Monday, July 13, 2009

മനുവിന്റെ ഫസ്റ്റ് ഷോ



അങ്ങനെ ക്രിസ്തു വിട വാങ്ങിയിട്ട് 1989 വര്ഷം .. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ....

കാശുള്ള വീട്ടിലെ പിള്ളേരുടെ വീട്ടിനു മുകളില്‍ കയറി എല്ലാ വ്യാഴാഴ്ചയും ( ചിത്രഗീതം .. രാത്രി 8 മണിക്ക് ) . ഞായറാഴ്ചയും ( സിനിമ 4 മണിക്ക് ) തെക്കോട്ടും . ബാക്കി ദിവസങ്ങളില്‍ വടക്കോട്ടും തിരിഞ്ഞിരിക്കാരുള്ള ആന്റീന.. അന്നും അയിലൂര്‍ ഭാഗത്ത് നിന്ന് വന്ന ചാവാലി കാക്കകള്‍ക്ക് കിന്നാരം പറയാനും കാര്യം സാധിക്കാനുമുള്ള വേദിയായി


ലക്ഷ്മി , സൌദാംബിക , ശ്രീകൃഷ്ണ ഇങ്ങനെ ഒന്നും രണ്ടും 3 തിയേറ്റര്‍ നെമ്മാറയില്‍ ഉണ്ടായിട്ടും ഓര്മ വച്ചതിനു ശേഷം അതില്‍ പോയി ഒരു സിനിമ കാണാനോ, എന്തിന് അതുള്ളില്‍ ഒന്ന് കയറി എത്തി നോക്കാനോ പോലും എന്‍റെ അയല്‍വാസിയായ മധുവിനോ അവന്റെ അനിയനോ ഭാഗ്യം ഇല്ലാതെ പോയത് , കാശില്ലാഞ്ഞിട്ടോ , ആഗ്രഹം ഇല്ലാഞ്ഞിട്ടോ അല്ല . സ്വന്തം അച്ഛന്‍ മാധവേട്ടന്റെ തീവ്രമായ സിനിമാ വിരോധം മൂലം ആണ്.

സ്വന്തം ഭാര്യയേയും കുട്ടികളേയും എതിര്‍ക്കുന്നത് പോരാഞ്ഞിട്ട് .. അയല്‍ വീട്ടുകളിലും പോയി കുട്ടികള്‍ സിനിമ കാണുന്നത് കൊണ്ടുള്ള ഭാവിഷ്യത്തിനെ പറ്റി ക്ലാസ്സ്‌ എടുത്ത് നമുക്ക് ആകപ്പാടെ ഒള്ള പൊറോട്ട യിലും കരിഓയില്‍ തെയ്ക്കുമായിരുന്ന മാധവേട്ടന്‍ വീട്ടില്‍ വരുന്ന അതിഥി കളോടും എന്തിന് എല്ലാ ശനിയാഴ്ചയും മുടങ്ങാതെ പിച്ചക്ക് എത്തുന്ന കൂനിത്തള്ളയോടും വരെ സിനിമയെ എതിര്‍ത്ത് സംസാരിക്കുമായിരുന്നു


"കേട്ടോ ശങ്കരാ ഞാനും എന്റെ പിള്ളേരും ഈ സിനിമ കാണാറേ ഇല്ല" എന്നിങ്ങനെ ആരംഭിച്ചാല്‍ ഒരു പത്തു പതിനഞ്ചു മിനിറ്റ് സിനിമ മുഴുവന്‍ വൃത്തി കേട് ആണ് , അത് പഠിക്കുന്ന കുട്ടികളെ വഴിതെറ്റിക്കും , അക്രമ വാസന വളര്‍ത്തും എന്നൊക്കെ ആയിരിക്കും സംസാരം. അതുകൊണ്ട് തന്നെ മാധവേട്ടന്‍ ഇങ്ങനെ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ തന്നെ
സ്വന്തം ഭാര്യ സരള ചേച്ചി ചായ കൊണ്ട് വന്ന് ടോപ്പിക്ക് തിരിച്ചു വിടുമായിരുന്നു.



അതിലും വലിയ പ്രതിസന്ധികളാണ് മധുവിന് സ്വന്തം സ്കൂളില്‍ നേരിടേണ്ടി വന്നത്.
സ്കൂളില്‍ മറ്റു കുട്ടികള്‍ തിങ്കളാഴ്ച ഇരുപതാം നൂറ്റാണ്ടിന്റെ കഥ വിസ്തരിച്ചു പറയുമ്പോള്‍ ഇളിഞ്ഞ ചിരിയോടെ എല്ലാം സഹിച്ചു കേള്‍ക്കുമായിരുന്ന മധു . പാലമാര ചോട്ടിലെ സമൂഹ മൂത്രപ്പുരയില്‍ പോയി തന്റെ വിധി ഓര്‍ത്ത് ആരും കാണാതെ ഏങ്ങിക്കരയുമായിരുന്നു.



ഒരു കണക്കിന് മാധവെട്ടനെയും പറഞ്ഞിട്ട് കാര്യം ഇല്ല .. മലയാള സിനിമ 'സത്യന്‍ ' ,' നസീര്‍' എന്നിവരുടെ വലയില്‍ നിന്ന് തെറിക്കുകയും ചെയ്തു .. എന്നാല്‍ 'മോഹന്‍ലാല്‍ ' , മമ്മൂട്ടി' എന്നിവരുടെ ചട്ടിയില്‍ വീണിട്ടുമില്ല.. എന്ന അവസ്ഥയില്‍ ഒരു നാലഞ്ചു വര്ഷം കൃത്യമായി പറഞ്ഞാല്‍ 1975 മുതല്‍ 1980 വരെ . മലയാള സിനിമയുടെ സുവര്‍ണ കാലമായിരുന്നില്ലേ അത് .. കൊച്ചി MG റോഡിലൂടെ പോലും പെണ്ണുങ്ങള്‍ പാവാടയും ധാവണിയും ഇട്ടു പുസ്തകം മാറത്തു ചേര്‍ത്ത് . താഴോട്ടു നോക്കിയാണ് നടന്നു നീങ്ങിയിരുന്നെങ്കില്‍ .. തിരശീലയില്‍ കന്നുപൂട്ടുകാരന്റെ മകള്‍ സീമചേച്ചി ഇട്ടാല്‍ രക്തോട്ടം നിലയ്ക്കുന്ന അത്ര ഇറുകിയ ട്രൌസേരും .. അതിനേക്കാള്‍ കടുകട്ടിയായ ഉടുപ്പും ഇട്ടല്ലേ പാട വരമ്പത്തൂടെ ഓടി വന്നിരുന്നത് .ഈയൊരു കാലത്ത് യൌവനം ചിലവഴിച്ച മാധവേട്ടന്‍ .. എങ്ങനെ പിള്ളേരെ മനസമാധാനത്തോടെ സിനിമയ്ക്ക്‌ പറഞ്ഞയക്കും ?


കാലം അങ്ങനെ വിവിധ കാലന്‍ മാരുടെ കൂടെ ഉള്ള പോക്ക് തുടര്‍ന്നു. അന്നും സിനിമ എന്നത് മധുവിന്റെ മോഹന സ്വപ്നത്തിന്റെ ആദ്യത്തെ ഷോയില്‍ ഫസ്റ്റ് ടിക്കറ്റ്‌ എടുത്ത് കോണ്‍ ഐസ് നക്കികൊണ്ട് നിന്നു .
1989 നവംബര്‍ മാസം ..നെന്മാറ പോലീസ് സ്റ്റേഷന്‍ വക അയ്യപ്പന്‍ വിളക്ക് ആയിരുന്നു അന്ന് . വിളക്ക് പ്രചരണാര്‍ത്ഥം പതിവ് പോലെ " ശ്രീകൃഷ്ണ സൌണ്ട്സ്‌ " എന്നെഴുതിയ ഒരു ഒന്നൊന്നര കോളാമ്പി ലൌഡ് സ്പീക്കര്‍, മധുവിന്റെ വീടിനു മുന്‍പിലെ തെങ്ങിന്റെ മുകളില്‍ ചെത്തുകാരന്‍ വേലായുധേട്ടനെ പോലെ കയറി ഇരുന്ന്. " പൂം കേട്ട്.. കെട്ട് കെട്ട് .. കന്നിസ്വാമി പള്ളിക്കെട്ട് " എന്നൊക്കെ ഉള്ള "ഭക്തി" നിര്‍ഭരമായ ഗാനങ്ങള്‍ വവ്വാല് പോലും ചെവി പൊത്തി പോവുന്ന ഡെസിബല്‍ സൌണ്ടില്‍ നിതാന്തം പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ഈ കാരണത്താല്‍ മധുവിന്റെ വീട്ടില്‍ അന്ന് മിക്കവാറും ആംഗ്യഭാഷയില്‍ ആയിരുന്നു ആശയം കൈ മാറിയിരുന്നത്‌. " ഇന്ന് രാവിലെ കൊഴുക്കട്ട മതിയോ " എന്ന് എങ്ങനെ ആംഗ്യ ഭാഷയില്‍ ചോദിക്കാം എന്ന് സംശയിച്ചു നിന്നിരുന്ന സരള ചേച്ചിയുടെ അടുത്ത് വന്ന് മാക്സിമം സൌണ്ടില്‍ മധു ഒരു പ്രസ്താവന ഇറക്കി. " ഇന്ന് ക്ലാസ്സില്‍ നിന്ന് കൂട്ടുകാര്‍ ആരാന്റെ മുല്ല കൊച്ചു മുല്ല എന്ന സിനിമയ്ക്കു പോകുന്നു . സമ്മതിക്കുമോ ഇല്ലയോ "



പുറത്തെ പാട്ടിന്റെ സൌണ്ടില്‍ അത് വെറും ഒരു കൊഞ്ഞനം കുത്ത് ആയി തോന്നിയ സരള ചേച്ചി "കേള്‍ക്കുന്നില്ല " എന്ന് ആക്ഷന്‍ കാട്ടി . വീണ്ടും സര്‍വ്വ ശക്തിയും എടുത്ത് മധു പറഞ്ഞു തുടങ്ങിയപ്പോളെയ്ക്കും പുറത്തെ പാട്ട് തീര്‍ന്നു . നെന്മാറ മുഴുവന്‍ കേള്‍ക്കുമാര് ആരാന്‍റെ .... എന്ന് വരെ പറഞ്ഞു മധു നിര്‍ത്തി.നെല്ലികുളങ്ങര കാവിന്റെ മുന്നിലുള്ള ആല്‍മരത്തില്‍ ഉച്ചമയക്കത്തില്‍ ലയിച്ചിരുന്ന പത്തു പതിനഞ്ചു കടവാതിലുകള്‍ " ഇവനൊന്നും ഒറന്ങാനും സമ്മതിക്കില്ല" എന്ന് ശപിച്ചു തലങ്ങും വിലങ്ങും പറന്നു പോയി. ടൂര്‍ ടൂ...ര്‍ പബ്ലിക്‌ പൈപ്പില്‍ നിന്നു വായു വരുന്ന സൌണ്ടിന്റെ അകമ്പടിയോടെ ഉടനെ അടുത്ത പാട്ട് തുടങ്ങി .


എന്തായാലും മധുവിന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ സരള ചേച്ചി .. ഇതൊന്നും തന്റെ ഡിപ്പര്റ്റ്‌മെന്റില്‍ വരില്ല എന്നും മുകളില്‍ നിന്നുള്ള ഉത്തരവ് മേടിച്ചിട്ട് എന്ത് വേണേ ആയിക്കോ എന്നും ആഗ്യഭാഷയില്‍ മധുവിനെ പറഞ്ഞു മനസ്സിലാക്കി.പൂതനാമോക്ഷം കഥകളി കാണുന്നത് പോലെ മധു അതെല്ലാം മനസ്സിലാക്കി . ഇനി അടുക്കളയില്‍ നിന്ന് നിരങ്ങിയിട്ടു കാര്യം ഇല്ല എന്ന് മനസ്സിലാക്കിയ മധു നേരെ ഉമ്മറത്ത്‌ പോയി . അവിടെ രണ്ടു ചെവിയിലും പഞ്ഞി തിരുകി നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു മയങ്ങുന്ന മാധവേട്ടന്റെ അടുത്ത് പോയി ഇത് അവതരിപ്പിച്ചാല്‍ പണ്ട് ട്രന്സ്ഫോര്‍മരിലെ തീപ്പൊരിയില്‍ ചൂട്ടു കുറ്റി കത്തിക്കാന്‍ പോയ കുടിയന്‍ ദിവാകരന്റെ അവസ്ഥ ആകും എന്ന് അറിയാവുന്നത് കൊണ്ട് , മധു അതിനു മെനക്കെട്ടില്ല . വലുതായി ജോലി ഒന്ന് കിട്ടിക്കോട്ടേ .ഓരോ ദിവസവും മൂന്ന് ഷോകളിലും തറ ടിക്കറ്റ്‌ തൊട്ടു ഫസ്റ്റ് ക്ലാസ്സ്‌ വരെ എല്ലാ ടിക്കറ്റും എടുത്ത് ഓരോ സീറ്റ്‌ തോറും ഓടി നടന്നു സിനിമ കാണും . മധു ശപഥം ചെയ്തു .


അങ്ങനെ ഇരിക്കെയാണ് മധുവിന്റെ കരളില്‍ കൂള്‍ ഡ്രിങ്ക്സ് ചൊരിയുന്ന ഒരു ന്യൂസ്‌ കേട്ടത് . സ്വന്തം അച്ഛന്‍ മാധവേട്ടന്‍ കര്‍ക്കിടകം ഒന്നിന് തിരുവില്വാമലയില്‍ പോകുന്നു.വടമാല , പാല്‍പായസം എന്ന വഴിപാടുകള്‍ക്ക് ഉച്ചപൂജ കഴിഞ്ഞേ പ്രസാദം കിട്ടു എന്ന കാരണത്തിലും . പഴയന്നൂര്‍ ഉള്ള സ്വന്തം ചേച്ചി യുടെ വീട്ടില്‍ സ്വല്പം കുടുംബ പ്രശ്നങ്ങള്‍ ഉള്ളതിനാലും . ഒരു ദിവസം ചേച്ചിയുടെ വീട്ടില്‍ നിന്ന് അടുത്ത ദിവസേ തിരിച്ചു വരൂ . മധു അന്ന് വരെ ഉള്ളുരുകി വിളിച്ചതിനേക്കാള്‍ സ്ട്രോങ്ങ്‌ ആയി " രാമാ... എന്ന് വിളിച്ചു പോയി .



കര്‍ക്കിടകം ഒന്ന് ..മാധവേട്ടന്‍ രാവിലെ എഴുന്നേറ്റ് . കൊതകുളത്തില്‍ ഒന്ന് പോയി മുങ്ങി. വേട്ടക്കെരുമനെ തൊഴുത്‌ . നാല് മണിക്ക് നെമ്മാറ - കോഴിക്കോട് "മയില്‍ വാഹനം " ബസില്‍ യാത്രയായി. മനു രാവിലെ എഴുന്നേറ്റപ്പോള്‍ .. അച്ഛന്‍ വീട്ടില്‍ ഇല്ല ... അമ്മയും ... അനുജനും മാത്രം "എന്തൊരു ശാന്തമായ വീട് ... എന്ത് മധുരമായ ജീവിതം... എന്നും ഇങ്ങനെയായാല്‍ എന്ത് രസായിരുന്നു " പെട്ടെന്ന് വീടിലെ ഒരേ ഒരു ഫിനാന്‍സ് സപ്പോര്‍ട്ട് ആയ അച്ഛന്‍ ഉണ്ടാവെണ്ടാതിനെക്കുറിച്ചുള്ള ആവശ്യകത ബോധ്യപ്പെടുകയും .. ആ ചിന്ത ഡിലീറ്റ് ചെയ്യുകയും ചെയ്തു.


എന്തുകൊണ്ടോ സരള ചേച്ചിയും അന്ന് വളരേ സന്തോഷവതിയായി കാണപ്പെട്ടു . ഇഡ്ഡലി യുടെ കൂടെ മാധവേട്ടന് ഇഷ്ടമില്ലാത്ത ചുവന്ന മുളകിട്ട് ചമ്മന്തി അരയ്ക്കുകയും . ഉച്ചയ്ക്ക് തക്കാളി രസം വയ്ക്കുകയും ചെയ്തു. അന്ന് മധുവിന് ആദ്യമായി രാവിലെ പത്രം വായിക്കാന്‍ കിട്ടി . ചൂട് പത്രത്തിന്റെ മാദക ഗന്ധം ഒരു മിനിറ്റ് മധു ആസ്വദിച്ചു . " പത്രം എന്നത് നവ വധുവിനെ പോലെയാണ് " എന്ന ചിന്തകള്‍ വന്നെങ്കിലും .. പിന്നെ ആ ചിന്തകളില്‍ സ്വന്തം അച്ഛനും , അനിയനും കഥാപാത്രങ്ങളായി വന്നപ്പോള്‍ ആ ചിന്തയെ മൂക്ക് ഞെളിച്ചു തലയാട്ടി മാറ്റി .പത്രത്തിന്റെ രണ്ടാം പേജ് നോക്കിയപ്പോളാണ് 19 ആം നൂറ്റാണ്ടിയില്‍ തോമസ്‌ ആല്‍വാ എഡിസന്റെ മുന്നില്‍ തിളങ്ങിയ പോലത്തെ ഒരു ബള്‍ബ്‌ മധുവിന്റെ തലച്ചോറിന്റെ അന്തര്‍ ഫിലമെന്റില്‍ തിളങ്ങിയത് .


നെന്മാറ ലക്ഷ്മി - കിരീടം - ദിവസേന മൂന്ന് കളികള്‍



പേര്‍സണല്‍ ആയി സോമന്‍ ഫാന്‍ ആയിരുന്ന സരള ചേച്ചി നാനയില്‍ ഇരുപതാം നൂറ്റാണ്ടിനെ കുറുച്ചുള്ള റിവ്യൂ വായിച്ചതോടെ മോഹന്‍ലാല്‍ ഫാന്‍ ആയി ട്രാന്‍സിഷന്‍ ആയിക്കൊണ്ടിരിക്കുന്ന സമയം ആയിരുന്നു അത് . ഒരു ടീമിലെ എല്ലാവരും ഒരു ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ എടുത്തു വച്ചപോലെ നടക്കും എന്നാണല്ലോ . കുടുംബ സമേതം ലക്ഷ്മിയില്‍ ഫസ്റ്റ് ഷോ ... പടം .. കിരീടം .. കഴിഞ്ഞ ഓണത്തിനു വാങ്ങിയ കോടികള്‍ ഇസ്തിരിപ്പെട്ടിയുടെ ഭ്രാന്തമായ ആവേശത്തില്‍ അടങ്ങി ഒരു നിശ്വസമെന്നോണം പുക പൊഴിച്ചു .



അമേരിക്കയില്‍ ലാണ്ട് ചെയ്യുന്ന ആന്ദ്രാക്കാരെ പോലെ ലക്ഷ്മി തിയെട്ടറിനുള്ളില്‍ പ്രവേശിച്ച മധു ഉടനെ തന്നെ തന്‍റെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവാനാകുകയും .. അനുജന്‍ മനുവിനെ " ആഹാ ചുടു കടല " എന്നെഴുതിയ രാജേട്ടന്റെ സൈക്കിള്‍ വണ്ടിയില്‍ 2 രൂപയ്ക്ക് കടല മേടിക്കാന്‍ പറഞ്ഞു വിടുകയും . അമ്മ സരള ചേച്ചിയെ ഒരിടത്തേയ്ക്ക് ഒതുക്കി നിര്‍ത്തുകയും ചെയ്തു . അപ്പോള്‍ കാതടപ്പിച്ചു കൊണ്ട് ക്രീ..... എന്ന സൌണ്ട് കേട്ടതോടെ കേന്ദ്ര ധനകാര്യ മന്ത്രി പ്രണവ് മുഖര്‍ജി ബഡ്ജെറ്റ് കൊണ്ട് പാര്‍ലമെന്റില്‍ വരുന്ന ഭാവത്തോടെ .. ചളുങ്ങിയ അലുമിനിയ പെട്ടിയില്‍ തിയേറ്റര്‍ ഓണര്‍ ഭാസ്കരേട്ടന്‍ ടിക്കെട്ടും കൊണ്ട് വന്ന് കമ്പി കൂട്ടില്‍ സ്ഥാനം ഉറപ്പിച്ചു. എലിമാളം പോലുള്ള ചെറിയ പോത്തിലൂടെ കൈ ഇട്ട് തന്‍റെ തൊട്ടു മുന്‍പില്‍ നിന്ന അപ്പാപ്പന്‍ പറഞ്ഞത് പോലെ മധുവും പറഞ്ഞു .. ഒരു സെക്കന്റ്‌ . പിന്നെയാണ് കൂടെ അമ്മയും അനുജന്‍ മനുവും ഉണ്ട് എന്ന് ഓര്‍ത്തത്‌ . അത് തിരുത്തി മൂന്ന് സെക്കന്റ്‌ ടിക്കെറ്റും എടുത്ത് .. ഒരു രൂപയുടെ രണ്ടു പൊതി വാങ്ങിക്കാതെ 2 രൂപയുടെ ഒറ്റ പൊതി കടല വാങ്ങിച്ച മനുവിനെ ചീത്തയും പറഞ്ഞ് , മധു ടിക്കറ്റ്‌ ചീന്താന്‍ കൊടുത്ത് തീയേറ്ററില്‍ പ്രവേശിച്ചു.



തിയേറ്ററില്‍ ആള് നിറഞ്ഞു തുടങ്ങുന്നതെ ഉള്ളു . ആകെ ഉള്ളവര്‍ 3 ആള്‍ക്ക് നീളമുള്ള സീലിംഗ് ഫാനുകളുടെ തൊട്ടു കീഴെ ഉള്ള സീറ്റുകളില്‍ അങ്ങിങ്ങായി ഇരിപ്പുറപ്പിചിരിക്കുന്നു . എവിടെ ഇരിക്കണം .. കണ്‍ഫ്യൂഷന്‍




ഇരിക്കാവുന്നതിലും ഏറ്റവും മുന്‍പിലുള്ള മൂന്ന് സീറ്റില്‍ മധുവും കുടുംബവും ഇരിപ്പുറപ്പിച്ചു . ഒണക്കിയ കോടി മുണ്ട് കീറുന്ന ശബ്ദത്തോടെ പടം ആരംഭിച്ചു. ലൈറ്റ്കള് എല്ലാം അണഞ്ഞു .. സംഭവം എല്ലാരും സീരിയസ് ആയി .. ആരോ എരിഞ്ഞു വലിക്കുന്ന സിഗരെട്ട് പുക അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു. മൂന്ന് ലോകവും മുപ്പത്തി മുക്കോടി ദൈവങ്ങളും ആ സ്ക്രീനില്‍ ഒതുങ്ങിയത് പോലെ മധുവിന് തോന്നി ഇതിനിടയ്ക്ക് തിയേറ്ററില്‍ വൈകി വന്ന രണ്ടു ചേച്ചിമാരെ ടിക്കറ്റ്‌ ചീന്തുന്ന ചേട്ടന്‍ ഒരു ടോര്‍ച്ച് കാണിച്ച് എവിടെയോ കൊണ്ടിരുത്തി . പിന്നെ ഒരു ഒന്നൊന്നര മണിക്കൂര്‍ മധു വേറെ ഒരു ലോകത്തായിരുന്നു. സ്കൂളില്‍ പോയി വിശദമായി കഥ പറയാന്‍ ഓരോ സംഭവവും ഓര്‍ത്തു വച്ചു. നടി പാര്‍വതിയുടെ സാരിയുടെ കളര്‍ വരെ .. സിനിമ തികച്ചും ഉദ്വേഗ ഭരിതമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്നു . സ്വന്തം അച്ഛന്റെ കാലു പിടിച്ച് സേതുമാധവന്‍ കീരിക്കാടന്‍ ജോസിനെ കൊല്ലാനായി പോകുന്നു . വായും പൊളിച്ചിരുന്ന മധുവിന്റെ വായടപ്പിച്ചു കൊണ്ട് " ഇന്റെര്‍വല്‍ " എന്ന് സ്ക്രീനില്‍ വന്നു വീണു .അതിനായി കാത്തിരുന്ന പോലെ സകലമാന ആണുങ്ങളും പല "അത്യാവശ്യങ്ങള്‍" ക്കായി തലങ്ങും വിലങ്ങും എഴുന്നേറ്റു പോയി . മധു അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കി . അമ്മയോട് സിനിമ എങ്ങനെ ഉണ്ട് എന്ന് ചോദിക്കാം എന്ന് തിരിഞ്ഞപ്പോള്‍ കണ്ടത് വായും പൊളിച്ചു ഉറങ്ങുന്ന സരള ചേച്ചിയെ ആണ് . രാവിലെ രണ്ടു മണിക്ക് എഴുന്നേറ്റു ബ്രേക്ക്‌ഫാസ്റ്റും ചോറും കൂട്ടാനും വച്ച് പൊതിഞ്ഞു കെട്ടി ഭര്‍ത്താവിനെ 4 മണിക്കത്തെ ബസ്സില്‍ കയറ്റി വിട്ട അമ്മയെ ഒന്നും പടത്തിന് വിളിച്ചോണ്ട് വരരുത് എന്ന് മധു ഓര്‍ത്തു . 6 രൂപ വേസ്റ്റ് .


പെട്ടെന്നാണ് അടുത്തിരുന്ന സ്വന്തം അനുജന്‍ മനുവിന്റെ സീറ്റ്‌ ഒഴിഞ്ഞു കിടക്കുകയാണ് എന്ന നഗ്ന സത്യം മധു മനസ്സിലാക്കിയത് . മൂത്രം ഒഴിക്കാന്‍ പോയതായിരിക്കും എന്ന് കരുതി " exit " എന്ന് ചുവന്ന ബള്‍ബ്‌ കൊണ്ട് എഴുതിയ വാതില്‍ നോക്കി മധു കുറച്ചു നേരം കാത്തിരുന്നു .. പക്ഷെ പലരും കോണ്‍ ഐസ് , കപ്പലണ്ടി , ചോളപ്പൊരി , മുറുക്ക് , ചായ ഇത്യാതി വസ്തുക്കളുമായി വാതില്‍ കടന്നു വരുന്നതല്ലാതെ .. നമ്മുടെ മനുവിന്റെ പച്ച ഷര്‍ട്ട്‌ മാത്രം കാണാനില്ല. ഹൃദയത്തില്‍ എവിടെയോ ഒരു ചെറിയ ഉറുമ്പ് കടിച്ച പോലെ



അമ്മയോട് പറയണോ ? അല്ലെങ്കില്‍ വേണ്ട .. അവനെ തപ്പാന്‍ പറഞ്ഞു വിട്ടാല്‍ ... അതിനിടയില്‍ പടം തുടങ്ങിയാല്‍ .. അനിയന്മാര്‍ ഇനിയും ഉണ്ടാകും .. പക്ഷെ സിനിമ .. അത് സ്വന്തമായി ജോലി കിട്ടാതെ തനിക്കു കാണാന്‍ കഴിയോ ? അന്ന് ഈ കിരീടം അന്ന് ഏതെങ്കിലും തിയേറ്ററില്‍ കളിക്ക്യോ ? മധുവിന്റെ ബുദ്ധി ന്യായങ്ങള്‍ നിരത്തി . പടം തുടര്‍ന്നു .. . സരള ചേച്ചി നല്ല ഉറക്കമാണ് .മധു പടം കാണുന്നുണ്ട് എങ്കിലും പഴയ പോലെ ഒരു സുഖം ഇല്ല . മുടി വെട്ടിയിട്ട് കുളിക്കാതെ കിടന്ന പോലെ ഒരു അസ്വസ്ഥത മധുവിനെ വേട്ടയാടി. എവിടെ പോയാലും ഇനി വയറിളക്കം ആണെങ്കിലും ഇത്ര സമയം എടുക്കില്ല ..പിള്ളേര്‍ പിടുത്തക്കാരായ ചാക്ക് മാപ്ല മാരുടെ സീസണ്‍ ആണ് . ഇനി ഇത് താങ്ങാന്‍ വയ്യ . മധുവിന്റെ ഹൃദയം മുല്ല പെരിയാര്‍ തുറന്നു വിട്ടത് പോലെ രക്തം ചീറ്റാന്‍ തുടങ്ങി. അവന്‍ പതുക്കെ സരള ചേച്ചിയെ വിളിച്ചു കാര്യം ധരിപ്പിച്ചു . അപ്പോള്‍ സ്ക്രീനില്‍ കീരിക്കാടന്‍ ജോസി ന്റെ ആള്‍ക്കാര്‍ സേതുമാധവന്റെ വീട്ടില്‍ കയറി ഉപദ്രവിക്കുന്നതും .. വീട്ടുകാര്‍ ബഹളം ഉണ്ടാക്കുന്നതുമായ സീന്‍ ആയിരുന്നു ഉറക്ക ചടവില്‍ കാര്യം കേട്ട സരള ചേച്ചി പിടഞ്ഞെഴുന്നേറ്റു ഒരു അലര്‍ച്ച ആയിരുന്നു. ഡോള്‍ബി സറൌണ്ട് എഫ്ഫക്റ്റ്‌ ആയിരിക്കും അത് എന്ന് കരുതിയ മറ്റു പ്രേക്ഷകര്‍ ആ അലര്‍ച്ച അത്ര കാര്യം ആക്കിയില്ല .


ഓടി തിയേറ്ററിനു പുറത്തു എത്തിയ സരള ചേച്ചിയും മധുവും പലരോടും ഒരു ചാണ പച്ച ഷര്‍ട്ട്‌ ഇട്ട കുട്ടിയെ പറ്റി തിരക്കി. അപ്പോളാണ് കടലക്കാരന്‍ രാജേട്ടന്‍ ഒരു പച്ച ഷര്‍ട്ട്‌ ഇട്ട കുട്ടി ഒരു വെള്ള അംബാസിടര്‍ കാറില്‍ കയറി പൊള്ളാച്ചി സൈഡ് ലേയ്ക്ക് പോകുന്നത് കണ്ടു എന്ന് പറയുന്നത്. ഇത് കേട്ടതോടെ സരള ചേച്ചി റോഡില്‍ ഇരുന്നു പോയി . അടുത്ത് ഇരുന്ന അനുജനെ നോക്കാതെ സിനിമ കണ്ടിരുന്നതിന് മധുവിനെ വായില്‍ വന്നത് എല്ലാം പറഞ്ഞു . ഉടനെ നാട്ടുകാര്‍ സരള ചേച്ചിക്ക് ഒരു സോഡാ കൊടുത്ത ശേഷം ഒരു ഓട്ടോ പിടിച്ച് മധുവിന്റെ കൂടെ പരമേശ്വരന്‍ ഡോക്ടറുടെ അടുത്തേയ്ക്ക് അയച്ചു അതിനു ശേഷം അമ്മയെ വീട്ടിലാക്കി നെമ്മാറ " സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ " ഒരു പരാതി കൊടുക്കാന്‍ തീര്‍മാനമായി



ഡോക്ടറെ കണ്ടു മടങ്ങി വരുമ്പോള്‍ ഓട്ടോയില്‍ ഇരുന്നു മധു സ്വയം ശപിച്ചു.അച്ഛന്റെ സംഹാര താണ്ടവം കാണാന്‍ നില്‍ക്കാതെ എങ്ങോട്ടെങ്ങിലും ഓടിപ്പോയാലോ എന്ന് വരെ മധുവിന് തോന്നി . " 7 വയസ്സുള്ള ബാലനെ കാണ്മാനില്ല " എന്ന വാര്‍ത്ത പത്രത്തില്‍ വരുന്നത് മനസ്സില്‍ കണ്ടു. "അവന്റെ ഒടുക്കത്തെ ഒരു സിനിമ കാണല്‍ . അവന്റെ .തള്ളയെ കെട്ടിക്കാന്‍ ".. എന്നൊക്കെ പിറ് പിറുത്തു കൊണ്ട് സരള ചേച്ചി ഓട്ടോയില്‍ ഉള്ള സൌകര്യത്തിനു ചാഞ്ഞു കിടന്നു . മധുവിന് ഹൃദയത്തില്‍ ഒരു അഗ്നി പര്‍വതം പൊട്ടി സപ്ത നാഡികളിലൂടെയും ലാവ ഒലിച്ചിറങ്ങി നില്‍ക്കുന്ന സിറ്റുവേഷന്‍ .. അവന്‍ ഓട്ടോയില്‍ ഇരുന്നു അനന്തമായ പാട വരമ്പുകളെ നോക്കി കരഞ്ഞു


വീട്ടിലെത്തി സരള ചേച്ചിയെ പിടിച്ചിറക്കി ഓട്ടോക്ക് കാശ് കൊടുക്കാന്‍ തിരിഞ്ഞപ്പോ കണ്ട കാഴ്ച..അത് കണ്ടപ്പോള്‍ .സന്തോഷവും ..ദേഷ്യവും.. മധുവിന്റെ ഹൃദയത്തിന്റെ വാല്വിനുള്ളില്‍ സോഡയും സര്‍ബത്തും പോലെ നിറഞ്ഞൊഴുകി .കാറില്‍ പൊള്ളാച്ചി പോയ അനുജന്‍ 'മനു' അവിടെ ഉണ്ണി കൃഷ്ണന്റെ അനുജന്‍ സുരേഷിന്റെ കൂടെ സേപ്പി കളിച്ചു കൊണ്ടിരിക്കുന്നു .. ഓട്ടോ കണ്ട ഉടനെ " നിങ്ങള്‍ എന്താ ഇത്ര വൈകിയേ " എന്ന് ചോദിച്ചു കൊണ്ട് ഓടി വന്ന മനുവിനോട് നാട്ടുകാര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ..



"ഇന്റെര്‍വല്‍ " ആയപ്പോ എല്ലാവരും എഴുന്നേറ്റു പോകുന്നത് കണ്ടു സിനിമ തീര്‍ന്നെന്നു കരുതി അവന്‍ തീയെട്ടറിനു പുറത്തു ഇറങ്ങി നിന്നത്രേ .. അപ്പോളാണ് അടുത്ത വീട്ടിലെ രാഘവേട്ടന്‍ കാറില്‍ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞു തിരിച്ചു വരുന്നത് കണ്ടത് . വര്‍ഷത്തിലൊരിക്കല്‍ ശബരിമലക്ക് പോകാന്‍ മാത്രം കാറില്‍ കയറിയിരുന്ന മനുവിന് രാഘവേട്ടന്റെ "വീട്ടിലേയ്ക്കൊരു റൈഡ്" ഓഫര്‍ തിരസ്കരിക്കാന്‍ കഴിയുമായിരുന്നില്ലത്രേ



" മനുഷ്യന്‍ ആറ്റു നോറ്റു ഒരു സിനിമയ്ക്ക്‌ പോകുമ്പോള്‍.... അവന്റെ ഒരു ...പു ( ന്നാര ) മോന്‍ ..ഇവനെ ഒക്കെ പോത്തുണ്ടി ഡാം വരെ ഓടിച്ചിട്ട് തല്ലണം


... . " ഓട്ടോയില്‍ ചാരി നിന്നിരുന്ന അമ്മയെ താങ്ങി എടുത്ത് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ മധു പിറ് പിറുത്തു കൊണ്ടിരുന്നു ..





Friday, July 10, 2009

ഉണ്ണികൃഷ്ണന്റെ ഹോബി

പണ്ട് ... എന്ന് വച്ചാല്‍ ഈ കൊച്ചു കേരളത്തില്‍ TV എന്ന അത്ഭുത വസ്തു ഉടലോടെ അവതരിക്കുന്നതിനും മുന്‍പ് വിനോദത്തിനായുള്ള ഞങ്ങളുടെ നാട്ടിലെ ക്ടാങ്ങള്ടെ പ്രധാന ആശ്രയം ഓടിതോട്ടു കളി , ആകാശം ഭൂമി , ഏറുപന്ത് ,പൂമ്പാറ്റ , അമര്‍ചിത്ര കഥ ഇവയൊക്കെ ആയിരുന്നു. മിക്കവാറും പൂമ്പാറ്റ യില്‍ ഒരു ശ്യാം ലാല്‍, ഭീം സിംഗ് , ഭോജ മഹാരാജാവ് എന്നൊക്കെ ഇവിടെ എങ്ങും കേട്ട് കേള്‍വി ഇല്ലാത്ത കുറെ പേരുകളില്‍, നന്മ ജയിക്കും തിന്മ പരാജയപ്പെടും എന്നൊക്കെ ഉള്ള തീം വച്ച് പേര് മാത്രം മാറ്റി വന്ന പല കഥകളും വായിച്ച് , അനൌണ്‍സ്മെന്റ് ഇല്ലാത്ത വെടിവഴിപാട് പോലെ വേസ്റ്റ് ആയി നീങ്ങി കൊണ്ടിരുന്ന എന്റെ ബാല്യകാലത്തെ ഉറ്റ മിത്രവും സോള്‍ ഗടിയും ആയിരുന്നു അയലത്തെ വീട്ടിലെ ശാന്ത ചേച്ചിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍.


കാര്യം എന്റെ തോളിന്റെ അത്ര വലിപ്പമേ അവനു ഉണ്ടായിരുന്നെകിലും അവനെ മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തനാക്കുന്ന ചില ശീലങ്ങള്‍ അവനു കുട്ടികളുടെ ഇടയിലെ മാര്‍ക്കറ്റ്‌ വാല്യൂ കുത്തനെ കൂട്ടുവാന്‍ ഇടയാക്കി . അതിലൊന്നാണ് പ്രാണി കയറ്റുമതി സര്‍വീസ് . പല സ്ഥലത്ത് നിന്നും പിടിക്കുന്ന അധികം ചട(മൊട) റോള്‍ കാണിക്കാത്ത പച്ച കുതിര , പാറ്റ , കരണ്ടു പോകുമ്പോള്‍ മെഴുകുതിരിയില്‍ തീക്കളി നടത്താന്‍ വരുന്ന കറുത്ത വണ്ട്‌ , പലപ്പോഴും ടുബിന്റെ താഴെ കാണപ്പെടുന്ന നിരുപദ്രവകാരി ആയ ചെറിയ എട്ടുകാലി, ഇതിലേതെങ്കിലും ജീവികളെ ജന്മനാ കിട്ടിയ കഴിവ് കൊണ്ട് ഇരുന്നും കിടന്നും വേണമെങ്കില്‍ മരം കേറിയും പിടിച്ച് ഒരു കാലി തീപ്പെട്ടി കൂടില്‍ ആക്കി ചിറ്റിലഞ്ചേരി , വിതനശ്ശേരി , അയിലൂര്‍ തുടങ്ങിയ അയല്‍ ദേശങ്ങളില്‍ കൊണ്ട് പോയി തുറന്നു വിടുക എന്ന വിശാല വീക്ഷണവും വ്യത്യസ്ഥവും ആയ ഹോബി അവനു എങ്ങനെ കിട്ടി എന്ന് ഞങ്ങള്‍ പലപ്പോഴും ചിന്തിക്കാതിരുന്നില്ല.


ഉണ്ണികൃഷ്ണന്റെ കെണിയില്‍ അകപ്പെട്ടു കഴിയുമ്പോള്‍ ,താന്‍ പടം ആയി എന്ന് വിശ്വസിച്ചു തീപ്പെട്ടി ശവപ്പെട്ടിയില്‍ കയറുന്ന പ്രാണികള്‍ ഒരു സര്‍പ്രൈസ് നല്‍കി കൊണ്ട് ഉണ്ണികൃഷ്ണന്‍ തുറന്നു വിടുമ്പോള്‍ " ഇതെവിടുന്ന വന്നെ " എന്ന് വിയറ്റ്നാം കോളനി യില്‍ ഇന്നസെന്റ് നോക്കുന്ന പോലെ ഒരു നോട്ടം നോക്കി വീണ്ടും നെമ്മാറ യ്ക്കുള്ള വഴി തപ്പുകയോ ? അവിടെ തന്നെ ഒരു ചിന്ന വീട് സെറ്റപ്പ് ആക്കുകയോ ആയിരുന്നു പതിവ്. ഇതൊക്കെ ആണെങ്കിലും " എന്നെ കൊണ്ട് ഇതൊക്കെയേ ചെയ്യാന്‍ കഴിയൂ " എന്ന റോളില്‍ നിന്ന ഉണ്ണികൃഷ്ണന്‍ തന്റെ പ്രാണി കടത്ത് നിര്ബോധം തുടര്‍ന്ന് കൊണ്ടിരുന്നു



അങ്ങനെ ഇരിക്കെ ഒരു വിഷുക്കാലം , രാവിലെ അമ്മ തന്ന ഏഴ് ഇഡ്ഡലി യും സാമ്പാറും ചട്നിയും .. കൂടെ നെമ്മാറ വേലയ്ക്കു വറുത്ത നല്ല കായുപ്പെരിയും കഴിച്ചു ഇനി എന്ത് ചെയ്യും എന്ന ചിന്തയോടെ ഒന്ന് വീട്ടിനു പുറത്തിറങ്ങിയതായിരുന്നു ഞാന്‍ . അപ്പോഴാണ് നമ്മുടെ ഉണ്ണികൃഷ്ണന്‍ അവന്റെ വീട്ടിനു മുന്നിലെ കനാലിന്റെ ഓരത്ത് കുത്തി ഇരുന്ന് , കെട്ടിക്കാന്‍ പ്രായമുള്ള ഒരു ഒന്നന്നര മുഴുപ്പുള്ള പാറ്റയെ പിടിച്ച് തീപ്പെട്ടി കൂടില്‍ കയറ്റുന്നു . " ഇന്ന് ഞാന്‍ വല്ലങ്ങിക്ക് പോണു ഡാ അവിടെ 100 ഓലപ്പടക്കം 2 രൂപയ്ക്ക് കിട്ടും , നല്ല അമരം .. കതന പൊട്ടുന്ന സൌണ്ടാ ... നീ വരുണുവോ " എന്ന അവന്റെ ചോദ്യത്തിന് എന്തായാലും ഇനി ഒരു രണ്ടു രണ്ടര മണിക്കൂര്‍ കഴിയാതെ വിശക്കില്ല എന്ന് കണക്കു കൂട്ടിയ ഞാന്‍ അവന്റെ കൂടെ വല്ലങ്ങിക്ക് പോകാന്‍ തീര്‍മാനിച്ചു

പോകുന്ന വഴിയില്‍ ഞങ്ങളെ 5 ആം തരം വരെ പഠിപ്പിച്ച കുമാരന്‍ മാഷ്‌ വഴിയില്‍ പിടിച്ചു നിര്‍ത്തി ഗുരു ഭക്തി പ്രകടം ആക്കാന്‍ ഞങ്ങള്‍ക്ക് ഒരു അവസരം തന്നു . ഒരു 5 രൂപ കയില്‍ വച്ച് തന്നിട്ട് , വരുന്ന വഴിക്ക് 1 പാക്കറ്റ് സിസര്‍ ചാംസ് .. ആ മമ്മതിന്റെ കടയില്‍ നിന്ന് . ഞങ്ങളുടെ വിദ്യാഭ്യാസത്തിലും കഴിവിലും നല്ല വിശ്വാസം ഉള്ളത് കൊണ്ട് തന്റെ ബ്രാന്റ് ഉറപ്പാക്കാനായി ഒരു കാലി പാക്കറ്റ് ഉം തന്നു വിട്ടു

നടക്കുന്നതിനിടയ്ക്ക് ഉണ്ണികൃഷ്ണന്‍ തന്റെ ഹോബിയെ ക്കുറിച്ച് വാചാലന്‍ ആയി . നമ്മള്‍ പല പല നാടുകള്‍ കാണുന്നത് പോലെ പ്രാണികള്‍ക്കും ആഗ്രഹം ഉണ്ടാവും എന്നും .. അതിനായി കാത്തു കഴിയുന്ന പ്രാണികള്‍ക്കു തന്നെ കൊണ്ട് ആവുന്ന വിധം സഹായിക്കുന്നു എന്നും മറ്റും പറഞ്ഞു നടന്ന ഉണ്ണികൃഷ്ണന്‍ ലക്ഷ്മി തിയേറ്റര്‍ വളവു കഴിഞ്ഞപ്പോ പെട്ടെന്ന് ഒന്ന് നിന്നു .. അവന്‍ ചെയ്യുന്ന സല്‍കര്‍മ്മത്തിന്റെ മൂല്യം ഓര്‍ത്ത് വാപൊളിച്ചു നടന്ന ഞാന്‍ പെട്ടെന്ന് അവനെ നിര്‍ത്തിയ പ്രേരക ശക്തിയെ ഒന്ന് നോക്കി. തൊട്ടു മുന്‍പില്‍, ഷാപ്പ്‌ വിട്ട്ടാല്‍ കള്ള് ചെത്ത്‌..കള്ള് ചെത്ത്‌ വിട്ടാല്‍ ഷാപ്പ്‌ എന്ന രീതിയില്‍ വളരേ മാന്യമായി ജീവിതം നയിച്ചിരുന്ന അവന്റെ അച്ഛന്‍ വേലായുധേട്ടന്‍ തന്റെ സ്വത സിദ്ധമായ "കൃഷ്ണന്‍ കുട്ടി നായര്‍" സ്റ്റൈലില്‍ നടന്നു വരുന്നു.


"എങ്ങോട്ട് പോണു" " എന്തിനു പോണു" "പൈസ എവിടുന്നു കിട്ടി" എന്നതിനൊന്നും വ്യക്തമായ ഉത്തരം നല്‍കാത്ത ഉണ്ണികൃഷ്ണന് എന്ത് ശിക്ഷ വിധിക്കും എന്ന ചിന്ത കുഴപ്പത്തില്‍ ഇരുന്ന വേലായുധേട്ടന്‍ അപ്പോഴാണ്‌ കീശയില്‍ മുഴച്ചു നില്‍ക്കുന്ന പൊട്ടിച്ച സിസര്‍ ചാംസ് കൂടും , രണ്ടു കിളികളുടെ ചിത്രം ഉള്ള തീപ്പെട്ടി കൂടും കണ്ടത് . ഒരു നിമിഷം കൊണ്ട് നാഗവല്ലിയുടെ പുരുഷ സ്വരൂപം ആയ വേലായുധേട്ടന്‍ ഒരു അലര്‍ച്ച ആയിരുന്നു. ഒരു നിമിഷം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നും പിടി കിട്ടിയില്ല .. " ഡാ നീ ആയോ ? നീ ആയോഡാ ഇതിനൊക്കെ " എന്നൊക്കെ കേട്ടപ്പോള്‍ എന്റെ സംശയം തെറ്റിയില്ല .വേലായുധേട്ടന്‍ മകനെ സിസര്‍ വലി ശീലം തുടങ്ങി എന്ന് സംശയിച്ചിരിക്കുന്നു . ഉണ്ണികൃഷ്ണന്‍ എന്തെങ്കിലും പറയാന്‍ ഒരുങ്ങും മുന്‍പേ അവന്റെ പോക്കറ്റില്‍ കയ്യിട്ടു തീപ്പെട്ടിയും സിസറും കൈക്കലാക്കി ക്ലൈമാക്സ്‌ പൂര്‍ത്തിയാക്കാന്‍ റെഡി ആയി നിന്ന വേലായുധേട്ടനെ കണ്ടതോടെ ഇനി അവിടെ നിന്നാല്‍ ശരിയാകില്ല എന്ന് തലച്ചോറില്‍ നിന്നു സന്ദേശം കിട്ടിയ ഉണ്ണികൃഷ്ണന്‍ അവിടുന്ന് . ഇന്‍ ഹരിഹര്‍ നഗറില്‍ മുകേഷ് ഓടുന്നത് പോലെ ഒറ്റ ഓട്ടം ഓടി . പിറകെ ഞാനും . രണ്ടു പേരും പാടത്തിന്റെ വരമ്പത്തുകൂടെ ഓടി അവിടെ പുതുതായി ഉയരുന്ന കെട്ടിടത്തിന്റെ പിന്നില്‍ ഒളിച്ചിരുന്നു .


പിടിവലിയില്‍ താഴെ വീണ തോര്‍ത്ത്‌ എടുത്ത് തലയില്‍ കെട്ടി വേലായുധേട്ടന്‍ നേരെ അടുത്തുള്ള മമ്മതിന്റെ പെട്ടിക്കട ലക്‌ഷ്യം ആക്കി നീങ്ങി. അവിടുന്ന് ഒരു പാക്കറ്റ്‌ കാജ ബീഡി വാങ്ങി . സീന്‍ അങ്ങനെ പോകുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഇനി നടക്കാന്‍ പോകുന്ന ആന്റി ക്ലൈമാക്സ്‌ നെ ക്കുറിച്ച് ഒരു മിന്നായം മിന്നി എന്നത് നേര്


മമ്മതിനോട് വിശേഷം പറഞ്ഞു വേലായുധേട്ടന്‍ ബീഡി ചുണ്ടില്‍ വച്ച് തീപ്പെട്ടി തുറന്നു കൈ ഇട്ടതും " ശ്‌ു‌ു‌ " എന്ന ശബ്ദത്തോടെ പാറ്റ പുറത്തു ചാടിയതും ഒരുമിച്ചായിരുന്നു . തികച്ചും അപ്രതീക്ഷിതമായ ആ പ്രതിഭാസത്തില്‍ പകച്ചു നിലത്തു ഇരുന്നു പോയ വേലായുധേട്ടനെ മമ്മതും വേറെ നാട്ടുകാരും എല്ലാരും കൂടെ ചേര്‍ന്ന് ഒരു സോഡാ കുടിപ്പിച്ചു. എന്ത് പറ്റി, എന്താ സംഭവം എന്നിങ്ങനെ യുള്ള കാഷ്വല്‍ ചോദ്യങ്ങള്‍ എല്ലാരും അങ്ങോട്ടും തിരിച്ചും ചോദിച്ചു . അപ്പോള്‍ അത് വഴി പോയ ഫൈവ് സ്റ്റാര്‍ ബസ്‌ ഒന്ന് സ്ലോ ആക്കി അതിലുള്ള ആബാല വൃദ്ധം ജനങ്ങള്‍ പുറത്തേയ്ക്ക് ഒരു ലുക്ക്‌ കൊടുത്തു . ബസ്സിന്റെ മറ്റേ സൈഡില്‍ ഇരിക്കുന്നവര്‍ ഈ നോക്കുന്നവരോടു എന്താ കാര്യം എന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചു . എന്താ കാര്യം എന്ന് ആര്‍ക്കും മനസ്സിലായില്ല . പക്ഷെ വേലായുധന് നന്നായി മനസ്സിലായിരുന്നു .


അന്ന് രാത്രി വേലായുധന്‍ പതിവ് തെറ്റിച്ചു ഉണ്ണികൃഷ്ണന്റെ വീടിലെത്തി . അവന്റെ നാട് കടത്തല്‍ ഹോബി കാരണം വിരഹിണികളായ എല്ലാ പാറ്റ , പച്ചക്കാള , എട്ടുകാലി തരുണി മണികളുടെയും . അമ്മ നഷ്ടപ്പെട്ട പിഞ്ചു പൈതലുകള്ടേയും പ്രാക്ക് ഉണ്ണികൃഷ്ണനില്‍ വേലായുധന്‍ മുഖേന അടിയുടെ രൂപത്തില്‍ വര്‍ഷിക്കപ്പെട്ടു . ലുണാര്‍ ചെരുപ്പ് കൊണ്ട് അടിച്ചു കൊന്ന പാറ്റയെ പോലെ ആയ അവന്റെ പിറ്റേന്നത്തെ മുഖഭാവം കണ്ട് നെന്മാറയിലെ സകല പ്രാണി വര്‍ഗ്ഗവും ആ ദിനം " വിജയ്‌ ദിവസ് " എന്ന പേരില്‍ കൊണ്ടാടാന്‍ തീരമാനിച്ചു കാണണം