണ്‌ കണ്ടത് ..

 " നിന്നോട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആയിരം പ്രാവശ്യം ചോദിച്ചതല്ലേ " .. " ഇപ്പോൾ ഡ്രൈവർ വന്നാൽ വണ്ടി വിട്ടു പോകും " " മുഹൂർത്തം കഴിഞ്ഞ് ഉണ്ണാൻ എന്റെ പട്ടി പോകും " .. ഇങ്ങനെ പല പല തീപ്പൊരി ഡയലോഗുകൾ ആ നോട്ടത്തിൽ നിന്ന് സരള ചേച്ചി വായിച്ചെടുത്തു ..

ആദ്യത്തെ ദേഷ്യം  ഒന്നടങ്ങിയതിനു ശേഷം നായർ പറഞ്ഞു " ദാ അവിടെ മൂത്രപ്പുര ഉണ്ട് .. നാല് മിനിട്ട് ഉണ്ട് വണ്ടി എടുക്കാൻ .. നീ വന്നാൽ വന്നു .. അല്ലെങ്കിൽ ഞാൻ പോയി കല്യാണം കൂടി വരും .. നീ വീട്ടിലേയ്ക്ക് നടന്നു പൊയ്ക്കോ "

കേട്ട പാതി സാരി ഒതുക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഡ്രൈവർ സോഡ പാതി കുടിച്ച് ബാക്കി കൊണ്ട് മുഖം കഴുകി പെട്ടിക്കടയിൽ പൈസ കൊടുക്കുന്നത് സരള ചേച്ചി കണ്ടത് . പല കാര്യങ്ങൾ ഒരുമിച്ചു സംഭവിച്ചാൽ മാത്രമേ ഇന്ന് രാത്രി ചെവിതല കേട്ട് കിടന്നുറങ്ങാൻ കഴിയൂ എന്ന് ചേച്ചിക്ക് മനസ്സിലായി സാരി തലപ്പ്‌ മുകളിലേയ്ക്ക് പിടിച്ച് ചേച്ചി ഓടി നമ്മുടെ ബിജുരാജിന്റെ പഞ്ചായത്ത് മൂത്രപ്പുരയിലെയ്ക്ക് കയറി


വീട്ടിൽ പിരിവു ചോദിക്കാൻ വന്നവരുടെ മുഖ ഭാവത്തോടെ ചേച്ചി മുൻപിൽ ഞെളിഞ്ഞ് ഇരിക്കുന്ന ബിജുരാജിനെ നോക്കി

യൂറിൻ .. എവിടെയാ ..

( അല്ലേലും ഇങ്ങനെയുള്ള അത്യാവശ്യ  കാര്യങ്ങൾ മലയാളി ഇപ്പോഴും ഇംഗ്ലീഷിൽ ചോദിക്കും മലയാളത്തിൽ പറഞ്ഞാൽ വൃത്തികേടാണ് )

ബിജുരാജ് ആഗ്യം കാണിച്ചു .. കയറി പോവാൻ തുടങ്ങുന്ന ചേച്ചിയെ തടഞ്ഞ്  ബിജു തന്റെ നയം വ്യക്തമാക്കി

അതേയ് 25 പൈസ

അതൊരു ഇടിത്തീ പോലെ ആണ് സരള ചേച്ചിക്ക് തോന്നിയത്

ഒരു നിമിഷം തിരികെ പോയി ഭർത്താവിനോട് 25 പൈസ ചോദിക്കുന്നത് മനസ്സിൽ വിചാരിച്ചു .. അപ്പോൾ ആ ബസ്സ്‌ , ഷാജി കൈലാസ് സിനിമയിൽ കാണുന്നത് പോലെ പൊട്ടിത്തെറിക്കുന്നത് പോലെ തൊന്നി

കാര്യം സ്ഥിരം  പിച്ചക്കാർക്ക് കൊടുക്കുന്ന പൈസ .. പക്ഷെ കാര്യത്തിന് പൈസ തന്നെ വേണ്ടേ ..

മൂത്രം തുമ്പിൽ നില്ക്കുന്നു .. ഡ്രൈവർ ഇപ്പോൾ കയറും ..വണ്ടി പോയാൽ പിന്നെ 2 കിലോമീറ്റർ പൊരി വെയിലത്ത് നടന്നു വീട്ടില് പോണം ..ഓട്ടോ ടാക്സി ഇല്ല ..എല്ലാം സഹിക്കാം  കുറഞ്ഞത് ഒരാഴ്ച നായരുടെ ചീത്ത കേൾക്കണം

ഒരു 25 പൈസയുടെ വില

സരള ചേച്ചി അടവ് നയം പുറത്ത് എടുത്തു ..

പു (ന്നാര) മോനെ  ഇപ്പൊ ചേഞ്ച്‌ ഇല്യ   ഞാൻ  പിന്നെ വരുമ്പോൾ തരാം .. നിനക്ക് താഴെക്കാട്ട് വീട് അറിയില്ല്യെ  .. ഞാൻ അവിടുത്തെയാ ..ഹസ്ബന്റ് കാത്തിരിക്കുന്നു ..ഇപ്പൊ ബസ്‌ വിടും

എന്തും ബിജുരാജ് ഉപേക്ഷിക്കും പക്ഷെ ജോലിയോട്  ആത്മാർത്ഥത .. ഒരിക്കലും വയ്യ

ബിജുരാജ് : അയ്യോ .. അതെങ്ങനെയാ ശരിയാവുക .. ബുക്കിൽ കൌണ്ട് എഴുതി  എനിക്ക് കണക്ക് കൊടുക്കണം ..ചേച്ചി പോയി കാശ് വാങ്ങിക്കൊണ്ടു വാ

അത് ശ്രദ്ദിക്കാതെ "അത്യാവശ്യം ആണേ "  എന്ന് പറഞ്ഞ് കയറി പോവാൻ തുടങ്ങിയ ചേച്ചിയെ ബിജുരാജ് കൈ കാട്ടി തടഞ്ഞു

സരള ചേച്ചി .. നമ്മുടെ താഴെക്കാട്ടിലെ . അവിടം തൊട്ട് . തനി തറയായി മാറി

ഫാ ... നായിന്റെ മോനെ കൈ എടുക്കെടാ .. അവന്റെ ഒരു 25 പൈസ ..കൊലക്കുറ്റം ഒന്നും അല്ലല്ലോ .. വയസ്സായ തള്ളയ്ക്ക് ഒന്ന് മൂത്രം ഒഴിക്കാൻ അവന്റെ ഒരു കണക്ക് ബുക്ക്‌ ..

ഇത് പറഞ്ഞ് കൈ തട്ടി മാറ്റി മൂത്രപ്പുരയിൽ കയറി കതക് അടച്ചു

മൂത്രപ്പുരയുടെ ഉള്ളിൽ നിന്നും ചേച്ചി പുലമ്പി കൊണ്ടിരുന്നു ..

" അവന്റെ ഒരു 25 പൈസ "

ആ ദാരുണ സംഭവത്തിനു ശേഷം ബിജുരാജ് വരുന്നവരോട് ഇങ്ങനെ പറഞ്ഞു തുടങ്ങി

" ഉണ്ടെങ്കിൽ ഒരു 25 പൈസ ..."












ശ്രീഹരി നെമ്മാറ

Monday, December 30, 2013

മാനവും മറവിയും പത്തു രൂപയും


മറവി എന്നത്  അരണ മുതല്‍  ലോകത്ത് ജീവന്‍  ഉണ്ടായ കാലം തൊട്ടേ പ്രാബല്യത്തില്‍ ഉള്ള സംഭവം ആണെന്നും .. മനസ്സിന്റെ ആകർഷണം ചില സമയങ്ങളിൽ  മറ്റു പല വസ്തുക്കളിലെക്കും കാലോചിതമായി വ്യാപിക്കുന്നത് കൊണ്ടുള്ള ഒരു സ്വാഭാവിക പ്രക്രിയ ആണെന്നും ഉള്ള   കിച്ചുവിന്റെ വാദത്തിനെ അതിനെ അര്ഹിക്കുന്ന അവജ്ഞയോടെ ചവിട്ടി എറിയാറുള്ള അവന്റെ  അച്ഛന്  അത് അവനു മാത്രം ഉള്ള , ലാലു അലക്സിനു  മാത്രം വിവരിക്കാൻ കഴിയുന്ന  ഏതോ മാറാവ്യാധി ആയിരുന്നു.

രാവിലെ അമ്പലത്തില്‍ ഗണപതി ഹോമത്തിനു പ്രസാദം വാങ്ങാന്‍ അയച്ചാല്‍ കൊണ്ടുവരുന്നത് അടുത്ത വീട്ടിലെ രാശി ചേച്ചി സൂരി സ്വാമിയോട്  പ്രത്യേകം പറഞ്ഞു കഴിപ്പിച്ച നെയ്‌ പായസം ആയിരുന്നു. മുടപ്പല്ലൂർ ഉള്ള അമ്മാവന്റെ വീട്ടിലേക്ക് സൈക്കിൾ ചവിട്ടി പോവുന്ന കിച്ചു അവിടുന്ന് തിരികെ വരുന്നത് മൂന്നര ക്കുള്ള സെന്റ്‌ മേരീസ് ബസ്സിൽ ആണ് . വീട്ടിലുള്ളവരുടെ വായിലിരിക്കുന്നത് കെട്ട് തിരികെ സൈക്കിൾ എടുക്കാൻ പോവുന്നത് വീട്ടിൽ സൈക്കിളിന്റെ  താക്കോൽ  മറന്ന് വച്ചിട്ടാണ്

ഇങ്ങനെ  വെടിക്കെട്ടിനിടയിലെ ഓലപ്പടക്കത്തിന്റെ വില പോലും ഇല്ലാതെ ജീവിച്ച  കിച്ചുവിന്റെ വീട്ടിൽ ആയിടയ്ക്ക് അവന്റെ അമ്മാമ്മ വന്നെത്തി . മരുമകളുമായി സമയാ സമയങ്ങളിൽ നടക്കാറുള്ള  ഉഭയകക്ഷി ചർച്ച കൾ പരാജയപ്പെടുമ്പോൾ ആണ് സാധാരണ അമ്മാമ്മ തന്റെ മകളുടെ അടുത്ത് വന്ന് താമസിക്കാറുള്ളത്  . സ്വതവേ പൊന്നും കുടമായ നെമ്മാറ ഗ്രാമത്തിന് ഒരു പൊട്ട് കുത്തിയത് പോലെ ആണ് കിച്ചുവിന്റെ  അമ്മാമ്മയുടെ സാന്നിധ്യം . ഇത് മറ്റുള്ളവർക്ക് എന്ന പോലെ അമ്മാമ്മയ്ക്കും അറിയാമായിരുന്നത് കൊണ്ട്  അയൽ വീടുകളിലും .. അമ്പലങ്ങളിലും .. വഴിയിൽ കൂടെ പോവുന്നവരെയും .. എന്തിന് .മാട് മേയ്ക്കാൻ വരുന്നവരെ പോലും  തന്റെ സാന്നിധ്യം  അറിയിച്ചിരുന്നു .

രാവിലെ പ്രാതൽ കഴിഞ്ഞ് വീടിനു മുൻപിൽ  മുൻപിൽ ഉള്ള കോലായിൽ ഇരുപ്പ് ഉറപ്പിച്ചാൽ പിന്നെ ആ വഴി വരുന്നവർ ആര് .." വീട് എവിടെ" .. ആരുടെ ആരായിട്ടു വരും എന്ന്  തുടങ്ങി     .. എന്തിന് ഈ ഭൂമിയിൽ ഇങ്ങനെ  ജീവിക്കുന്നു എന്ന റോളിൽ വരെ ഉള്ള  ചോദ്യങ്ങ ളും ഉപദേശങ്ങളും കൊണ്ട് അവരെ പിന്നെ അടുത്ത ഒരു മാസത്തേക്ക് ആ വഴി നടത്തിക്കാതെ കഴിക്കാനുള്ള  എല്ലാ കൊളിഫിക്കെഷനും അമ്മാമ്മയുടെ ആ കാലും നീട്ടിയുള്ള ഇരുപ്പിന് ഉണ്ടായിരുന്നു . " വരൂ ചായ കുടിക്കാം " എന്ന തികച്ചും ലളിതമായ ഒരു ഡയലോഗിൽ നിന്നാണ് അമ്മാമ്മയുടെ ഈരാളി പിടുത്തത്തിന്റെ തുടക്കം .. പക്ഷെ നെമ്മാറ മുഴുവൻ ഇതിനുള്ള യുനിവെർസൽ ഉത്തരം " വേണ്ട ഇപ്പൊ കുടിച്ചേ ഉള്ളൂ " എന്നതാണ്.  അത് കൊണ്ട് തന്നെ  ഇക്കാലമത്രയും അമ്മാമ്മയ്ക്ക് ഈ  ചായ ക്ഷണം കൊണ്ട്  അഞ്ചിന്റെ നഷ്ടം  ഉണ്ടായിട്ടില്ല .. മറിച്ച് എതിർ കക്ഷിക്ക് എത്രയോ  വിലപ്പെട്ട ജീവിത നിമിഷങ്ങൾ  ഹോമിക്കപ്പെടുകയും ചെയ്തു

ആയിടയ്ക്കാണ് തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് ഒരു ജവാനും ഭാര്യയും വന്നത് .. ഭാരതത്തിന്റെ മുക്കിലും മൂലയിലും യാത്ര ചെയ്ത അനുഭവ പരിചയം എടുപ്പിലും  നടപ്പിലും ..ദേഹത്തും മുടിയിലും വരെ നിഴലിക്കുന്ന ഒരു ആറു ആറടി ഉയരം ഉള്ള ഒന്നൊന്നര മൊതൽ . ആദ്യ ഒരു ആഴ്ച വീടിനു മുന്നിലൂടെ പോയ ജവാനെ അമ്മാമ്മ ഒരു മാതിരി വെട്ടുപൊത്ത് സ്റ്റൈ ലിൽ തുറിച്ച് നോക്കി എന്നല്ലാതെ സംഭാഷണം ഒന്നും തുടങ്ങി വച്ചില്ല . ആരാ . എന്താ എന്നൊക്കെ അറിയണം എന്നുണ്ടെങ്കിലും.. എങ്ങനെയാ .. അമ്മാതിരി ഒരു സാധനം ആണേ ..

അങ്ങനെ ഇരിക്കെ ആണ് ഒരു നാൾ ജവാൻ തന്റെ ഭാര്യയുമൊത്ത് എവിടെയോ പോയി ആ വഴി വരുമ്പോൾ കോലായിൽ ഇരിക്കുന്ന അമ്മാമ്മയെ നോക്കി ഒന്ന് ചിരിച്ചത് . ഇത് പ്രതീക്ഷിച്ചിരുന്ന അമ്മാമ്മ തന്റെ സ്ഥിരം ശൈലിയിൽ  " വരൂ ചായ കുടിക്കാം " എന്ന് വിളിച്ചു .. അതിനുള്ള ഉത്തരവും പിന്നെയുള്ള സംഭാഷണത്തിന്റെ വിഷയങ്ങളും മനസ്സില് കരുതിയ അമ്മാമ്മയെ ഞെട്ടിപ്പിച്ച് കൊണ്ട് ജവാനും ഭാര്യയും ഗൈറ്റ് തുറന്നു വന്ന്  വീട്ടിനുള്ളിൽ കയറി ചുവപ്പിൽ വെള്ള പൂവുള്ള സെറ്റിയിൽ  ഇരിപ്പായി


അമ്മാമ്മയ്ക്ക് തലച്ചോർ ഒരുകുന്നത് പോലെ തോന്നി .. കാര്യം വീട്ടിൽ മകളോ മരുമകനോ ഇല്ല ..ചായപാത്രം തൊട്ട് .. പഞ്ചസാര വരെ എവിടെയാ ഇരിക്കുന്നത് എന്ന് പോലും അറിയില്ല .. കണ്ണും അത്ര വശമില്ല .. ആകെ വീട്ടിൽ ഉള്ളത്  താനും സ്വന്തം മകളുടെ മകനായ ശ്രീമാൻ കിച്ചുവും

അമ്മാമ്മ നിന്ന് പരുങ്ങുന്നത് കണ്ട്

ജവാൻ : കഴിക്കാനൊന്നും വേണ്ടാട്ടോ .. ഒരു ചായ മാത്രം മതി ..

അമ്മാമ്മ അതിനുത്തരമായി വളിച്ച മുഖത്തോടെ   തലയാട്ടി  ഒന്ന് ചിരിച്ചു

അടുക്കളയിൽ പോയി ഒന്ന് പരതി നോക്കി .. ചായപ്പൊടി .. പാൽ  കണ്ടു പിടിച്ചു .. പഞ്ചസാര പാത്രം നോക്കി പക്ഷെ കഷ്ട കാലത്തിന്  ഒരു തരി പഞ്ചസാര ആ വീട്ടിൽ ഇല്ല .

ഇനി ജവാന് പഞ്ചസാര വേണ്ടെങ്കിലോ ..

അമ്മാമ്മ : പഞ്ചസാര കുഴപ്പില്യാല്ലോല്ലേ

ജവാൻ : നന്നായി ഇട്ടോളൂ .. ഒരു കുഴപ്പവും ഇല്ല

അതോടെ അമ്മാമ്മയുടെ എല്ലാ സമാധാനവും പോയി..  .. ഇനി എന്ത് ചെയ്യും ..

മകളുടെ വീട്ടിൽ ആണെന്നത് പോട്ടെ,  താൻ കാരണം സ്ഥലത്തെ മുഴുവൻ സമയ അഭിമാനിയും .. ചെറുകിട ജന്മിയും ആയ മരുമകന് നാണക്കേട്‌ ഉണ്ടാകുന്നത് അമ്മാമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

വിനാശ കാലേ .. വിപരീത ബുദ്ധി ..  പെട്ടന്നാണ് അമ്മാമ്മ വീട്ടിനു മുൻപിൽ ഗോട്ടി കളിച്ചു കൊണ്ടിരിക്കുക ആയിരുന്ന കിച്ചുവിനെ കണ്ടത് .. അവനെ പിന്നിൽ കൂടെ വിളിച്ച് .. സ്വന്തം പെങ്ങളുടെ മകൻ വന്നിട്ട് പോയപ്പോൾ മുറുക്കാൻ മേടിക്കാൻ തന്ന ചുളിഞ്ഞ  പത്ത്  രൂപ .. വെറ്റില മണക്കുന്ന മരപ്പെട്ടിയിൽ നിന്ന് എടുത്ത് കൊടുത്ത്,  അടുത്തുള്ള  കാതറിന്റെ കടയിൽ നിന്നും  ഒരു കിലോ പഞ്ചസാര മേടിക്കാൻ പറഞ്ഞു

ഗോട്ടികളിയുടെ നടുവിൽ  ഒരു ജോലി ഏൽപ്പിച്ചത് കിച്ചുവിന് അത്ര രസിച്ചില്ലെങ്കിലും വല്ലതും തടയാൻ ചാൻസ് ഉണ്ടോ എന്ന ഹിന്റ് കൊടുത്ത്

കിച്ചു : ബാക്കി എന്ത് ചെയ്യണം അമ്മാമ്മേ ..

അമ്മാമ്മ : ബാക്കി അധികം ഒന്നും ഇല്ല്യട .. ബാക്കിക്ക് നീ മുട്ടായി മേടിച്ചോ

( അക്കാലത്ത് പഞ്ചസാര കിലോക്ക് 9:00 രൂപ ആയിരുന്നു .. നമ്മടെ മൻമോഹൻ ഭരണം തുടങ്ങിയിട്ടില്ലായിരുന്നല്ലോ )

കിച്ചു കേട്ട പാതി കേൾക്കാത്ത പാതി സൈക്കിൾ എടുത്ത് കാദറിന്റെ കട ലക്ഷ്യമാക്കി കുതിച്ചു

മിനിട്ടുകൾക്ക് അകം കിച്ചു വീട്ടിനു പിന്നാലെ രണ്ടു പൊതിയുമായി ആണ് വന്നത് .. വായിൽ ഒരു മുട്ടായിയും ഉണ്ട്

അമ്മാമ്മ : ഇതെന്താടാ രണ്ടു പൊതി

കിച്ചു . ഇതിൽ ഒന്ന് മുട്ടായിയാ ..

അവിടെ  അമ്മാമ്മയ്ക്ക്  എന്തോ ഒരു പന്തികേട്‌ തോന്നി


പാൽ തിളപ്പിച്ച് തേയിലയും ഇട്ടു മധുരം ഇടാൻ തുടങ്ങുമ്പോഴാണ് അമ്മാമ ശരിക്കും ഞെട്ടിയത് .. പഞ്ചസാരയ്ക്ക് പകരം  അരി ..

ഒരു കിലോ പഞ്ചസാരക്ക് പകരം കിച്ചു വാങ്ങി വന്നത്  കിലോക്ക് ഒരു രൂപ ഉള്ള നല്ല നാടൻ മട്ട അരി .. ബാക്കി ഒൻപത് രൂപയ്ക്ക് വിവിധ ബ്രാൻഡിൽ ഉള്ള പത്തു മുപ്പത് മുട്ടായികൾ

നിൻറെ അമ്മാമ്മയ്ക്ക് വായ്ക്കരി ഇടാനാണോ ഡാ കുരുത്തം കെട്ടവനെ ഈ ഒരു കിലോ അരി വാങ്ങികൊണ്ട് വന്നിരിക്കുന്നത് എന്ന് കണ്ണ് ഉരുട്ടി പയ്യെ ശാസിച്ച അമ്മാമ്മയെ നോക്കി കിച്ചു ഭൂലോകം മുഴുവൻ കേൾക്കു മാറ് കരഞ്ഞു കൊണ്ട് ഒരു അലർച്ച ആയിരുന്നു ..

കിച്ചു : .. മരിയാദക്ക് ഗോട്ടി കളിച്ചു കൊണ്ടിരുന്ന എന്നെ ബാക്കിക്ക് മുട്ടായി മേടിച്ചോ എന്നും പറഞ്ഞ് .. പഞ്ചസാര മേടിക്കാൻ പറഞ്ഞു വിട്ടിട്ട് .. ഇപ്പൊ മുട്ടായി വാങ്ങിച്ചപ്പോൾ .. ഞാൻ ചെയ്തത് മുഴുവൻ കുറ്റം .. എനിക്ക് ആരും ഇല്ല .ഈ ലോകത്ത് .ങീ .... ങീ ..

അമ്മാമ്മ ( മിണ്ടാതിരിക്കാൻ ആഗ്യം കാണിച്ച് ) : ഡാ മകനെ.. മെല്ലെ പറയെടാ .. മുൻപിൽ ഇരിക്കുന്നവർ കേൾക്കും

കിച്ചു : കേള്ക്കട്ടെ .. എല്ലാവരും കേള്ക്കട്ടെ .. നിങ്ങള്ക്ക് വല്ല കാര്യവും ഉണ്ടോ വഴിയിൽ കൂടെ പോവുന്നവരെ ഒക്കെ ചായ കുടിക്കാൻ വിളിച്ചിരുത്താൻ .. അതും വിളിക്കേണ്ട താമസം ഓരോരുത്തര് ഓസിനു ചായ കുടിക്കാൻ  കയറി ഇരുന്നോളും ... ഞാൻ എന്ത് ചെയ്താലും ഈ വീട്ടിൽ കുറ്റം  ..ങീ .... ങീ .. കിച്ചു ഏങ്ങി ഏങ്ങി .. കരഞ്ഞു

അൽപ സമയത്തിനകം പുറത്ത്  ഗൈറ്റ് വലിഞ്ഞ്  അടയ്ക്കുന്ന ശബ്ദം അമ്മാമ്മ കേട്ടു ..

ഉള്ള മാനവും പോയി .. കൂടെ ആകെ ഉണ്ടായിരുന്ന  പത്തു രൂപയും ..

ഇനി സാക്ഷാൽ "കണ്ണൻ ദേവൻ " നെരിട്ട് വന്നാൽ പോലും ഞാൻ ചായക്ക് ക്ഷണിക്കില്ലൊ എന്റെ വേട്ടക്കെരുമ്മാ ... അമ്മാമ്മ ആരോടെന്നില്ലാതെ പറഞ്ഞു ..





















Thursday, December 26, 2013

ജീവിതത്തിൽ മറക്കാത്ത വാക്ക്

സനല്‍ കെ ബി  എന്ന ബുക്കില്‍ പേരുള്ള എന്റെ അയല്കാരന്‍ സനുവിന് ..സനല്‍ ഭാസ്കരൻ എന്ന പേര് നല്‍കിയത് പൂന്തോട്ട നഗരമായ ബാംഗ്ലൂർ ആണ് . തൊണ്ണൂറുകളിലെ ജോലി കിട്ടാൻ ഉള്ള ഏക ആശ്രയം എന്ന് മാതാപിതാക്കളും .. നാട്ടുകാരും .. എന്തിന് കന്നുകാലികൾ വരെ വിശ്വസിച്ചു പോന്നിരുന്ന ബി ടെക്ക് കഴിഞ്ഞ് ആണ് ടി  കക്ഷിക്ക് ബാംഗ്ലൂർ ലെ ഒരു കമ്പനിയിൽ എഞ്ചിനീയർ ട്രെയിനി ആയി ജോലി കിട്ടുന്നത് .

നെമ്മാറ  കല കമ്പ്യൂട്ടർ ഇൻസ്റ്റിട്ട്യുട്ട് ( KKI International ) എന്ന പാരലൽ  കോളേജിൽ 2 മാസം കമ്പ്യൂട്ടർ  ക്ലാസ്സ്‌ എടുത്ത സനൽ പിന്നീട് തന്റെ കാരിയർ  ഉടലോടെ ഇൻഫോസിസ് ബാംഗ്ലൂർ ക്യാമ്പസ്സിൽ  പറിച്ച് നടുകയായിരുന്നു .  നെരാമണ്ണം ഒന്ന് മൂത്രം ഒഴിക്കാനുള്ള സൗകര്യം പോലും ഇല്ലാത്ത KKI international ൽ നിന്നും ,  കൈ കാട്ടിയാൽ തന്നെ ഓട്ടോ മാറ്റിക് ആയി  ചൂട് വെള്ളം വരുന്ന ബാത്ത് റൂം  .. വേലക്ക് സംഭാരം കിട്ടുന്ന കണക്കിന് ഇഷ്ടം പോലെ  കുടിക്കാൻ .. ചായ .. കാപ്പി ബദാം മിൽക്ക് ഷേക്ക്‌ ..എവിടെ നോക്കിയാലും,  ഭാരതത്തിന്റെ വടക്ക് വശത്ത്‌ നിന്നും വിന്ധ്യ പർവതം കയറിയോ .. കയറാതെയൊ വന്നിട്ടുള്ള .. പാലും വെള്ളത്തിൽ ഗോതമ്പ്  പൊടി കലക്കിയ നിറമുള്ള തരുണീ മണികൾ.. അങ്ങനെ എല്ലാം കൊണ്ടും സമയാ സമയത്ത് ചെയ്യേണ്ട വർക്ക് ഒഴിച്ച് വേറെ എല്ലാം സുഖകരം .. രസ സംപൂജ്യം

ജോലിക്ക് ചേർന്ന കുറച്ച് നാൾ,  മൃഗശാലയിൽ ജനിച്ച് പ്രായമെത്തിയപ്പോൾ ആമ സോണ്‍ വനത്തിൽ കൊണ്ട് തുറന്ന്  വിട്ട കുട്ടി രാജ വെമ്പാല യുടെ   റോളിൽ ആയിരുന്നു സനു ..എങ്ങോട്ട് പോണം ..  എവിടെ തുടങ്ങണം  എങ്ങനെ പെരുമാറണം ആകെ ഒരു വിഷാദ വിസ്മയം .

ആദ്യം കിട്ടിയത് ഒരു മലയാളി .. കൊച്ചിയിൽ നിന്നുള്ള കിരണ്‍

പരസ്പരം കണ്ടപ്പോൾ തന്നെ  ഒരു കള്ളച്ചിരി

പരസ്പരം മീശ നോക്കി " മലയാളി"  ?

കിരണ്‍ : അതെ ..

സനൽ : ഹലോ .. ഞാൻ സനൽ പുരുഷോത്തമൻ

കിരണ്‍  : ഹലോ .ഞാൻ  കിരണ്‍ വർഗീസ്‌

...മറുനാട് അല്ലെ .. മാതൃഭാഷ മലയാളം അല്ലെ ..  അവനെ തനി നെമ്മാറ സ്റ്റെയിലിൽ , സ്വന്തം അമ്മ സുകുമാരി ചേച്ചി  വീട്ടു ജോലിക്ക് ആളെ ഇന്റർവ്യൂ ചെയ്യുന്നത് പോലെ ഒരു മണിക്കൂർ നിരത്തി പൊരിച്ചു..  ..അവന് സംസാരിക്കാൻ  ഒരു തരി പോലും ഗ്യാപ്പ് വിടാതെ

എവിടെയാ വീട്

അച്ഛന് എന്താ ജോലി

വീട്ടില് ആരൊക്കെ

കിണറിൽ വെള്ളം ഉണ്ടോ

ഞങ്ങള്ക്ക് പോത്തുണ്ടി ഡാം ഉള്ളത് കൊണ്ട് പ്രശ്നം ഇല്ല

SSLC ക്ക് നിനക്ക്  ഡിഷ്‌റ്റിൻഷൻ ഉണ്ടായിരുന്നോ ..

എനിക്ക് ഉണ്ടായിരുന്നു ..

ഇങ്ങനെ  ഒന്നിനു പിറകെ ഒന്നായി ചോദ്യവും .. ഇടയ്ക്ക് പുട്ടിനു പീര പോലെ സ്വയം പുകഴ്ത്തലും .. താൻ ഉത്തരം നൽകേണ്ട ചില ചോദ്യങ്ങൾക്ക് ഉത്തരവും സനൽ  തന്നെ പറഞ്ഞു തുടങ്ങിയപ്പോൾ . കിരണ്‍  മെല്ലെ  " കുറച്ച് വർക്ക്‌ ഉണ്ട് " എന്ന്  പറഞ്ഞു വലിഞ്ഞു


രണ്ടു മൂന്ന് മലയാളികൾ ഇങ്ങനെ വലിഞ്ഞപ്പോൾ സനലിന് പിടികിട്ടി " എന്തോ ഒരു കുഴപ്പം ഉണ്ട് .. നമ്മുടെ ഇടപെടൽ സ്റ്റൈൽ ഒന്ന് മാറ്റി പിടിക്കണം ഇനി നമുക്ക് വടക്കേ ഇന്ത്യക്കാരുമായി  ഒന്ന് പയറ്റി നോക്കാം .. നമ്മുടെ ഇംഗ്ലീഷും ഒന്ന് പുരൊഗമിക്കണമല്ലോ

അങ്ങനെ ആണ് ശ്രീമാൻ  സനൽ , ഗുൽഷൻ സിംഗ് നെ പരിചയപ്പെടുന്നത് .. ആദ്യ മീറ്റിംഗിൽ തന്നെ  അവനുമൊത്ത് ഒരു ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ കയറ്റി .. നമുക്കും അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടെന്ന് നെമ്മാറ ക്കാർ മനസ്സിലാക്കട്ടെ ..പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോൾ സനുവിന് ഒരു കാര്യം മനസ്സിലായി
മലയാളിയോട് സംസാരിക്കുമ്പോൾ മലമ്പുഴ ഡാം തുറന്നു വിട്ട പോലെ വരുമായിരുന്ന വാക്കുകൾ .. ഇംഗ്ലീഷ് ആയപ്പോ ഒരു മാതിരി  ഏപ്രിൽ മാസം പൊതു  പൈപ്പ് തുറന്ന പോലെ .. വരാൻ ഒരു വിഷമം

എങ്കിലും ഗവർമെന്റ്  ബോയ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ച മറിയാമ്മ ടീച്ചറെ മനസ്സില് ധ്യാനിച്ച് തുടങ്ങി...  കാര്യങ്ങൾ പലതും പറയുന്ന വഴിയിൽ

സനൽ : what is the job of your father

സിംഗ് : he was in Indian railways  . last year he expired

ഈശ്വരാ .. ഒരു പുതിയ ഇംഗ്ലീഷ് വാക്ക് " expired " .. സനൽ ചിന്തിച്ചു ..

എന്തായിരിക്കും ഇതിന്റെ അർത്ഥം .. ഉള്ള ബുദ്ധി മുഴുവൻ കൂട്ടി കുലങ്കുഷ മായി ചിന്തിച്ചപ്പോൾ . മരുന്ന് കടയിൽ expiry date നോക്കിയാണ് മരുന്ന് വാങ്ങുന്നത് . അപ്പോൾ കാലാവധി കഴിഞ്ഞു .. സിംഗിന്റെ അച്ഛന്റെ ജോലി കൂടെ ചേർത്ത് വായിച്ചപ്പോൾ പിടി കിട്ടി .. ഇവന്റെ അച്ഛൻ retire ആയി എന്നായിരിക്കണം ഇവൻ ഉദ്ദേശിച്ചത് .

ഈ സിഗ്നലുകൾ തലച്ചോറിൽ കിട്ടിയ ഉടനെ .. സനൽ അടിച്ചു

സനൽ : oh i see ..by the by . both my father and mother expired 5 years back

കൂടെ സ്വന്തം അമ്മ സുകുമാരി ചേച്ചി ഒരു ഡൂക്കിലി വീട്ടമ്മ ആയിരുന്നില്ല .. ഒരു ജോലിക്കാരി ആയിരുന്നു എന്ന് കൂടെ കാണിക്കാൻ സനൽ ഇത് വഴി  പദ്ധതി ഇട്ടിരുന്നു .

what was their job ? which department ? എന്നൊക്കെ ഉള്ള ചോദ്യം പ്രതീക്ഷിച്ച് ഉത്തരം അഡ്വാൻസ്‌ ആയി തലച്ചോറിൽ സൂക്ഷിച്ച സനലിന്   സിംഗിന്റെ മുഖത്ത് ഒരു അത്ഭുതം കലർന്ന ഒരു കരുണാ ഭാവം ആണ് ദർശിക്കാൻ ആയത്  .. പിന്നീട് മുഴുവൻ ഒരു " നെടുമുടി വേണു "   ലൈനിൽ ആയിരുന്നു സിംഗിന്റെ പെരുമാറ്റം .. ഓരോ നോട്ടത്തിലും ആ കണ്ണുകളിൽ നിന്ന് ഒരു " ഉണ്ണീ .. " വിളി സനൽ കേട്ടു . അവിടെ എന്തോ വശപ്പിശക് തോന്നിയെങ്കിലും .. കാര്യമാക്കിയില്ല

പിന്നീട്  പല ദിവസങ്ങളിലും സിംഗ് ജീവിതത്തെക്കുറിച്ചും  അതിന്റെ പ്രതിബന്ധങ്ങളെ ക്കുറിച്ചും .. എന്തൊക്കെ വിഷമങ്ങൾ ഉണ്ടെങ്കിലും ചിരിച്ച് കൊണ്ട് നേരിടണം എന്ന് താൻ പഠിച്ചത് സനലിൽ നിന്നാണ് . you are a role model for me and lot many other youngsters  . എന്നൊക്കെ പറഞ്ഞപ്പോ ..സനൽ  ചിന്തിച്ചു ..  ഇത് എന്നെക്കുറിച്ച് തന്നെ ആണോ .. ഒരു മാതിരി ആക്കുന്നതായിരിക്കുമോ ?  എന്തോ ആവട്ടെ .. വെറുതെ കിട്ടുന്ന പുക്ഴത്തൽ .. ഇതൊക്കെ ഇപ്പൊ തന്നെ ഒന്ന്  റെക്കോർഡ്‌ ചെയ്തിരുന്നെങ്കിൽ ഫേസ് ബുക്കിൽ ഇട്ട് അഞ്ചു ലൈക്ക് മേടിക്കാമായിരുന്നു .. കെട്ടുമ്പോൾ ഭാര്യക്ക് കാണിച്ചു കൊടുക്കാമായിരുന്നു സനൽ ഓർത്തു .

അങ്ങനെ കുറെ നാൾ സിംഗ് സന്ത്വനത്തിലെ നെടുമുടിയെ പോലെയും സനൽ കൌരവറിലെ മമ്മൂട്ടിയെ പോലെയും പരസ്പരം കാണുമ്പോൾ പെരുമാറി 

അങ്ങനെ ഇരിക്കെ  സനലിന് ഓഫീസിൽ ഒരു ഫോണ്‍ വന്നു ..  ഫോണ്‍ വച്ചതിനു ശേഷം അടുത്തിരുന്ന സിംഗ് ചോദിച്ചു

സിംഗ് : who was that ?

സനൽ : my father and mother calling from our farm land

ഒരു നിമിഷം   ഹൈ കമാൻഡിൽ  ഇടി കൊണ്ടവനെ പോലെ ഇരുന്ന സിംഗ് .. അത്ഭുത ത്തോടെ ചോദിച്ചു

സിംഗ് : whose father ? your own father ?

സനൽ ( നിസ്സാര ഭാവത്തിൽ )  : yes

സിംഗ് : but you said your father and mother are expired 5 years back

സനൽ : Yes .. they expired .. but currently my father is going to a near by match box company as accountant . he will get bored by sitting without any duties .. you know

സിംഗ് ഒരു മിനിട്ട് " ഇവൻ എന്തുവാടെ ഈ പറയുന്നത് " എന്ന റോളിൽ ഇരുന്നു

ആരെ യാർ ..സാലെ  .. don't you know the meaning of " Expired " ?  എന്ന് പറഞ്ഞ്   സിംഗ്    ചിരിച്ചു കൊണ്ട് എഴുന്നേറ്റ് പോയി ..

സനലിന് എല്ലാം പിടികിട്ടി  സ്വയം ശപിച്ച് കൊണ്ട് സനൽ അപ്പോൾ ഗൂഗിളിൽ  ടൈപ്പ് ചെയ്ത് നോക്കി  "expired" .. ഇനി ഈ പണ്ടാര  ഇംഗ്ലീഷ്  വാക്ക്  ഇനി  ജീവിതത്തിൽ മറക്കില്ല ..













Friday, December 16, 2011

ഷാജി തെണ്ടുല്‍കറും ബോംബെ വാലയും

കുറിപ്പ് :
ക്രിക്കറ്റ്‌ അറിയാത്തവര്‍ ക്ഷമിക്കുക.ഇനിയും പഠിക്കാനുള്ളതെ ഉള്ളു


കോട്ടയം കഞ്ഞിക്കുഴിയില്‍ മത്തായി മാപ്പിളയുടെ അഞ്ചാമത്തെ മകന്‍ വര്‍ഗീസ്‌ എന്ന വര്‍ക്കിച്ചന്‍ സ്വന്തം മിന്നു കെട്ട് മറിയാമ യുമൊപ്പം അങ്കമാലി കടന്ന് .. കുതിരാന്‍ അയ്യപ്പന് പൈസ എറിഞ്ഞ് നെമ്മാറ വന്നു ബസ്‌ ഇറങ്ങിയത്‌ എ.ഡി 1975 ല്‍ ആയിരുന്നു .

ലോകത്ത് ഇത്രമാത്രം സ്ഥലങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ നെമ്മാറ തന്നെ തിരഞ്ഞു പിടിച്ചു വന്നത്. ഏഷ്യയില്‍ ഏറ്റവും മികച്ച വെടിക്കെട്ട് നെമ്മാറ വേലയോടനുബന്ദിച്ചു നടക്കുന്ന സ്ഥലം എന്ന് മാത്രമായിരുന്നില്ല . നല്ല സത്യമുള്ള ഭൂമി .. കള്ളവുമില്ല ചതിയുമില്ല .. എങ്ങു നോക്കിയാലും നല്ല കിടിലന്‍ വാള്‍ പേപ്പറുകള്‍ക്ക് സ്കോപ്പ് ഉള്ള സീനറികള്‍ .( ഒരിക്കല്‍ ഒരു മകര മാസത്തില്‍ ഉച്ച നേരത്ത് നെന്മാറ ഒന്ന് ചുറ്റി വന്നപ്പോ സൂര്യന്‍ പോലും പച്ച നിറത്തില്‍ കാണപ്പെട്ടത്രേ .. ) . വര്‍ക്കിച്ചന്‍ ഈ സിമ്പിള്‍ ഡിസിഷന്‍ എടുക്കാന്‍ എന്തിനു 1975 വരെ കാത്തിരുന്നു എന്നതാണ് ലേഖകനെ അത്ഭുതപ്പെടുത്തുന്നത് ..

കാലം കടന്നു പോയി .. രാവിലെ 8 മണി ആയിട്ടും കുളിര്‍ മഞ്ഞ് ഏറ്റ് ഉണരാതെ പച്ച ബെഡ് ഷീറ്റ് പുതച്ചു കിടന്ന സഹ്യ സാനുവിനെ, ഊറി വരുന്ന കാര്‍ മേഘങ്ങള്‍ വെള്ളം തെളിച്ച് ഉണര്‍ത്തി. ആ വെള്ളം പിന്നെ ഒരു ചാലായി .. അരുവിയായി .. കൂടല്ലൂര്‍ പുഴയായി .. ഭാരതപുഴയായി .. കടലായി .. . കുതിരാന്‍ കയറിവന്ന എല്ലാ തെക്കന്‍ വരുത്തന്മാരെയും പോലെ വര്‍ക്കിച്ചനും നെന്മാറ വാരി കോരി നല്‍കി .. നെമ്മാറ ടൌണില്‍ ഒരു കട വച്ച് അരിക്കച്ചവടം തുടങ്ങി . കയറാടിയില്‍ 2 ഏക്കര്‍ റബ്ബര്‍ , നെന്മാറയില്‍ 5 പറ കണ്ടം, അടിപ്പെരണ്ടയില്‍ 50 സെന്‍റ് ഭൂമി വാങ്ങി അവിടെ തെങ്ങും വാഴയും കുംഭ മാസം വരുമ്പോള്‍ ചേനയും വച്ചു .

എനിക്ക് വര്‍ക്കിച്ചനുമായുള്ള ബന്ധം മാസത്തില്‍ രണ്ടു പ്രാവശ്യം ആളുടെ സ്വന്തം അരിക്കടയില്‍ മട്ട അരി വാങ്ങിക്കാന്‍ പോയിരുന്നു എന്നത് മാത്രമല്ല ആളുടെ ആദ്യത്തെ മലര്‍ ( ദാമ്പത്യ വല്ലരിയിലെ ) മാസ്റര്‍ ഷാജി വി. എന്റെ പ്രിയ സ്നേഹിതനും .. ബോയ്സില്‍ സഹപാഠിയും ആയിരുന്നു .

കൊതകുളം ആദ്യമായി നീന്തിക്കടന്നവന്‍ , വിഷുവിന് 100 പടക്കം കോര്‍ത്ത ലക്ഷ്മി പടക്കം കൈ വച്ച് പോട്ടിക്കുന്നവന്‍ . , നെന്മാറ - കണിമംഗലം പ്രീമിയര്‍ ലീഗ് മാച്ചില്‍ നെന്മാറക്ക് വേണ്ടി ആദ്യമായി ഹാട്രിക്ക് നേടിയ കളിക്കാരന്‍ .എന്നൊക്കെയുള്ള നെമ്മാറക്കാര്‍ക്ക് മാത്രം മനസ്സിലാവുന്ന വിവിധ ലോക റെക്കോര്‍ഡ്‌കള്‍ക്ക് ഉടമയായിരുന്നു ഷാജി. ഈ റെക്കോര്‍ഡ്‌കള്‍ നെന്മാറയിലെ കുടുംബത്തിനും നാട്ടുകാര്‍ക്കും വേണ്ടാത്ത ചാവാലി പിള്ളേര്‍സിന്റെ ഇടയിലെ ഷാജിയുടെ സൂചിക കുത്തനെ കൂട്ടാന്‍ ഇടയാക്കി.

കന്നി മാസത്തെ കൊയ്ത്തു കഴിഞ്ഞാല്‍ പിന്നെ പാടങ്ങള്‍ ഫ്രീ ആണ് . സ്കിപ്പര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള വര്‍ക്കി ചേട്ടന്‍റെ പുത്തന്‍ തറ പാടത്തിലെ ക്രിക്കറ്റ്‌ കളി അക്കാലത്ത് ലോക പ്രസിദ്ധമായിരുന്നു . ഏരിയായിലുള്ള എല്ലാ പിള്ളേരും രാവിലെ 9 മണിക്ക് തന്നെ പാടത്തില്‍ ഹാജരാകും എങ്കിലും തൊട്ടടുത്തു വീടുള്ള ഷാജി വൈകിയേ വരൂ. വന്നാല്‍ തന്നെ " പിള്ളേര്‍ കളിച്ചു പഠിക്കട്ടെ " എന്ന ഭാവേന ഒരു മൂലയ്ക്ക് മാറി നില്‍ക്കും. മറ്റെല്ലാ പിള്ളേര്‍ക്കും ഉള്ള പോലെ ആദ്യ ബാറ്റിങ്ങിനുള്ള ആക്രാന്തം ഷാജിക്കില്ല. എല്ലാവരും ഔട്ട്‌ ആയിക്കഴിഞ്ഞ്. "പ്രഭോ ഞങ്ങള്‍ ഒക്കെ പരാജിതരായി ഇനി അവിടുന്ന് കളിച്ചു ഞങ്ങളുടെ ജീവിതം ധന്യമാക്കിയാലും " എന്ന ഭാവത്തില്‍ ഞങ്ങള്‍ വിളിച്ചാല്‍ വന്നു അടി തുടങ്ങും .കളിയുടെ ഗതി മാറ്റും. നമ്മള്‍ ഒക്കെ ഷാജിയുടെ വിനോദത്തിനു വേണ്ടിയാണോ കളിക്കുന്നത് എന്ന് വരെ ഞങ്ങള്‍ക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.

സ്വതവേ എല്ലാവരെയും നിലക്ക് നിര്‍ത്താറുള്ള ഷാജിയുമായി അടിക്കാന്‍ ആദ്യമായി ഭാഗ്യം ഉണ്ടായത് ട്രഷറിയില്‍ ജോലിയുള്ള രാമന്‍ നായരുടെ മകനും കണിമംഗലം ടീമിന്റെ കാപ്ടനുമായ വേണുവിനാണ് .ടോസ് വിളിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കണിമംഗലം ടീമിന്റെ ക്യാപ്റ്റന്‍ വേണു വിനെ പാടത്തില്‍ കിടന്നുരുണ്ടു തല്ലി ചുണ്ട് അടിച്ചപൊട്ടിച്ചതിനു ശേഷം " നിന്നെ ഞാന്‍ മുക്കി കൊല്ലുമെടാ " എന്ന് പറഞ്ഞ് എടുത്തു കൊണ്ട് പോയി പാടത്തിനു സമീപത്തുള്ള കിണറ്റില്‍ ഇടാന്‍ പോയതാണ് .പിന്നെ " നിന്നെ ഒന്നും കൊന്നിട്ട് ഷാജിക്ക് ഒന്നും കിട്ടാനില്ലെടാ " എന്നാ ഡയലോഗും വിട്ട് സ്ലോ മോഷനില്‍ നടന്നു പോയതിനു ശേഷം പിന്നെ ഷാജിയുമായി ആരും അടികൂടാന്‍ പോയിട്ടില്ല എന്ന് മാത്രമല്ല പലരും അന്നത്തോടെ അവനെ ഷാജിയെട്ടാ എന്ന് വിളിച്ച് ഒരു ഡിസ്ടന്‍സ് കീപ്‌ ചെയ്തിരുന്നു .

ഷാജി അങ്ങനെ 80 കളിലെ ദാസേട്ടനെ ( യേശു ) പോലെ എതിരാളി ഇല്ലാതെ വാഴുന്ന കാലം . അധികം വെയിലോ വേനല്‍ മഴയോ ഇല്ലാതെ ഒരു മെയ്‌ മാസ ഞായറാഴ്ച . പലപ്പോഴും നമ്മള്‍ എടുക്കുന്ന ചെറിയ ചില തീര്‍മാനങ്ങള്‍ ആണ് മനുഷ്യനെ വലിയ ഉയര്‍ച്ച്ചയിലെയ്ക്കും .. പതാളത്തിലെയ്ക്കും നയിക്കുന്നത് . ആ തീര്‍മാനങ്ങള്‍ ആലോചിച്ചു എടുക്കാനുള്ള മടി ആണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു . എന്ന് അന്ന് ഷാജിക്ക് മനസ്സിലായി .

അന്നാണ് രാധാ ഭവനത്തിലെ ബോംബയിലുള്ള രാധ ചേച്ചിയുടെ മകന്‍ സുധീഷ്‌ മുട്ടോളം ഇറക്കമുള്ള ഒരു ബര്‍മൂഡയും , ടി ഷര്‍ട്ടും .. കണ്ണാടിയും ഇട്ട് കളിക്കാന്‍ എത്തിയത് .. വേനലവധിക്ക് നാട്ടില്‍ എത്തിയതാണ് സുധി ഭായി . രാധ ചേച്ചിയുടെ വീടിനടുത്തുള്ള മനു ആണ് അവനെ കൂട്ടി കൊണ്ട് വന്നത് . നാടന്‍ കോഴികളുടെ ഇടയില്‍ വന്നു പെട്ട ഇറച്ചി കോഴിയെ പോലെ ഇരുന്ന അവനെ ഷാജി ഒന്ന് ഇരുത്തി നോക്കി കളിയില്‍ ചേര്‍ക്കുകയായിരുന്നു .അത് വളരേ ആലോചിച്ചു എടുക്കേണ്ട തീര്‍മാനമായിരുന്നു എന്ന് ഷാജിക്ക് വഴിയേ മനസ്സിലായി

വന്നപ്പോ ഭാവ്യനായി നിന്ന സുധീഷ്‌ഭായി , കുറച്ചു നേരം കഴിഞ്ഞ് " നിങ്ങള്‍ ഈ പിച്ചിലാണോ കളിക്കുന്നത് " എന്നൊരു ചോദ്യം അലക്കി . അപ്പൊ തന്നെ ഷാജി അവനെ ഒന്ന് തുറിച്ചു നോക്കിയതാണ് പിന്നെ ബോംബെ അല്ലെ .. രാധ ചേച്ചി അല്ലെ .. ജീവിച്ചു പോട്ടെ എന്ന് വച്ചു .

ബോംബെ വാലയെ ആദ്യ പന്തില്‍ തന്നെ പുറത്താക്കണം എന്ന് വച്ചു ഷാജി എറിഞ്ഞ രണ്ടു ബോളിലും സിക്സ് . ഒന്ന് പാട വരമ്പത്തെ യക്ഷിപ്പനയുടെ മുകളിലും . രണ്ടാമത്തെ മെയിന്‍ റോഡിലും ചെന്ന് വീണു . ബോംബെക്കരോടാ നിന്റെ കളി എന്നാ രീതിയില്‍ സുധീഷ്‌ ഷാജിയെ ഒന്ന് നോക്കി . സച്ചിന്‍ റെണ്ടുല്‍കരെ പോലെ ശാന്തനായി കളിക്കാറുള്ള ഷാജി അന്ന് ശ്രീശാന്തിന്റെ പോലെ പിറുപിറുത്തു . ഇനി ബോംബെ സിക്സ് അടിച്ചാല്‍ തന്റെ സൂചിക ഇടിയുമെന്ന് കണക്കു കൂട്ടിയ ഷാജി കണക്കു കൂട്ടി ഒരു വൈഡ് എറിഞ്ഞു . അത് സുധീഷിന്റെ കാലില്‍ കൊണ്ടതും ഷാജി അലറി വിളിച്ച് അത് LBW ആക്കി മാറ്റി

അരെ ഏ വൈഡ് ഹേ ഭായ് എന്നൊക്കെ പറഞ്ഞ സുധീഷിനെ ..

" ഔട്ട്‌ ആയാല്‍ ഇറങ്ങി പോടാ ചങ്ങാതി .. ..അവന്റെ ഒരു ഒടുക്കത്തെ ഹിന്ദി" എന്ന് പറഞ്ഞ് ഷാജി വിരട്ടി.

ആരെ ക്യാ ഹെ രേ.. ക്യാ സമജ്താഹെ അപ്നെ ആപ് കോ.. ബോംബെ വാല സീരിയസ് ആയി

ക്യാ .. കൂ ..ഒന്ന് പോടാ അലവലാതി .. തെരെ "ആപ്പ് " കോ മേം തുക്ടാ തുക്ടാ കരൂംഗ.. താനും ദൂരദര്‍ശന്‍ ഹിന്ദി സിനിമകള്‍ കാണുന്നവനാനെന്നു ഷാജി തെളിയിച്ചു

അവിടെ ഷാജി "ആപ്പ് " എന്ന് ഉദ്ദേശിച്ചത് .. ഹിന്ദി ഭാഷയെ ആണെങ്കില്ലും .. വരാനുള്ളത് കാറ് പിടിച്ചു വരാതിരിക്കുമോ ?.. ബോംബെ വാല കേട്ടത് .. " ബാപ്പ് " എന്നാണ് .. അതായത് തെരെ ബാപ്പ് കോ മേം തുക്ടാ തുക്ടാ കരൂംഗാ..

ആരെ ക്യാ ബോലാ തൂനേ എന്ന് പറഞ്ഞ് ബാറ്റ് താഴേക്ക് എറിഞ്ഞ്‌ കുത്തേ ... എന്ന് വിളിച്ചു കൊണ്ട് ബോംബെ ആഞ്ഞടുത്തു. ആ വരവ് കണ്ടു ഷാജി ഒന്ന് പരുങ്ങി എങ്കിലും .. ഇവന്‍ എന്തിനാണ് ഇത്ര ആക്രോഷിക്കുന്നത് എന്ന് മനസ്സില്‍ ചിന്തിക്കാതിരുന്നില്ല . ഇനി ഇപ്പൊ ഹിന്ദിയില്‍ ആപ് എന്ന് വച്ചാല്‍ തെറി ആണോ ?.. ഏയ് ..

ഈ സമയം കൊണ്ട് .. ബോംബെ ചാടി വന്നു നിന്ന് .. ബാപ് കോ ബോലാ തൂ എന്ന് പറഞ്ഞ്.. ഷാജിയുടെ കരണക്കുറ്റി നോട്ടി ഒറ്റ അലക്ക് .. ഷാജി ഓപ്പോസിറ്റ് റീആക്ഷന്‍ ( കടപ്പാട് : ന്യൂട്ടണ്‍ ) കൊടുക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് .. വയറിനു താഴെ നോക്കി ഒരു ചവിട്ട് ..ഷാജി സ്വന്തം ഗ്രൗണ്ടില്‍ കര്‍ണനെ പോലെ ഇരുന്നു പോയി. ഇരുന്ന ഷാജി സപ്പോര്‍ട്ട്നായി പിടിച്ചത് ഒരു ഉരുളന്‍ കല്ലില്‍ ആയിപോയി . തന്നെ ഇപ്പൊ ആ കല്ല്‌ കൊണ്ട് ഷാജി എറിയും എന്ന് വിചാരിച്ച ബോംബെ സുധീഷ്‌ ആ കയ്യില്‍ സര്‍വ ശക്തിയും എടുത്തു കയ്യില്‍ ഒരു ചവിട്ടും കൊടുത്തു. കയ്യിലൂടെ ഒരു കരണ്ട് നീങ്ങി .. എവിടെയോ എന്തോ ഒന്ന് ഒടിഞ്ഞ സൌണ്ട് ഷാജി കേട്ടു. അത് പിന്നെ സ്വന്തം കൈ ആയിരുന്നു എന്ന "തുണി ഉടുത്ത" സത്യം ഷാജി വൈകാതെ മനസ്സിലാക്കി . പിന്നെ ഷാജിയുടെ സീന്‍ നെമ്മാറ ഗവേര്‍മെന്റ്റ് ആശുപത്രിയില്‍ വച്ചാണ് ദൈവം ഷൂട്ട്‌ ചെയ്തത്

ആഴ്ചയില്‍ ഏഴ് ദിവസവും ചോറും മോളകുഷ്യവും* മൊളക് വറുത്ത പുളിയും കൂട്ടി നടക്കുന്ന ഒരു സാധാരണ നെന്മാറക്കാരനും .. ആഴ്ചയില്‍ മൂന്ന് നാല് തവണ ചിക്കനും മട്ടനും പിറകെ കോമ്പ്ലാനും കുടിച്ചു നടക്കുന്ന ഒരു ബോംബയ്ക്കാരനും തമ്മിലുള്ള വ്യത്യാസം അന്ന് ഷാജിക്ക് നന്നായി മനസ്സിലായി..ഞങ്ങള്‍ക്കും.

എന്ത് പറ്റിയെടാ .. ആരാടാ എന്ന വര്‍ക്കി ചേട്ടന്റെ ചോദ്യത്തിന് .കിരീടത്തിലെ കീരിക്കാടന്‍ ജോസിനെ പോലെ . " എനിക്കറിയില്ല .. ഒന്നും ഓര്‍മയില്ല " എന്നാണത്രേ ഷാജി മറുപടി പറഞ്ഞത് .ആ സിനിമയില്‍ കണ്ട പോലെ പോയി പ്രതികാരം ചെയ്യാനായിരിക്കും എന്ന് ഞങ്ങള്‍ കരുതി .. അതിനൊന്നും അല്ല ബോംബെ അടുത്ത അവധിക്കു നാട്ടില്‍ വരുമ്പോള്‍ മുട്ടേണ്ടി വരും എന്നാ പേടി ആയിരുന്നു എന്ന് കാലം തെളിയിച്ചു .

വാല്‍കഷ്ണം
ആറ് മാസത്തിനു ശേഷം ഷാജി വീണ്ടും ക്രീസില്‍ ഇറങ്ങി .. " ഡാ ഷാജി വന്നെടാ " എന്ന് പറഞ്ഞ ഒരു ചെക്കനോട് " നീ എന്താടാ വിളിച്ചത് .. ചേട്ടാ എന്ന് വിളിയെടാ " എന്ന് ഷാജി പറഞ്ഞപ്പോ ട്രൌസര്‍ ഇട്ട ആ പയ്യന്‍ പറഞ്ഞത്രേ " പിന്നെ...ഞാന്‍
നിന്നെ പോന്നാ.. എന്ന് വിളിക്കണോ .. "










Monday, July 13, 2009

മനുവിന്റെ ഫസ്റ്റ് ഷോ



അങ്ങനെ ക്രിസ്തു വിട വാങ്ങിയിട്ട് 1989 വര്ഷം .. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ....

കാശുള്ള വീട്ടിലെ പിള്ളേരുടെ വീട്ടിനു മുകളില്‍ കയറി എല്ലാ വ്യാഴാഴ്ചയും ( ചിത്രഗീതം .. രാത്രി 8 മണിക്ക് ) . ഞായറാഴ്ചയും ( സിനിമ 4 മണിക്ക് ) തെക്കോട്ടും . ബാക്കി ദിവസങ്ങളില്‍ വടക്കോട്ടും തിരിഞ്ഞിരിക്കാരുള്ള ആന്റീന.. അന്നും അയിലൂര്‍ ഭാഗത്ത് നിന്ന് വന്ന ചാവാലി കാക്കകള്‍ക്ക് കിന്നാരം പറയാനും കാര്യം സാധിക്കാനുമുള്ള വേദിയായി


ലക്ഷ്മി , സൌദാംബിക , ശ്രീകൃഷ്ണ ഇങ്ങനെ ഒന്നും രണ്ടും 3 തിയേറ്റര്‍ നെമ്മാറയില്‍ ഉണ്ടായിട്ടും ഓര്മ വച്ചതിനു ശേഷം അതില്‍ പോയി ഒരു സിനിമ കാണാനോ, എന്തിന് അതുള്ളില്‍ ഒന്ന് കയറി എത്തി നോക്കാനോ പോലും എന്‍റെ അയല്‍വാസിയായ മധുവിനോ അവന്റെ അനിയനോ ഭാഗ്യം ഇല്ലാതെ പോയത് , കാശില്ലാഞ്ഞിട്ടോ , ആഗ്രഹം ഇല്ലാഞ്ഞിട്ടോ അല്ല . സ്വന്തം അച്ഛന്‍ മാധവേട്ടന്റെ തീവ്രമായ സിനിമാ വിരോധം മൂലം ആണ്.

സ്വന്തം ഭാര്യയേയും കുട്ടികളേയും എതിര്‍ക്കുന്നത് പോരാഞ്ഞിട്ട് .. അയല്‍ വീട്ടുകളിലും പോയി കുട്ടികള്‍ സിനിമ കാണുന്നത് കൊണ്ടുള്ള ഭാവിഷ്യത്തിനെ പറ്റി ക്ലാസ്സ്‌ എടുത്ത് നമുക്ക് ആകപ്പാടെ ഒള്ള പൊറോട്ട യിലും കരിഓയില്‍ തെയ്ക്കുമായിരുന്ന മാധവേട്ടന്‍ വീട്ടില്‍ വരുന്ന അതിഥി കളോടും എന്തിന് എല്ലാ ശനിയാഴ്ചയും മുടങ്ങാതെ പിച്ചക്ക് എത്തുന്ന കൂനിത്തള്ളയോടും വരെ സിനിമയെ എതിര്‍ത്ത് സംസാരിക്കുമായിരുന്നു


"കേട്ടോ ശങ്കരാ ഞാനും എന്റെ പിള്ളേരും ഈ സിനിമ കാണാറേ ഇല്ല" എന്നിങ്ങനെ ആരംഭിച്ചാല്‍ ഒരു പത്തു പതിനഞ്ചു മിനിറ്റ് സിനിമ മുഴുവന്‍ വൃത്തി കേട് ആണ് , അത് പഠിക്കുന്ന കുട്ടികളെ വഴിതെറ്റിക്കും , അക്രമ വാസന വളര്‍ത്തും എന്നൊക്കെ ആയിരിക്കും സംസാരം. അതുകൊണ്ട് തന്നെ മാധവേട്ടന്‍ ഇങ്ങനെ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ തന്നെ
സ്വന്തം ഭാര്യ സരള ചേച്ചി ചായ കൊണ്ട് വന്ന് ടോപ്പിക്ക് തിരിച്ചു വിടുമായിരുന്നു.



അതിലും വലിയ പ്രതിസന്ധികളാണ് മധുവിന് സ്വന്തം സ്കൂളില്‍ നേരിടേണ്ടി വന്നത്.
സ്കൂളില്‍ മറ്റു കുട്ടികള്‍ തിങ്കളാഴ്ച ഇരുപതാം നൂറ്റാണ്ടിന്റെ കഥ വിസ്തരിച്ചു പറയുമ്പോള്‍ ഇളിഞ്ഞ ചിരിയോടെ എല്ലാം സഹിച്ചു കേള്‍ക്കുമായിരുന്ന മധു . പാലമാര ചോട്ടിലെ സമൂഹ മൂത്രപ്പുരയില്‍ പോയി തന്റെ വിധി ഓര്‍ത്ത് ആരും കാണാതെ ഏങ്ങിക്കരയുമായിരുന്നു.



ഒരു കണക്കിന് മാധവെട്ടനെയും പറഞ്ഞിട്ട് കാര്യം ഇല്ല .. മലയാള സിനിമ 'സത്യന്‍ ' ,' നസീര്‍' എന്നിവരുടെ വലയില്‍ നിന്ന് തെറിക്കുകയും ചെയ്തു .. എന്നാല്‍ 'മോഹന്‍ലാല്‍ ' , മമ്മൂട്ടി' എന്നിവരുടെ ചട്ടിയില്‍ വീണിട്ടുമില്ല.. എന്ന അവസ്ഥയില്‍ ഒരു നാലഞ്ചു വര്ഷം കൃത്യമായി പറഞ്ഞാല്‍ 1975 മുതല്‍ 1980 വരെ . മലയാള സിനിമയുടെ സുവര്‍ണ കാലമായിരുന്നില്ലേ അത് .. കൊച്ചി MG റോഡിലൂടെ പോലും പെണ്ണുങ്ങള്‍ പാവാടയും ധാവണിയും ഇട്ടു പുസ്തകം മാറത്തു ചേര്‍ത്ത് . താഴോട്ടു നോക്കിയാണ് നടന്നു നീങ്ങിയിരുന്നെങ്കില്‍ .. തിരശീലയില്‍ കന്നുപൂട്ടുകാരന്റെ മകള്‍ സീമചേച്ചി ഇട്ടാല്‍ രക്തോട്ടം നിലയ്ക്കുന്ന അത്ര ഇറുകിയ ട്രൌസേരും .. അതിനേക്കാള്‍ കടുകട്ടിയായ ഉടുപ്പും ഇട്ടല്ലേ പാട വരമ്പത്തൂടെ ഓടി വന്നിരുന്നത് .ഈയൊരു കാലത്ത് യൌവനം ചിലവഴിച്ച മാധവേട്ടന്‍ .. എങ്ങനെ പിള്ളേരെ മനസമാധാനത്തോടെ സിനിമയ്ക്ക്‌ പറഞ്ഞയക്കും ?


കാലം അങ്ങനെ വിവിധ കാലന്‍ മാരുടെ കൂടെ ഉള്ള പോക്ക് തുടര്‍ന്നു. അന്നും സിനിമ എന്നത് മധുവിന്റെ മോഹന സ്വപ്നത്തിന്റെ ആദ്യത്തെ ഷോയില്‍ ഫസ്റ്റ് ടിക്കറ്റ്‌ എടുത്ത് കോണ്‍ ഐസ് നക്കികൊണ്ട് നിന്നു .
1989 നവംബര്‍ മാസം ..നെന്മാറ പോലീസ് സ്റ്റേഷന്‍ വക അയ്യപ്പന്‍ വിളക്ക് ആയിരുന്നു അന്ന് . വിളക്ക് പ്രചരണാര്‍ത്ഥം പതിവ് പോലെ " ശ്രീകൃഷ്ണ സൌണ്ട്സ്‌ " എന്നെഴുതിയ ഒരു ഒന്നൊന്നര കോളാമ്പി ലൌഡ് സ്പീക്കര്‍, മധുവിന്റെ വീടിനു മുന്‍പിലെ തെങ്ങിന്റെ മുകളില്‍ ചെത്തുകാരന്‍ വേലായുധേട്ടനെ പോലെ കയറി ഇരുന്ന്. " പൂം കേട്ട്.. കെട്ട് കെട്ട് .. കന്നിസ്വാമി പള്ളിക്കെട്ട് " എന്നൊക്കെ ഉള്ള "ഭക്തി" നിര്‍ഭരമായ ഗാനങ്ങള്‍ വവ്വാല് പോലും ചെവി പൊത്തി പോവുന്ന ഡെസിബല്‍ സൌണ്ടില്‍ നിതാന്തം പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ഈ കാരണത്താല്‍ മധുവിന്റെ വീട്ടില്‍ അന്ന് മിക്കവാറും ആംഗ്യഭാഷയില്‍ ആയിരുന്നു ആശയം കൈ മാറിയിരുന്നത്‌. " ഇന്ന് രാവിലെ കൊഴുക്കട്ട മതിയോ " എന്ന് എങ്ങനെ ആംഗ്യ ഭാഷയില്‍ ചോദിക്കാം എന്ന് സംശയിച്ചു നിന്നിരുന്ന സരള ചേച്ചിയുടെ അടുത്ത് വന്ന് മാക്സിമം സൌണ്ടില്‍ മധു ഒരു പ്രസ്താവന ഇറക്കി. " ഇന്ന് ക്ലാസ്സില്‍ നിന്ന് കൂട്ടുകാര്‍ ആരാന്റെ മുല്ല കൊച്ചു മുല്ല എന്ന സിനിമയ്ക്കു പോകുന്നു . സമ്മതിക്കുമോ ഇല്ലയോ "



പുറത്തെ പാട്ടിന്റെ സൌണ്ടില്‍ അത് വെറും ഒരു കൊഞ്ഞനം കുത്ത് ആയി തോന്നിയ സരള ചേച്ചി "കേള്‍ക്കുന്നില്ല " എന്ന് ആക്ഷന്‍ കാട്ടി . വീണ്ടും സര്‍വ്വ ശക്തിയും എടുത്ത് മധു പറഞ്ഞു തുടങ്ങിയപ്പോളെയ്ക്കും പുറത്തെ പാട്ട് തീര്‍ന്നു . നെന്മാറ മുഴുവന്‍ കേള്‍ക്കുമാര് ആരാന്‍റെ .... എന്ന് വരെ പറഞ്ഞു മധു നിര്‍ത്തി.നെല്ലികുളങ്ങര കാവിന്റെ മുന്നിലുള്ള ആല്‍മരത്തില്‍ ഉച്ചമയക്കത്തില്‍ ലയിച്ചിരുന്ന പത്തു പതിനഞ്ചു കടവാതിലുകള്‍ " ഇവനൊന്നും ഒറന്ങാനും സമ്മതിക്കില്ല" എന്ന് ശപിച്ചു തലങ്ങും വിലങ്ങും പറന്നു പോയി. ടൂര്‍ ടൂ...ര്‍ പബ്ലിക്‌ പൈപ്പില്‍ നിന്നു വായു വരുന്ന സൌണ്ടിന്റെ അകമ്പടിയോടെ ഉടനെ അടുത്ത പാട്ട് തുടങ്ങി .


എന്തായാലും മധുവിന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ സരള ചേച്ചി .. ഇതൊന്നും തന്റെ ഡിപ്പര്റ്റ്‌മെന്റില്‍ വരില്ല എന്നും മുകളില്‍ നിന്നുള്ള ഉത്തരവ് മേടിച്ചിട്ട് എന്ത് വേണേ ആയിക്കോ എന്നും ആഗ്യഭാഷയില്‍ മധുവിനെ പറഞ്ഞു മനസ്സിലാക്കി.പൂതനാമോക്ഷം കഥകളി കാണുന്നത് പോലെ മധു അതെല്ലാം മനസ്സിലാക്കി . ഇനി അടുക്കളയില്‍ നിന്ന് നിരങ്ങിയിട്ടു കാര്യം ഇല്ല എന്ന് മനസ്സിലാക്കിയ മധു നേരെ ഉമ്മറത്ത്‌ പോയി . അവിടെ രണ്ടു ചെവിയിലും പഞ്ഞി തിരുകി നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു മയങ്ങുന്ന മാധവേട്ടന്റെ അടുത്ത് പോയി ഇത് അവതരിപ്പിച്ചാല്‍ പണ്ട് ട്രന്സ്ഫോര്‍മരിലെ തീപ്പൊരിയില്‍ ചൂട്ടു കുറ്റി കത്തിക്കാന്‍ പോയ കുടിയന്‍ ദിവാകരന്റെ അവസ്ഥ ആകും എന്ന് അറിയാവുന്നത് കൊണ്ട് , മധു അതിനു മെനക്കെട്ടില്ല . വലുതായി ജോലി ഒന്ന് കിട്ടിക്കോട്ടേ .ഓരോ ദിവസവും മൂന്ന് ഷോകളിലും തറ ടിക്കറ്റ്‌ തൊട്ടു ഫസ്റ്റ് ക്ലാസ്സ്‌ വരെ എല്ലാ ടിക്കറ്റും എടുത്ത് ഓരോ സീറ്റ്‌ തോറും ഓടി നടന്നു സിനിമ കാണും . മധു ശപഥം ചെയ്തു .


അങ്ങനെ ഇരിക്കെയാണ് മധുവിന്റെ കരളില്‍ കൂള്‍ ഡ്രിങ്ക്സ് ചൊരിയുന്ന ഒരു ന്യൂസ്‌ കേട്ടത് . സ്വന്തം അച്ഛന്‍ മാധവേട്ടന്‍ കര്‍ക്കിടകം ഒന്നിന് തിരുവില്വാമലയില്‍ പോകുന്നു.വടമാല , പാല്‍പായസം എന്ന വഴിപാടുകള്‍ക്ക് ഉച്ചപൂജ കഴിഞ്ഞേ പ്രസാദം കിട്ടു എന്ന കാരണത്തിലും . പഴയന്നൂര്‍ ഉള്ള സ്വന്തം ചേച്ചി യുടെ വീട്ടില്‍ സ്വല്പം കുടുംബ പ്രശ്നങ്ങള്‍ ഉള്ളതിനാലും . ഒരു ദിവസം ചേച്ചിയുടെ വീട്ടില്‍ നിന്ന് അടുത്ത ദിവസേ തിരിച്ചു വരൂ . മധു അന്ന് വരെ ഉള്ളുരുകി വിളിച്ചതിനേക്കാള്‍ സ്ട്രോങ്ങ്‌ ആയി " രാമാ... എന്ന് വിളിച്ചു പോയി .



കര്‍ക്കിടകം ഒന്ന് ..മാധവേട്ടന്‍ രാവിലെ എഴുന്നേറ്റ് . കൊതകുളത്തില്‍ ഒന്ന് പോയി മുങ്ങി. വേട്ടക്കെരുമനെ തൊഴുത്‌ . നാല് മണിക്ക് നെമ്മാറ - കോഴിക്കോട് "മയില്‍ വാഹനം " ബസില്‍ യാത്രയായി. മനു രാവിലെ എഴുന്നേറ്റപ്പോള്‍ .. അച്ഛന്‍ വീട്ടില്‍ ഇല്ല ... അമ്മയും ... അനുജനും മാത്രം "എന്തൊരു ശാന്തമായ വീട് ... എന്ത് മധുരമായ ജീവിതം... എന്നും ഇങ്ങനെയായാല്‍ എന്ത് രസായിരുന്നു " പെട്ടെന്ന് വീടിലെ ഒരേ ഒരു ഫിനാന്‍സ് സപ്പോര്‍ട്ട് ആയ അച്ഛന്‍ ഉണ്ടാവെണ്ടാതിനെക്കുറിച്ചുള്ള ആവശ്യകത ബോധ്യപ്പെടുകയും .. ആ ചിന്ത ഡിലീറ്റ് ചെയ്യുകയും ചെയ്തു.


എന്തുകൊണ്ടോ സരള ചേച്ചിയും അന്ന് വളരേ സന്തോഷവതിയായി കാണപ്പെട്ടു . ഇഡ്ഡലി യുടെ കൂടെ മാധവേട്ടന് ഇഷ്ടമില്ലാത്ത ചുവന്ന മുളകിട്ട് ചമ്മന്തി അരയ്ക്കുകയും . ഉച്ചയ്ക്ക് തക്കാളി രസം വയ്ക്കുകയും ചെയ്തു. അന്ന് മധുവിന് ആദ്യമായി രാവിലെ പത്രം വായിക്കാന്‍ കിട്ടി . ചൂട് പത്രത്തിന്റെ മാദക ഗന്ധം ഒരു മിനിറ്റ് മധു ആസ്വദിച്ചു . " പത്രം എന്നത് നവ വധുവിനെ പോലെയാണ് " എന്ന ചിന്തകള്‍ വന്നെങ്കിലും .. പിന്നെ ആ ചിന്തകളില്‍ സ്വന്തം അച്ഛനും , അനിയനും കഥാപാത്രങ്ങളായി വന്നപ്പോള്‍ ആ ചിന്തയെ മൂക്ക് ഞെളിച്ചു തലയാട്ടി മാറ്റി .പത്രത്തിന്റെ രണ്ടാം പേജ് നോക്കിയപ്പോളാണ് 19 ആം നൂറ്റാണ്ടിയില്‍ തോമസ്‌ ആല്‍വാ എഡിസന്റെ മുന്നില്‍ തിളങ്ങിയ പോലത്തെ ഒരു ബള്‍ബ്‌ മധുവിന്റെ തലച്ചോറിന്റെ അന്തര്‍ ഫിലമെന്റില്‍ തിളങ്ങിയത് .


നെന്മാറ ലക്ഷ്മി - കിരീടം - ദിവസേന മൂന്ന് കളികള്‍



പേര്‍സണല്‍ ആയി സോമന്‍ ഫാന്‍ ആയിരുന്ന സരള ചേച്ചി നാനയില്‍ ഇരുപതാം നൂറ്റാണ്ടിനെ കുറുച്ചുള്ള റിവ്യൂ വായിച്ചതോടെ മോഹന്‍ലാല്‍ ഫാന്‍ ആയി ട്രാന്‍സിഷന്‍ ആയിക്കൊണ്ടിരിക്കുന്ന സമയം ആയിരുന്നു അത് . ഒരു ടീമിലെ എല്ലാവരും ഒരു ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ എടുത്തു വച്ചപോലെ നടക്കും എന്നാണല്ലോ . കുടുംബ സമേതം ലക്ഷ്മിയില്‍ ഫസ്റ്റ് ഷോ ... പടം .. കിരീടം .. കഴിഞ്ഞ ഓണത്തിനു വാങ്ങിയ കോടികള്‍ ഇസ്തിരിപ്പെട്ടിയുടെ ഭ്രാന്തമായ ആവേശത്തില്‍ അടങ്ങി ഒരു നിശ്വസമെന്നോണം പുക പൊഴിച്ചു .



അമേരിക്കയില്‍ ലാണ്ട് ചെയ്യുന്ന ആന്ദ്രാക്കാരെ പോലെ ലക്ഷ്മി തിയെട്ടറിനുള്ളില്‍ പ്രവേശിച്ച മധു ഉടനെ തന്നെ തന്‍റെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവാനാകുകയും .. അനുജന്‍ മനുവിനെ " ആഹാ ചുടു കടല " എന്നെഴുതിയ രാജേട്ടന്റെ സൈക്കിള്‍ വണ്ടിയില്‍ 2 രൂപയ്ക്ക് കടല മേടിക്കാന്‍ പറഞ്ഞു വിടുകയും . അമ്മ സരള ചേച്ചിയെ ഒരിടത്തേയ്ക്ക് ഒതുക്കി നിര്‍ത്തുകയും ചെയ്തു . അപ്പോള്‍ കാതടപ്പിച്ചു കൊണ്ട് ക്രീ..... എന്ന സൌണ്ട് കേട്ടതോടെ കേന്ദ്ര ധനകാര്യ മന്ത്രി പ്രണവ് മുഖര്‍ജി ബഡ്ജെറ്റ് കൊണ്ട് പാര്‍ലമെന്റില്‍ വരുന്ന ഭാവത്തോടെ .. ചളുങ്ങിയ അലുമിനിയ പെട്ടിയില്‍ തിയേറ്റര്‍ ഓണര്‍ ഭാസ്കരേട്ടന്‍ ടിക്കെട്ടും കൊണ്ട് വന്ന് കമ്പി കൂട്ടില്‍ സ്ഥാനം ഉറപ്പിച്ചു. എലിമാളം പോലുള്ള ചെറിയ പോത്തിലൂടെ കൈ ഇട്ട് തന്‍റെ തൊട്ടു മുന്‍പില്‍ നിന്ന അപ്പാപ്പന്‍ പറഞ്ഞത് പോലെ മധുവും പറഞ്ഞു .. ഒരു സെക്കന്റ്‌ . പിന്നെയാണ് കൂടെ അമ്മയും അനുജന്‍ മനുവും ഉണ്ട് എന്ന് ഓര്‍ത്തത്‌ . അത് തിരുത്തി മൂന്ന് സെക്കന്റ്‌ ടിക്കെറ്റും എടുത്ത് .. ഒരു രൂപയുടെ രണ്ടു പൊതി വാങ്ങിക്കാതെ 2 രൂപയുടെ ഒറ്റ പൊതി കടല വാങ്ങിച്ച മനുവിനെ ചീത്തയും പറഞ്ഞ് , മധു ടിക്കറ്റ്‌ ചീന്താന്‍ കൊടുത്ത് തീയേറ്ററില്‍ പ്രവേശിച്ചു.



തിയേറ്ററില്‍ ആള് നിറഞ്ഞു തുടങ്ങുന്നതെ ഉള്ളു . ആകെ ഉള്ളവര്‍ 3 ആള്‍ക്ക് നീളമുള്ള സീലിംഗ് ഫാനുകളുടെ തൊട്ടു കീഴെ ഉള്ള സീറ്റുകളില്‍ അങ്ങിങ്ങായി ഇരിപ്പുറപ്പിചിരിക്കുന്നു . എവിടെ ഇരിക്കണം .. കണ്‍ഫ്യൂഷന്‍




ഇരിക്കാവുന്നതിലും ഏറ്റവും മുന്‍പിലുള്ള മൂന്ന് സീറ്റില്‍ മധുവും കുടുംബവും ഇരിപ്പുറപ്പിച്ചു . ഒണക്കിയ കോടി മുണ്ട് കീറുന്ന ശബ്ദത്തോടെ പടം ആരംഭിച്ചു. ലൈറ്റ്കള് എല്ലാം അണഞ്ഞു .. സംഭവം എല്ലാരും സീരിയസ് ആയി .. ആരോ എരിഞ്ഞു വലിക്കുന്ന സിഗരെട്ട് പുക അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു. മൂന്ന് ലോകവും മുപ്പത്തി മുക്കോടി ദൈവങ്ങളും ആ സ്ക്രീനില്‍ ഒതുങ്ങിയത് പോലെ മധുവിന് തോന്നി ഇതിനിടയ്ക്ക് തിയേറ്ററില്‍ വൈകി വന്ന രണ്ടു ചേച്ചിമാരെ ടിക്കറ്റ്‌ ചീന്തുന്ന ചേട്ടന്‍ ഒരു ടോര്‍ച്ച് കാണിച്ച് എവിടെയോ കൊണ്ടിരുത്തി . പിന്നെ ഒരു ഒന്നൊന്നര മണിക്കൂര്‍ മധു വേറെ ഒരു ലോകത്തായിരുന്നു. സ്കൂളില്‍ പോയി വിശദമായി കഥ പറയാന്‍ ഓരോ സംഭവവും ഓര്‍ത്തു വച്ചു. നടി പാര്‍വതിയുടെ സാരിയുടെ കളര്‍ വരെ .. സിനിമ തികച്ചും ഉദ്വേഗ ഭരിതമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്നു . സ്വന്തം അച്ഛന്റെ കാലു പിടിച്ച് സേതുമാധവന്‍ കീരിക്കാടന്‍ ജോസിനെ കൊല്ലാനായി പോകുന്നു . വായും പൊളിച്ചിരുന്ന മധുവിന്റെ വായടപ്പിച്ചു കൊണ്ട് " ഇന്റെര്‍വല്‍ " എന്ന് സ്ക്രീനില്‍ വന്നു വീണു .അതിനായി കാത്തിരുന്ന പോലെ സകലമാന ആണുങ്ങളും പല "അത്യാവശ്യങ്ങള്‍" ക്കായി തലങ്ങും വിലങ്ങും എഴുന്നേറ്റു പോയി . മധു അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കി . അമ്മയോട് സിനിമ എങ്ങനെ ഉണ്ട് എന്ന് ചോദിക്കാം എന്ന് തിരിഞ്ഞപ്പോള്‍ കണ്ടത് വായും പൊളിച്ചു ഉറങ്ങുന്ന സരള ചേച്ചിയെ ആണ് . രാവിലെ രണ്ടു മണിക്ക് എഴുന്നേറ്റു ബ്രേക്ക്‌ഫാസ്റ്റും ചോറും കൂട്ടാനും വച്ച് പൊതിഞ്ഞു കെട്ടി ഭര്‍ത്താവിനെ 4 മണിക്കത്തെ ബസ്സില്‍ കയറ്റി വിട്ട അമ്മയെ ഒന്നും പടത്തിന് വിളിച്ചോണ്ട് വരരുത് എന്ന് മധു ഓര്‍ത്തു . 6 രൂപ വേസ്റ്റ് .


പെട്ടെന്നാണ് അടുത്തിരുന്ന സ്വന്തം അനുജന്‍ മനുവിന്റെ സീറ്റ്‌ ഒഴിഞ്ഞു കിടക്കുകയാണ് എന്ന നഗ്ന സത്യം മധു മനസ്സിലാക്കിയത് . മൂത്രം ഒഴിക്കാന്‍ പോയതായിരിക്കും എന്ന് കരുതി " exit " എന്ന് ചുവന്ന ബള്‍ബ്‌ കൊണ്ട് എഴുതിയ വാതില്‍ നോക്കി മധു കുറച്ചു നേരം കാത്തിരുന്നു .. പക്ഷെ പലരും കോണ്‍ ഐസ് , കപ്പലണ്ടി , ചോളപ്പൊരി , മുറുക്ക് , ചായ ഇത്യാതി വസ്തുക്കളുമായി വാതില്‍ കടന്നു വരുന്നതല്ലാതെ .. നമ്മുടെ മനുവിന്റെ പച്ച ഷര്‍ട്ട്‌ മാത്രം കാണാനില്ല. ഹൃദയത്തില്‍ എവിടെയോ ഒരു ചെറിയ ഉറുമ്പ് കടിച്ച പോലെ



അമ്മയോട് പറയണോ ? അല്ലെങ്കില്‍ വേണ്ട .. അവനെ തപ്പാന്‍ പറഞ്ഞു വിട്ടാല്‍ ... അതിനിടയില്‍ പടം തുടങ്ങിയാല്‍ .. അനിയന്മാര്‍ ഇനിയും ഉണ്ടാകും .. പക്ഷെ സിനിമ .. അത് സ്വന്തമായി ജോലി കിട്ടാതെ തനിക്കു കാണാന്‍ കഴിയോ ? അന്ന് ഈ കിരീടം അന്ന് ഏതെങ്കിലും തിയേറ്ററില്‍ കളിക്ക്യോ ? മധുവിന്റെ ബുദ്ധി ന്യായങ്ങള്‍ നിരത്തി . പടം തുടര്‍ന്നു .. . സരള ചേച്ചി നല്ല ഉറക്കമാണ് .മധു പടം കാണുന്നുണ്ട് എങ്കിലും പഴയ പോലെ ഒരു സുഖം ഇല്ല . മുടി വെട്ടിയിട്ട് കുളിക്കാതെ കിടന്ന പോലെ ഒരു അസ്വസ്ഥത മധുവിനെ വേട്ടയാടി. എവിടെ പോയാലും ഇനി വയറിളക്കം ആണെങ്കിലും ഇത്ര സമയം എടുക്കില്ല ..പിള്ളേര്‍ പിടുത്തക്കാരായ ചാക്ക് മാപ്ല മാരുടെ സീസണ്‍ ആണ് . ഇനി ഇത് താങ്ങാന്‍ വയ്യ . മധുവിന്റെ ഹൃദയം മുല്ല പെരിയാര്‍ തുറന്നു വിട്ടത് പോലെ രക്തം ചീറ്റാന്‍ തുടങ്ങി. അവന്‍ പതുക്കെ സരള ചേച്ചിയെ വിളിച്ചു കാര്യം ധരിപ്പിച്ചു . അപ്പോള്‍ സ്ക്രീനില്‍ കീരിക്കാടന്‍ ജോസി ന്റെ ആള്‍ക്കാര്‍ സേതുമാധവന്റെ വീട്ടില്‍ കയറി ഉപദ്രവിക്കുന്നതും .. വീട്ടുകാര്‍ ബഹളം ഉണ്ടാക്കുന്നതുമായ സീന്‍ ആയിരുന്നു ഉറക്ക ചടവില്‍ കാര്യം കേട്ട സരള ചേച്ചി പിടഞ്ഞെഴുന്നേറ്റു ഒരു അലര്‍ച്ച ആയിരുന്നു. ഡോള്‍ബി സറൌണ്ട് എഫ്ഫക്റ്റ്‌ ആയിരിക്കും അത് എന്ന് കരുതിയ മറ്റു പ്രേക്ഷകര്‍ ആ അലര്‍ച്ച അത്ര കാര്യം ആക്കിയില്ല .


ഓടി തിയേറ്ററിനു പുറത്തു എത്തിയ സരള ചേച്ചിയും മധുവും പലരോടും ഒരു ചാണ പച്ച ഷര്‍ട്ട്‌ ഇട്ട കുട്ടിയെ പറ്റി തിരക്കി. അപ്പോളാണ് കടലക്കാരന്‍ രാജേട്ടന്‍ ഒരു പച്ച ഷര്‍ട്ട്‌ ഇട്ട കുട്ടി ഒരു വെള്ള അംബാസിടര്‍ കാറില്‍ കയറി പൊള്ളാച്ചി സൈഡ് ലേയ്ക്ക് പോകുന്നത് കണ്ടു എന്ന് പറയുന്നത്. ഇത് കേട്ടതോടെ സരള ചേച്ചി റോഡില്‍ ഇരുന്നു പോയി . അടുത്ത് ഇരുന്ന അനുജനെ നോക്കാതെ സിനിമ കണ്ടിരുന്നതിന് മധുവിനെ വായില്‍ വന്നത് എല്ലാം പറഞ്ഞു . ഉടനെ നാട്ടുകാര്‍ സരള ചേച്ചിക്ക് ഒരു സോഡാ കൊടുത്ത ശേഷം ഒരു ഓട്ടോ പിടിച്ച് മധുവിന്റെ കൂടെ പരമേശ്വരന്‍ ഡോക്ടറുടെ അടുത്തേയ്ക്ക് അയച്ചു അതിനു ശേഷം അമ്മയെ വീട്ടിലാക്കി നെമ്മാറ " സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ " ഒരു പരാതി കൊടുക്കാന്‍ തീര്‍മാനമായി



ഡോക്ടറെ കണ്ടു മടങ്ങി വരുമ്പോള്‍ ഓട്ടോയില്‍ ഇരുന്നു മധു സ്വയം ശപിച്ചു.അച്ഛന്റെ സംഹാര താണ്ടവം കാണാന്‍ നില്‍ക്കാതെ എങ്ങോട്ടെങ്ങിലും ഓടിപ്പോയാലോ എന്ന് വരെ മധുവിന് തോന്നി . " 7 വയസ്സുള്ള ബാലനെ കാണ്മാനില്ല " എന്ന വാര്‍ത്ത പത്രത്തില്‍ വരുന്നത് മനസ്സില്‍ കണ്ടു. "അവന്റെ ഒടുക്കത്തെ ഒരു സിനിമ കാണല്‍ . അവന്റെ .തള്ളയെ കെട്ടിക്കാന്‍ ".. എന്നൊക്കെ പിറ് പിറുത്തു കൊണ്ട് സരള ചേച്ചി ഓട്ടോയില്‍ ഉള്ള സൌകര്യത്തിനു ചാഞ്ഞു കിടന്നു . മധുവിന് ഹൃദയത്തില്‍ ഒരു അഗ്നി പര്‍വതം പൊട്ടി സപ്ത നാഡികളിലൂടെയും ലാവ ഒലിച്ചിറങ്ങി നില്‍ക്കുന്ന സിറ്റുവേഷന്‍ .. അവന്‍ ഓട്ടോയില്‍ ഇരുന്നു അനന്തമായ പാട വരമ്പുകളെ നോക്കി കരഞ്ഞു


വീട്ടിലെത്തി സരള ചേച്ചിയെ പിടിച്ചിറക്കി ഓട്ടോക്ക് കാശ് കൊടുക്കാന്‍ തിരിഞ്ഞപ്പോ കണ്ട കാഴ്ച..അത് കണ്ടപ്പോള്‍ .സന്തോഷവും ..ദേഷ്യവും.. മധുവിന്റെ ഹൃദയത്തിന്റെ വാല്വിനുള്ളില്‍ സോഡയും സര്‍ബത്തും പോലെ നിറഞ്ഞൊഴുകി .കാറില്‍ പൊള്ളാച്ചി പോയ അനുജന്‍ 'മനു' അവിടെ ഉണ്ണി കൃഷ്ണന്റെ അനുജന്‍ സുരേഷിന്റെ കൂടെ സേപ്പി കളിച്ചു കൊണ്ടിരിക്കുന്നു .. ഓട്ടോ കണ്ട ഉടനെ " നിങ്ങള്‍ എന്താ ഇത്ര വൈകിയേ " എന്ന് ചോദിച്ചു കൊണ്ട് ഓടി വന്ന മനുവിനോട് നാട്ടുകാര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ..



"ഇന്റെര്‍വല്‍ " ആയപ്പോ എല്ലാവരും എഴുന്നേറ്റു പോകുന്നത് കണ്ടു സിനിമ തീര്‍ന്നെന്നു കരുതി അവന്‍ തീയെട്ടറിനു പുറത്തു ഇറങ്ങി നിന്നത്രേ .. അപ്പോളാണ് അടുത്ത വീട്ടിലെ രാഘവേട്ടന്‍ കാറില്‍ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞു തിരിച്ചു വരുന്നത് കണ്ടത് . വര്‍ഷത്തിലൊരിക്കല്‍ ശബരിമലക്ക് പോകാന്‍ മാത്രം കാറില്‍ കയറിയിരുന്ന മനുവിന് രാഘവേട്ടന്റെ "വീട്ടിലേയ്ക്കൊരു റൈഡ്" ഓഫര്‍ തിരസ്കരിക്കാന്‍ കഴിയുമായിരുന്നില്ലത്രേ



" മനുഷ്യന്‍ ആറ്റു നോറ്റു ഒരു സിനിമയ്ക്ക്‌ പോകുമ്പോള്‍.... അവന്റെ ഒരു ...പു ( ന്നാര ) മോന്‍ ..ഇവനെ ഒക്കെ പോത്തുണ്ടി ഡാം വരെ ഓടിച്ചിട്ട് തല്ലണം


... . " ഓട്ടോയില്‍ ചാരി നിന്നിരുന്ന അമ്മയെ താങ്ങി എടുത്ത് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ മധു പിറ് പിറുത്തു കൊണ്ടിരുന്നു ..