മറവി എന്നത് അരണ മുതല്‍ ലോകത്ത് ജീവന്‍ ഉണ്ടായ കാലം തൊട്ടേ പ്രാബല്യത്തില്‍ ഉള്ള സംഭവം ആണെന്നും .. മനസ്സിന്റെ ആകർഷണം ചില സമയങ്ങളിൽ മറ്റു പല വസ്തുക്കളിലെക്കും കാലോചിതമായി വ്യാപിക്കുന്നത് കൊണ്ടുള്ള ഒരു സ്വാഭാവിക പ്രക്രിയ ആണെന്നും ഉള്ള കിച്ചുവിന്റെ വാദത്തിനെ അതിനെ അര്ഹിക്കുന്ന അവജ്ഞയോടെ ചവിട്ടി എറിയാറുള്ള അവന്റെ അച്ഛന് അത് അവനു മാത്രം ഉള്ള , ലാലു അലക്സിനു മാത്രം വിവരിക്കാൻ കഴിയുന്ന ഏതോ മാറാവ്യാധി ആയിരുന്നു.
രാവിലെ അമ്പലത്തില്‍ ഗണപതി ഹോമത്തിനു പ്രസാദം വാങ്ങാന്‍ അയച്ചാല്‍ കൊണ്ടുവരുന്നത് അടുത്ത വീട്ടിലെ രാശി ചേച്ചി സൂരി സ്വാമിയോട് പ്രത്യേകം പറഞ്ഞു കഴിപ്പിച്ച നെയ് പായസം ആയിരുന്നു. മുടപ്പല്ലൂർ ഉള്ള അമ്മാവന്റെ വീട്ടിലേക്ക് സൈക്കിൾ ചവിട്ടി പോവുന്ന കിച്ചു അവിടുന്ന് തിരികെ വരുന്നത് മൂന്നര ക്കുള്ള സെന്റ് മേരീസ് ബസ്സിൽ ആണ് . വീട്ടിലുള്ളവരുടെ വായിലിരിക്കുന്നത് കെട്ട് തിരികെ സൈക്കിൾ എടുക്കാൻ പോവുന്നത് വീട്ടിൽ സൈക്കിളിന്റെ താക്കോൽ മറന്ന് വച്ചിട്ടാണ്
ഇങ്ങനെ വെടിക്കെട്ടിനിടയിലെ ഓലപ്പടക്കത്തിന്റെ വില പോലും ഇല്ലാതെ ജീവിച്ച കിച്ചുവിന്റെ വീട്ടിൽ ആയിടയ്ക്ക് അവന്റെ അമ്മാമ്മ വന്നെത്തി . മരുമകളുമായി സമയാ സമയങ്ങളിൽ നടക്കാറുള്ള ഉഭയകക്ഷി ചർച്ച കൾ പരാജയപ്പെടുമ്പോൾ ആണ് സാധാരണ അമ്മാമ്മ തന്റെ മകളുടെ അടുത്ത് വന്ന് താമസിക്കാറുള്ളത് . സ്വതവേ പൊന്നും കുടമായ നെമ്മാറ ഗ്രാമത്തിന് ഒരു പൊട്ട് കുത്തിയത് പോലെ ആണ് കിച്ചുവിന്റെ അമ്മാമ്മയുടെ സാന്നിധ്യം . ഇത് മറ്റുള്ളവർക്ക് എന്ന പോലെ അമ്മാമ്മയ്ക്കും അറിയാമായിരുന്നത് കൊണ്ട് അയൽ വീടുകളിലും .. അമ്പലങ്ങളിലും .. വഴിയിൽ കൂടെ പോവുന്നവരെയും .. എന്തിന് .മാട് മേയ്ക്കാൻ വരുന്നവരെ പോലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു .
രാവിലെ പ്രാതൽ കഴിഞ്ഞ് വീടിനു മുൻപിൽ മുൻപിൽ ഉള്ള കോലായിൽ ഇരുപ്പ് ഉറപ്പിച്ചാൽ പിന്നെ ആ വഴി വരുന്നവർ ആര് .." വീട് എവിടെ" .. ആരുടെ ആരായിട്ടു വരും എന്ന് തുടങ്ങി .. എന്തിന് ഈ ഭൂമിയിൽ ഇങ്ങനെ ജീവിക്കുന്നു എന്ന റോളിൽ വരെ ഉള്ള ചോദ്യങ്ങ ളും ഉപദേശങ്ങളും കൊണ്ട് അവരെ പിന്നെ അടുത്ത ഒരു മാസത്തേക്ക് ആ വഴി നടത്തിക്കാതെ കഴിക്കാനുള്ള എല്ലാ കൊളിഫിക്കെഷനും അമ്മാമ്മയുടെ ആ കാലും നീട്ടിയുള്ള ഇരുപ്പിന് ഉണ്ടായിരുന്നു . " വരൂ ചായ കുടിക്കാം " എന്ന തികച്ചും ലളിതമായ ഒരു ഡയലോഗിൽ നിന്നാണ് അമ്മാമ്മയുടെ ഈരാളി പിടുത്തത്തിന്റെ തുടക്കം .. പക്ഷെ നെമ്മാറ മുഴുവൻ ഇതിനുള്ള യുനിവെർസൽ ഉത്തരം " വേണ്ട ഇപ്പൊ കുടിച്ചേ ഉള്ളൂ " എന്നതാണ്. അത് കൊണ്ട് തന്നെ ഇക്കാലമത്രയും അമ്മാമ്മയ്ക്ക് ഈ ചായ ക്ഷണം കൊണ്ട് അഞ്ചിന്റെ നഷ്ടം ഉണ്ടായിട്ടില്ല .. മറിച്ച് എതിർ കക്ഷിക്ക് എത്രയോ വിലപ്പെട്ട ജീവിത നിമിഷങ്ങൾ ഹോമിക്കപ്പെടുകയും ചെയ്തു
ആയിടയ്ക്കാണ് തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് ഒരു ജവാനും ഭാര്യയും വന്നത് .. ഭാരതത്തിന്റെ മുക്കിലും മൂലയിലും യാത്ര ചെയ്ത അനുഭവ പരിചയം എടുപ്പിലും നടപ്പിലും ..ദേഹത്തും മുടിയിലും വരെ നിഴലിക്കുന്ന ഒരു ആറു ആറടി ഉയരം ഉള്ള ഒന്നൊന്നര മൊതൽ . ആദ്യ ഒരു ആഴ്ച വീടിനു മുന്നിലൂടെ പോയ ജവാനെ അമ്മാമ്മ ഒരു മാതിരി വെട്ടുപൊത്ത് സ്റ്റൈ ലിൽ തുറിച്ച് നോക്കി എന്നല്ലാതെ സംഭാഷണം ഒന്നും തുടങ്ങി വച്ചില്ല . ആരാ . എന്താ എന്നൊക്കെ അറിയണം എന്നുണ്ടെങ്കിലും.. എങ്ങനെയാ .. അമ്മാതിരി ഒരു സാധനം ആണേ ..
അങ്ങനെ ഇരിക്കെ ആണ് ഒരു നാൾ ജവാൻ തന്റെ ഭാര്യയുമൊത്ത് എവിടെയോ പോയി ആ വഴി വരുമ്പോൾ കോലായിൽ ഇരിക്കുന്ന അമ്മാമ്മയെ നോക്കി ഒന്ന് ചിരിച്ചത് . ഇത് പ്രതീക്ഷിച്ചിരുന്ന അമ്മാമ്മ തന്റെ സ്ഥിരം ശൈലിയിൽ " വരൂ ചായ കുടിക്കാം " എന്ന് വിളിച്ചു .. അതിനുള്ള ഉത്തരവും പിന്നെയുള്ള സംഭാഷണത്തിന്റെ വിഷയങ്ങളും മനസ്സില് കരുതിയ അമ്മാമ്മയെ ഞെട്ടിപ്പിച്ച് കൊണ്ട് ജവാനും ഭാര്യയും ഗൈറ്റ് തുറന്നു വന്ന് വീട്ടിനുള്ളിൽ കയറി ചുവപ്പിൽ വെള്ള പൂവുള്ള സെറ്റിയിൽ ഇരിപ്പായി
അമ്മാമ്മയ്ക്ക് തലച്ചോർ ഒരുകുന്നത് പോലെ തോന്നി .. കാര്യം വീട്ടിൽ മകളോ മരുമകനോ ഇല്ല ..ചായപാത്രം തൊട്ട് .. പഞ്ചസാര വരെ എവിടെയാ ഇരിക്കുന്നത് എന്ന് പോലും അറിയില്ല .. കണ്ണും അത്ര വശമില്ല .. ആകെ വീട്ടിൽ ഉള്ളത് താനും സ്വന്തം മകളുടെ മകനായ ശ്രീമാൻ കിച്ചുവും
അമ്മാമ്മ നിന്ന് പരുങ്ങുന്നത് കണ്ട്
ജവാൻ : കഴിക്കാനൊന്നും വേണ്ടാട്ടോ .. ഒരു ചായ മാത്രം മതി ..
അമ്മാമ്മ അതിനുത്തരമായി വളിച്ച മുഖത്തോടെ തലയാട്ടി ഒന്ന് ചിരിച്ചു
അടുക്കളയിൽ പോയി ഒന്ന് പരതി നോക്കി .. ചായപ്പൊടി .. പാൽ കണ്ടു പിടിച്ചു .. പഞ്ചസാര പാത്രം നോക്കി പക്ഷെ കഷ്ട കാലത്തിന് ഒരു തരി പഞ്ചസാര ആ വീട്ടിൽ ഇല്ല .
ഇനി ജവാന് പഞ്ചസാര വേണ്ടെങ്കിലോ ..
അമ്മാമ്മ : പഞ്ചസാര കുഴപ്പില്യാല്ലോല്ലേ
ജവാൻ : നന്നായി ഇട്ടോളൂ .. ഒരു കുഴപ്പവും ഇല്ല
അതോടെ അമ്മാമ്മയുടെ എല്ലാ സമാധാനവും പോയി.. .. ഇനി എന്ത് ചെയ്യും ..
മകളുടെ വീട്ടിൽ ആണെന്നത് പോട്ടെ, താൻ കാരണം സ്ഥലത്തെ മുഴുവൻ സമയ അഭിമാനിയും .. ചെറുകിട ജന്മിയും ആയ മരുമകന് നാണക്കേട് ഉണ്ടാകുന്നത് അമ്മാമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
വിനാശ കാലേ .. വിപരീത ബുദ്ധി .. പെട്ടന്നാണ് അമ്മാമ്മ വീട്ടിനു മുൻപിൽ ഗോട്ടി കളിച്ചു കൊണ്ടിരിക്കുക ആയിരുന്ന കിച്ചുവിനെ കണ്ടത് .. അവനെ പിന്നിൽ കൂടെ വിളിച്ച് .. സ്വന്തം പെങ്ങളുടെ മകൻ വന്നിട്ട് പോയപ്പോൾ മുറുക്കാൻ മേടിക്കാൻ തന്ന ചുളിഞ്ഞ പത്ത് രൂപ .. വെറ്റില മണക്കുന്ന മരപ്പെട്ടിയിൽ നിന്ന് എടുത്ത് കൊടുത്ത്, അടുത്തുള്ള കാതറിന്റെ കടയിൽ നിന്നും ഒരു കിലോ പഞ്ചസാര മേടിക്കാൻ പറഞ്ഞു
ഗോട്ടികളിയുടെ നടുവിൽ ഒരു ജോലി ഏൽപ്പിച്ചത് കിച്ചുവിന് അത്ര രസിച്ചില്ലെങ്കിലും വല്ലതും തടയാൻ ചാൻസ് ഉണ്ടോ എന്ന ഹിന്റ് കൊടുത്ത്
കിച്ചു : ബാക്കി എന്ത് ചെയ്യണം അമ്മാമ്മേ ..
അമ്മാമ്മ : ബാക്കി അധികം ഒന്നും ഇല്ല്യട .. ബാക്കിക്ക് നീ മുട്ടായി മേടിച്ചോ
( അക്കാലത്ത് പഞ്ചസാര കിലോക്ക് 9:00 രൂപ ആയിരുന്നു .. നമ്മടെ മൻമോഹൻ ഭരണം തുടങ്ങിയിട്ടില്ലായിരുന്നല്ലോ )
കിച്ചു കേട്ട പാതി കേൾക്കാത്ത പാതി സൈക്കിൾ എടുത്ത് കാദറിന്റെ കട ലക്ഷ്യമാക്കി കുതിച്ചു
മിനിട്ടുകൾക്ക് അകം കിച്ചു വീട്ടിനു പിന്നാലെ രണ്ടു പൊതിയുമായി ആണ് വന്നത് .. വായിൽ ഒരു മുട്ടായിയും ഉണ്ട്
അമ്മാമ്മ : ഇതെന്താടാ രണ്ടു പൊതി
കിച്ചു . ഇതിൽ ഒന്ന് മുട്ടായിയാ ..
അവിടെ അമ്മാമ്മയ്ക്ക് എന്തോ ഒരു പന്തികേട് തോന്നി
പാൽ തിളപ്പിച്ച് തേയിലയും ഇട്ടു മധുരം ഇടാൻ തുടങ്ങുമ്പോഴാണ് അമ്മാമ ശരിക്കും ഞെട്ടിയത് .. പഞ്ചസാരയ്ക്ക് പകരം അരി ..
ഒരു കിലോ പഞ്ചസാരക്ക് പകരം കിച്ചു വാങ്ങി വന്നത് കിലോക്ക് ഒരു രൂപ ഉള്ള നല്ല നാടൻ മട്ട അരി .. ബാക്കി ഒൻപത് രൂപയ്ക്ക് വിവിധ ബ്രാൻഡിൽ ഉള്ള പത്തു മുപ്പത് മുട്ടായികൾ
നിൻറെ അമ്മാമ്മയ്ക്ക് വായ്ക്കരി ഇടാനാണോ ഡാ കുരുത്തം കെട്ടവനെ ഈ ഒരു കിലോ അരി വാങ്ങികൊണ്ട് വന്നിരിക്കുന്നത് എന്ന് കണ്ണ് ഉരുട്ടി പയ്യെ ശാസിച്ച അമ്മാമ്മയെ നോക്കി കിച്ചു ഭൂലോകം മുഴുവൻ കേൾക്കു മാറ് കരഞ്ഞു കൊണ്ട് ഒരു അലർച്ച ആയിരുന്നു ..
കിച്ചു : .. മരിയാദക്ക് ഗോട്ടി കളിച്ചു കൊണ്ടിരുന്ന എന്നെ ബാക്കിക്ക് മുട്ടായി മേടിച്ചോ എന്നും പറഞ്ഞ് .. പഞ്ചസാര മേടിക്കാൻ പറഞ്ഞു വിട്ടിട്ട് .. ഇപ്പൊ മുട്ടായി വാങ്ങിച്ചപ്പോൾ .. ഞാൻ ചെയ്തത് മുഴുവൻ കുറ്റം .. എനിക്ക് ആരും ഇല്ല .ഈ ലോകത്ത് .ങീ .... ങീ ..
അമ്മാമ്മ ( മിണ്ടാതിരിക്കാൻ ആഗ്യം കാണിച്ച് ) : ഡാ മകനെ.. മെല്ലെ പറയെടാ .. മുൻപിൽ ഇരിക്കുന്നവർ കേൾക്കും
കിച്ചു : കേള്ക്കട്ടെ .. എല്ലാവരും കേള്ക്കട്ടെ .. നിങ്ങള്ക്ക് വല്ല കാര്യവും ഉണ്ടോ വഴിയിൽ കൂടെ പോവുന്നവരെ ഒക്കെ ചായ കുടിക്കാൻ വിളിച്ചിരുത്താൻ .. അതും വിളിക്കേണ്ട താമസം ഓരോരുത്തര് ഓസിനു ചായ കുടിക്കാൻ കയറി ഇരുന്നോളും ... ഞാൻ എന്ത് ചെയ്താലും ഈ വീട്ടിൽ കുറ്റം ..ങീ .... ങീ .. കിച്ചു ഏങ്ങി ഏങ്ങി .. കരഞ്ഞു
അൽപ സമയത്തിനകം പുറത്ത് ഗൈറ്റ് വലിഞ്ഞ് അടയ്ക്കുന്ന ശബ്ദം അമ്മാമ്മ കേട്ടു ..
ഉള്ള മാനവും പോയി .. കൂടെ ആകെ ഉണ്ടായിരുന്ന പത്തു രൂപയും ..
ഇനി സാക്ഷാൽ "കണ്ണൻ ദേവൻ " നെരിട്ട് വന്നാൽ പോലും ഞാൻ ചായക്ക് ക്ഷണിക്കില്ലൊ എന്റെ വേട്ടക്കെരുമ്മാ ... അമ്മാമ്മ ആരോടെന്നില്ലാതെ പറഞ്ഞു ..
ഹ ഹ ഹാ...അമ്മാമയുടെ അമളികള്‍ പോരട്ടെ അങ്ങനെ....
ReplyDeleteThis comment has been removed by a blog administrator.
ReplyDelete